സിപിഐക്ക് മുന്നില്‍ കൊട്ടിയടച്ച വാതില്‍ ജെഎസ്എസിന് മുന്നില്‍ സിപിഎം തുറക്കുന്നു

Thursday 9 April 2015 9:48 pm IST

ആലപ്പുഴ: ലയനത്തിനായി സിപിഐ നേതൃത്വം കാലങ്ങളായി പിന്നാലെ നടന്നിട്ടും തള്ളിക്കളഞ്ഞ സിപിഎം, മുന്‍ നേതാവ് കെ.ആര്‍. ഗൗരിയമ്മയ്ക്ക് മുന്നില്‍ മുട്ടുമടക്കുന്നു. തന്റെ പാര്‍ട്ടിയായ ജെഎസ്എസിനെ സിപിഎമ്മില്‍ ലയിപ്പിക്കുകയും കൂടെയുള്ളവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കുകയും ചെയ്താല്‍ മാത്രമേ സിപിഎമ്മിലേക്ക് മടങ്ങിവരികയുള്ളുവെന്ന ഗൗരിയമ്മയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം അംഗീകരിക്കാനാണ് സാദ്ധ്യത. ഗൗരിയമ്മയെ മാത്രമേ പാര്‍ട്ടിയില്‍ എടുക്കാന്‍ കഴിയുകയുള്ളുവെന്ന ഉറച്ച നിലപാടാണ് നേരത്തെ സിപിഎം സ്വീകരിച്ചിരുന്നത്. അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം. എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ പലതവണ ഗൗരിയമ്മയെ സന്ദര്‍ശിച്ച് സിപിഎമ്മിലേക്ക് മടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഒറ്റയ്ക്കില്ലെന്ന് ഗൗരിയമ്മ ഉറച്ച നിലപാടെടുത്തതോടെ നടപ്പാകാതെ പോകുകയായിരുന്നു. ജെഎസ്എസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഗൗരിയമ്മയുടെ ആവശ്യം. മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനും ഔദ്യോഗിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ പരസ്യമായതോടെ ഗൗരിയമ്മയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഔദ്യോഗിക പക്ഷം കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നത്. വിഎസിന് ബദലായി തിരുവിതാംകൂറില്‍ ഗൗരിയമ്മയെ ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ അച്യുതാനന്ദന്‍ ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍വരെ പങ്കെടുത്ത് അകല്‍ച്ച കുറച്ചു. ഒപ്പം ഗൗരിയമ്മ പാര്‍ട്ടി വിടരുതെന്ന അവസാന നിമിഷം വരെ ഉറച്ചനിലപാട് സ്വീകരിച്ചത് താന്‍ മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇഎംഎസായിരുന്നു പാര്‍ട്ടിക്കുള്ളിലെ തന്റെ എക്കാലത്തെയും ശത്രുവെന്ന് ഗൗരിയമ്മയും പലതവണ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അതിഥിയായി ക്ഷണിച്ചെങ്കിലും ഗൗരിയമ്മ തിരിഞ്ഞു നോക്കിയില്ല. സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതോടെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായി. വിഎസ് പക്ഷം നിഴല്‍ കമ്മറ്റികള്‍ രൂപീകരിച്ച് അച്യുതാനന്ദനെ പങ്കെടുപ്പിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കാനും തുടങ്ങി. ഇതോടെയാണ് മുന്‍ നിലപാടുകള്‍ തള്ളി ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തിയത്. ഗൗരിയമ്മ പാര്‍ട്ടിയില്‍ മടങ്ങിയെത്തണമെന്നും ഉപാധികള്‍ എല്ലാം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും കോടിയേരി ഗൗരിയമ്മയ്ക്ക് ഉറപ്പ് നല്‍കി. വിഎസിനെ മറികടക്കാന്‍ ഗൗരിയമ്മയെ കളത്തിലിറക്കുകയെന്ന തന്ത്രമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. ഇതിലൂടെ ഈഴവ വോട്ടുകളാണ് ലക്ഷ്യം, തൊഴിലാളി രാഷ്ട്രീയം വിട്ട് ജാതി രാഷ്ട്രീയം വരെ നിലനില്‍പിനായി സിപിഎം പയറ്റുകയാണ്. ജെഎസ്എസ്-സിപിഎം ലയനം സാദ്ധ്യമായാല്‍ സിപിഎമ്മിന്റെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമിത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും മറ്റൊരു പാര്‍ട്ടി ലയിക്കുന്നതും അതിലെ നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതും ആദ്യത്തേതായിരിക്കും. ബൂര്‍ഷ്വാ പാര്‍ട്ടികളിലാണ് ഇത്തരം ലയനങ്ങള്‍ നടക്കുന്നതെന്നാണ് ഇതുവരെ സിപിഎം പരിഹസിച്ചിരുന്നത്. സിപിഐക്ക് മുന്നില്‍ കൊട്ടിയടച്ച വാതില്‍ ഗൗരിയമ്മയ്ക്ക് മുന്നില്‍ തുറക്കുന്നത് വിഎസ് ഇഫക്ടിനെ ഭയന്നാണെന്ന് മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.