കോട്ടയം: സംഗീതസംവിധായകനും പിന്നണിഗായകനുമായ അയിരൂര്‍ സദാശിവന് (78) വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്ത അപകടം. മകന് ഓടിച്ചിരുന്ന കാര്‍ ഏസി റോഡില്‍ മനയ്ക്കച്ചിറ ഒന്നാം പാലത്തിന് സമീപം കനാലിലേക്കു മറിയുകയായിരുന്നു.
കാര്‍ വെട്ടിപ്പൊളിച്ചാണ് സദാശിവനേയും മകന് ശ്രീകുമാറിനേയും പുറത്തെടുത്തത്. ഇരുവരേയും പെരുന്ന എന്‍എസ്എസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സദാശിവന്റെ ജീവന് രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ശ്രീകുമാറിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയില്‍ സംഗീത പരിപാടി കഴിഞ്ഞ് താമസസ്ഥലമായ അടൂരിലേക്കു പോകവെയാണ് അപകടം. ഭാര്യ: പരേതയായ രാധ. മറ്റൊരു മകന്: ശ്രീലാല്‍.
പത്തനംതിട്ടയിലെ അയിരൂരില്‍ ജനിച്ച സദാശിവന് അടൂരിലായിരുന്നു താമസം. ജി. ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി, പുകഴേന്തി എന്നിവരുടെ സംഗീത സംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹം വിപഞ്ചിക എന്ന ചിത്രത്തിന് സംഗീതവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: