യെമനില്‍ നിന്നും 383 മലയാളികള്‍ കൂടി ഇന്ന് തിരിച്ചെത്തി

Friday 10 April 2015 12:29 pm IST

കൊച്ചി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നും 383 മലയാളികള്‍ കൂടി ഇന്ന് തിരിച്ചെത്തി. പുലര്‍ച്ചെ 3.30ഓടെ കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഇവര്‍ മടങ്ങിയെത്തിയത്. എയര്‍ ഇന്ത്യയുടെ 777 വിമാനത്തിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. അഞ്ച് ദിവസം മാത്രമായ പാര്‍വതി എന്ന കുട്ടിയും ഇന്ന് മടങ്ങിയെത്തിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശികളായ റെജി-സാക്ഷി എന്നിവരുടെ മകളാണ് പാര്‍വതി. മഞ്ഞപ്പിത്തം ബാധിച്ച്‌ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ പ്രത്യേക ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നാട്ടിലെത്തിച്ചത്. ഡോക്ടര്‍ ഉമാ നമ്പ്യാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ സംരക്ഷണത്തിലായിരുന്നു കുട്ടി. കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. അവസാന സംഘവൂം മടങ്ങിയതോടെ ഇന്ത്യന്‍ എംബസി പൂട്ടി ഉദ്യോഗസ്ഥരും ഭാരതത്തിലെത്തി. കുടുങ്ങിയവരെ വിമാനമാര്‍ഗം ഒഴിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിച്ചതിന്‌ പിന്നാലെയാണ്‌ യെമനിലെ ഇന്ത്യന്‍ എംബസി പൂട്ടിയത്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി വി.കെ.സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഭാരതത്തിലേക്ക് മടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ പറഞ്ഞു. അതേസമയം കപ്പല്‍ മാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഏതാനും ദിവസത്തേക്ക്‌ കൂടി തുടരും. സനായില്‍ നിന്ന്‌ ഒരാഴ്‌ചയ്‌ക്കിടെ 18 പ്രത്യേക സര്‍വ്വീസുകളിലായി 2,900 പേരെയാണ്‌ എയര്‍ ഇന്ത്യ ജിബൂട്ടിയില്‍ എത്തിച്ചത്‌. 4,640 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ള 5600 പേരെ യെമനില്‍ നിന്ന്‌ ഭാരതത്തിന് ഒഴിപ്പിക്കാനായി. അല്‍ ഹുദൈദ, ഏദന്‍, അല്‍ മുക്കാല തുറമുഖങ്ങളില്‍ നിന്നും മാര്‍ച്ച്‌ 31 വരെ കപ്പല്‍ മാര്‍ഗം ഇതുവരെ 1670പേരെ രക്ഷിക്കാനായിട്ടുണ്ട്‌. അല്‍ ഹുദായ്‌ദാ തുറമുഖത്ത്‌ നിന്നും ഏപ്രില്‍ 9 ന്‌ ഐഎന്‍എസ്‌ സുമിത്രയില്‍ 46 ഇന്ത്യാക്കാരും 303 വിദേശികളും ഉള്‍പ്പെടെ 349 പേരെ ഒഴിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.