യുദ്ധം രൂക്ഷമായ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു

Friday 10 April 2015 10:19 am IST

ന്യൂദല്‍ഹി: യുദ്ധം രൂക്ഷമായ യെമനിലെ ഇന്ത്യന്‍ എംബസിയും അടച്ചു. വ്യോമാര്‍ഗമുള്ള രക്ഷാദൗത്യം അവസാനിച്ചതിനു പിന്നാലെയാണ് എംബസി അടച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സഹമന്ത്രി വി കെ സിംഗ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും സുഷമ പറഞ്ഞു. സനായില്‍ നിന്നും മൂന്ന് വിമാനങ്ങളിലായി 630 പേരെ വ്യാഴാഴ്ച തിരിച്ചെത്തിച്ചതോടെയാണ് ആകാശമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് സുമിത്ര അല്‍ഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു. ഇതില്‍ 303 പേര്‍ വിദേശ പൗരന്മാരും 46 പേര്‍ ഇന്ത്യക്കാരുമാണ്. മാര്‍ച്ച് 31 മുതല്‍ ആരംഭിച്ച രക്ഷാദൗത്യത്തില്‍ ഇതുവരെ 4640 ഇന്ത്യക്കാരെയും 41 രാജ്യങ്ങളില്‍ നിന്നുള്ള 960 വിദേശികളെയും അടക്കം വ്യോമകപ്പല്‍ മാര്‍ഗം 5600ലധികം പേരെയാണ് സംഘര്‍ഷഭരിതമായ യെമനില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം യെമനിലെ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുകയാണെന്നും ഏദന്‍ തുറമുഖത്ത് ബോംബാക്രമണം നടന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.