കൊച്ചി: യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) വീണ്ടും റെക്കോര്‍ഡ്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയ്തത് 64.5 ലക്ഷം പേര്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 21 ശതമാനത്തോളം വാര്‍ഷിക വര്‍ധനവാണ് സിയാല്‍ രേഖപ്പെടുത്തിയത്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ സിയാല്‍ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം 64,50,284 ആണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 53,86,463 ആയിരുന്നു. മൊത്തം യാത്രക്കാരില്‍ 37.59 ലക്ഷം പേര് രാജ്യാന്തര യാത്രക്കാരാണ്.
മുന്‍ സാമ്പത്തിക വര്‍ഷം ഇത് 32.71 ലക്ഷമായിരുന്നു. 14.5 ശതമാനം വര്‍ധന. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി വിമാനത്താവളം വഴി ആഭ്യന്തരയാത്ര നടത്തിയത് 26.91 ലക്ഷം പേരാണ്. മുന്‍ വര്‍ഷത്തില്‍ ഇത് 21.14 ലക്ഷമായിരുന്നു. 27.3 ശതമാനം വര്‍ധനവ്.
മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 20.9 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം സിയാല്‍ കൈവരിച്ചത്. വിമാന സര്‍വീസുകളുടെ എണ്ണത്തിലും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാല്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2014-15 ല്‍ 53748 സര്‍വീസുകള്‍ സിയാലില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 47216 ആയിരുന്നു.
രാജ്യത്ത് ഏറ്റവും കുറച്ച് ഫീസ് ഈടാക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് സിയാലിന്റേതെന്ന് മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന് പറഞ്ഞു. ‘ ലാന്‍ഡിങ്, പാര്‍ക്കിങ് ഫീസ് പരമാവധി കുറച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യത്തെ വിമാനത്താവളം പണികഴിപ്പിച്ച സിയാലിന് സേവന മികവിന്റെ കാര്യത്തിലും പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിയുന്നുണ്ടെന്ന് കുര്യന് അവകാശപ്പെട്ടു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ പുരോഗതിയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ശ്രദ്ധേയമായ വസ്തുതയെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ പറഞ്ഞു. ‘ഉത്തരേന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ പുരോഗതിയാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.
വിദൂര പൂര്‍വ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവ് സിയാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്’ എ.സി.കെ.നായര്‍ പറഞ്ഞു. വര്‍ഷം അരക്കോടിയിലേറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമാണ് സിയാല്‍. യാത്രക്കാരുടെ എണ്ണത്തിലുള്ള പുരോഗതി കണക്കിലെടുത്ത് ആയിരം കോടി രൂപ ചെലവില്‍ സിയാല്‍ നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്തവര്‍ഷമാദ്യം കമ്മിഷന് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: