പത്തനംതിട്ട: മേടവിഷു ഉത്സവത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഇന്ന് വൈകിട്ട് 5.30ന് തുറക്കും. നാളെ മുതല്‍ 19 വരെ പതിവു പൂജകള്‍ക്കു പുറമേ പ്രത്യേക പൂജകളും നടക്കും.
വിഷുപുലരിയില്‍ കണിദര്‍ശനത്തിനായി തിരുനട പുലര്‍ച്ചെ 4 ന് തുറക്കും. വിഷുക്കണി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും മാളികപ്പുറം-പമ്പ മേല്‍ശാന്തിമാരും വിഷുക്കൈനീട്ടം നല്‍കും. രാവിലെ ഏഴുവരെ കണിദര്ശനവുമുണ്ടാവും. തുടര്‍ന്ന് നെയ്യഭിഷേകം, വിവിധ അഭിഷേകങ്ങള്‍, ഉഷപൂജ എന്നിവ നടക്കും. 19 ന് രാത്രിയാണ് വിഷുമഹോത്സവം കഴിഞ്ഞ് നടയടയ്ക്കുന്നത്.
ശബരിമലയില്‍ മണ്ഡല മകരവിളക്ക്ഉത്സവം കഴിഞ്ഞാല്‍ ഏറ്റവുംഅധികം അയ്യപ്പഭക്തര്‍ ദര്‍ശനത്തിനെത്തുന്നത് വിഷുമഹോത്സവത്തിനാണ്. അധികൃതര്‍ വിപുലമായ ക്രമീകരണങ്ങളാണ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ഡ്യൂട്ടിക്ക് ജീവനക്കാരേയും നിയമിച്ചു.
കെഎസ്ആര്‍ടിസിയുടെ പമ്പാ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ഇന്നാരംഭിക്കും. സംസ്ഥാനത്തെ പ്രമുഖ ഡിപ്പോകളില്‍ നിന്നും തീര്‍ത്ഥാടകരുടെ തിരക്ക് അനുസരിച്ച് പമ്പയ്ക്ക് ബസ്സുകളുണ്ടാകും. വിഷുമഹോത്സവദിവസങ്ങളില് പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും നടത്താനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: