കൊല്‍ക്കത്ത മിന്നി

Friday 10 April 2015 1:02 am IST

കൊല്‍ക്കത്ത: സൂര്യകുമാര്‍ യാദവിന്റെയും ക്യാപ്റ്റന്‍ ഗംഭീറിന്റെയും മനീഷ് പാണ്ഡെയുടെയും മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്‍ എട്ടാം പതിപ്പില്‍ വിജയത്തുടക്കം. 20 പന്തില്‍ നിന്ന് 5 സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താകാതെ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് നൈറ്റ് റൈഡേഴ്‌സിന്റെ പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്. മുംബൈ ഇന്ത്യന്‍സിനെ 9 പന്തുകള്‍ ബാക്കിനില്‍ക്കേ 7 വിക്കറ്റിനാണ് ഗംഭീറും കൂട്ടരും കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 168 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 65 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളും 4 സിക്‌സറുമടക്കം പുറത്താകാതെ 98ഉം കോറി ആന്‍ഡേഴ്‌സണ്‍ 41 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറുമടക്കം പുറത്താകാതെ 55 റണ്‍സും നേടി. കൊല്‍ക്കത്തക്ക് വേണ്ടി മോണെ മോര്‍ക്കല്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മോര്‍ക്കലാണ് മാന്‍ ഓഫ് ദി മാച്ച്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്താണ് ഐപിഎല്‍ എട്ടാം പതിപ്പിലെ ഉദ്ഘാടന പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 13-ല്‍ നില്‍ക്കേ 9 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ഗംഭീറും മനീഷ് പാണ്ഡെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് മത്സരത്തിലെ വഴിത്തിരിവായത്. 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയുമടക്കം 40 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ ഹര്‍ഭജന്‍ പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീട് സ്‌കോര്‍ 121-ല്‍ എത്തിയപ്പോള്‍ 43 പന്തില്‍ 57 റണ്‍സെടുത്ത ഗംഭീറിനെയും നഷ്ടമായി. പിന്നീടായിരുന്നു സൂര്യകുമാര്‍ യാദവിന്റെ മിന്നുന്ന പ്രകടനം. യാദവിനൊപ്പം 14 റണ്‍സുമായി യൂസഫ് പഠാനായിരുന്നു ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ ക്രീസില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.