ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് ഇരട്ടിയായി

Thursday 9 April 2015 9:24 pm IST

തൊടുപുഴ: സഞ്ചാരികളുടെ മനംകവര്‍ന്ന് ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകള്‍ സജീവമാവുകയാണ്. സഞ്ചാരികളുടെ വരവില്‍ വന്‍വര്‍ധനവാണ് അടുത്തനാളുകളില്‍ ഉണ്ടായിരിക്കുന്നത്. മൂന്നാര്‍, തേക്കടി, വാഗമണ്‍, രാമക്കല്‍മേട് എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സഞ്ചാരികള്‍ എത്തി. വാഗമണ്ണില്‍ 2014-15 കാലയളവില്‍ എത്തിയത് 4,86,800 സഞ്ചാരികളാണ്. മുന്‍ വര്‍ഷം എത്തിയത് 2,91,999 പേര്‍ മാത്രമാണ്. 1.94 ലക്ഷത്തോളം സഞ്ചാരികളാണ് വാഗമണ്ണില്‍ അധികമായി എത്തിയത്. മൂന്നാര്‍, തേക്കടി എന്നിവടങ്ങളില്‍ 2014-15 കാലയളവില്‍ 6,06,601 പേരാണ് എത്തിയത്. ഇതില്‍ 62,314 പേര്‍ വിദേശ സഞ്ചാരികളും 5,44,287 പേര്‍ ആഭ്യന്തര സഞ്ചാരികളുമാണ്. മുന്‍വര്‍ഷം തേക്കടിയും മൂന്നാറും സന്ദര്‍ശിച്ചത് 4,97,111 പേര്‍ മാത്രമാണ്. 34,176 വിദേശ സഞ്ചാരികളും 75,314 ആഭ്യന്തര സഞ്ചാരികളും മൂന്നാറിലും തേക്കടിയിലും മാത്രം അധികമായി എത്തി. രാമക്കല്‍മേടില്‍ 2013ല്‍ 88,000 സഞ്ചാരികള്‍ എത്തിയെങ്കില്‍ 2014ല്‍ അത് ഒരുലക്ഷമായി. പീരുമേട് പരുന്തുംമലയില്‍ എത്തിയ സഞ്ചാരികളുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ട്. ദേവികുളം,മാട്ടുപ്പെട്ടി ഡാം, ഇടുക്കി ഡാം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, മറയൂര്‍ ചന്ദന റിസര്‍വ്, എന്നിവിടങ്ങളിലും സഞ്ചാരികളുടെ തിരക്കേറുന്നു. രണ്ടര മാസമായി അടച്ചിട്ടിരുന്ന ഇരവികുളം നാഷണല്‍പാര്‍ക്ക് ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കും. ഇതോടെ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് അധികൃതര്‍ പറയുന്നത്. ഡാം കാണാന്‍ നടന്ന് മടുക്കേണ്ട, ബഗ്ഗിയില്‍ സുഖയാത്ര ചെയ്യാം ഇടുക്കി: ഇടുക്കി ഡാം കാണാനെത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബഗ്ഗിയെത്തുന്നു. അടുത്തമാസം ആദ്യം ഡാമില്‍ ഈ വാഹനമെത്തും. ഹൈഡല്‍ ടൂറിസം പ്രോജക്ടാണ് അഞ്ച് ലക്ഷം രൂപ മുടക്കി ബഗ്ഗി വാങ്ങുന്നത്. ചെറുതോണി ഡാമില്‍ നിന്നും പ്രധാന ഡാമിലേക്ക് ഒന്നര കിലോ മീറ്ററിലധികം നടക്കണം. ഇലക്ട്രിക് വാഹനം എത്തുന്നതോടെ ഇതില്‍ കയറി ഒന്നര കിലോ മീറ്ററോളം യാത്ര ചെയ്ത് ഡാമിന്റെ സൗന്ദര്യം നുകരാനാകും. പ്രായമായവര്‍ക്കാണ് ഈ വാഹനം ഏറെ പ്രയോജനപ്പെടുന്നത്. പതിനാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബഗ്ഗിയാണ് ഇടുക്കിയില്‍ എത്തുന്നത്. കേരളത്തില്‍ ലീല ഹോട്ടലില്‍ മാത്രമാണ് ബഗ്ഗിയുള്ളത്. ഇടുക്കി ഡാമിലെത്തുന്ന ബഗ്ഗി ജില്ലയിലെത്തുന്ന ആദ്യ ബഗ്ഗിയാണ്. അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലുമാണ് ഡാം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ചെറിയ ഫീസ് ഇടാക്കി ബഗ്ഗി സര്‍വ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.