കശ്യപ്, പ്രണോയ് ക്വാര്‍ട്ടറില്‍

Friday 10 April 2015 1:04 am IST

സിംഗപ്പൂര്‍: ഇന്ത്യന്‍ താരങ്ങളായ പി. കശ്യപ്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം മൂന്നാം സീഡ് കെ. ശ്രീകാന്തും, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും പുറത്തായി. രണ്ടാം റൗണ്ടില്‍ പി. കശ്യപ് നാലാം സീഡ് കൊറിയയുടെ സണ്‍ വാന്‍ ഹുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് അവസാന എട്ടിലേക്ക് കുതിച്ചത്. 46 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 21-15, 22-20 എന്ന സ്‌കോറിനായിരുന്നു കശ്യപിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയ് രണ്ടാം സീഡ് ഡെന്മാര്‍ക്കിന്റെ യാന്‍ ഒ ജോര്‍ജന്‍സനെ 33 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-16, 21-8 എന്ന സ്‌കോറുകള്‍ക്ക് അട്ടിമറിച്ചാണ് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. തന്നേക്കാള്‍ റാങ്കിംഗില്‍ ഏറെ മുന്നിലുള്ള ഡാനിഷ് താരത്തിനെതിരെ തികഞ്ഞ ആധിപത്യം പുലര്‍ത്തിയാണ് പ്രണോയ് വെന്നിക്കൊടി നാട്ടിയത്. അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. തായ്‌ലന്‍ഡ് താരം തനോങ്‌സാക് സെന്‍സെംബൂണ്‍സകിനോട് 21-15, 22-20 എന്ന സ്‌കോറിനായിരുന്നു കെ. ശ്രീകാന്ത് കീഴടങ്ങിയത്. വനിതാ ഡബിള്‍സില്‍ ചൈനീസ് ജോഡികളായ വാങ് സിയോളി-യു യാങ് സഖ്യത്തോട് 24-22, 21-18 എന്ന സ്‌കോറിന് പരാജയപ്പെട്ടാണ് പുറത്തുപോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.