കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

Thursday 9 April 2015 9:15 pm IST

ന്യൂദല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച് എതിര്‍ത്തും അനുകൂലിച്ചും നിലപാടു തുടരുന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെ അവഗണിച്ചുകൊണ്ട് പുനരധിവാസ പ്രക്രിയയുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ പിന്നോട്ടുപോക്കില്ലെന്ന് സിആര്‍പിഎഫിന്റെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി കശ്മീര്‍ താഴ്‌വരയില്‍ പ്രത്യേക മേഖലകളിലായി ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മുഫ്തി മുഹമ്മദ്-രാജ്‌നാഥ്‌സിങ് കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു. ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ഈ തീരുമാനത്തെ അംഗീകരിച്ച് ബുധനാഴ്ച നിയമസഭയില്‍ സംസാരിച്ച മുഫ്തി സെയ്ദ് ഇന്നലെ നിലപാട് മാറ്റിയതാണ് വിവാദമായത്. ഇത്തരത്തില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കില്ലെന്ന് മുഫ്തി സെയ്ദ് നിയമസഭയെ അറിയിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പ്രക്രിയയ്ക്കായി ഭൂമി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുഫ്തിയോട് ആവശ്യപ്പെട്ടിരുന്നു. ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഇതംഗീകരിച്ച മുഫ്തി എന്നാല്‍ ഇന്നലെ അതും മാറ്റിപ്പറഞ്ഞു. പണ്ഡിറ്റുകള്‍ക്ക് പ്രത്യേക ഭൂമിയില്‍ ഒരുമിച്ചു താമസിക്കാനാവില്ലെന്നും അവര്‍ക്ക് മറ്റു കശ്മീരികള്‍ക്കൊപ്പം ഒരുമിച്ചു താമസിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കത്തെ ജമ്മുകശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും വിഘടനവാദ സംഘടനകളും ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഇസ്രായേല്‍ മാതൃകയില്‍ പ്രത്യേക രാജ്യം സ്ഥാപിക്കുന്ന പ്രക്രിയയ്ക്കാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശത്ത് തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുമെന്നാണ് കശ്മീരിപണ്ഡിറ്റുകള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 62,000 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഴിയുന്നത്. ഭീകരവാദം ശക്തിപ്രാപിച്ച 1989 കാലഘട്ടത്തിലാണ് ഇവര്‍ ജമ്മു, ദല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള മറ്റു പ്രദേശങ്ങളിലേക്ക് സ്വത്തുവകകള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. 2015-16ലെ കേന്ദ്ര പൊതുബജറ്റില്‍ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 580 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന യാതൊരു ഒത്തുതീര്‍പ്പുകളും ബിജെപിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടെന്ന് മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.