മനുഷ്യരെ ഒന്നിപ്പിക്കുന്നതില്‍ യുനസ്‌കോയ്ക്ക് മഹത്തായ പങ്ക്: മോദി

Saturday 11 April 2015 12:08 am IST

പാരീസ്: മതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പേരില്‍ കലഹിക്കുന്ന മനുഷ്യരാശിയെ ഒന്നിപ്പിക്കുന്നതില്‍ യുനസ്‌കോയ്ക്ക് മഹത്തായ പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ സുപ്രധാന സംഘടനകളില്‍ ഒന്നായ യുനസ്‌കോയുടെ (യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷന്‍ സയന്റിഫിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) എഴുപതാം വാര്‍ഷികത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയുള്ളതിനാലാണ് ലോകം ഇന്നും ഒന്നായിത്തന്നെ നിലകൊള്ളുന്നത്. നമ്മുടെ ഈ വിശ്വാസമാണ് ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ അനവധി സംഘടനകള്‍ രൂപം കൊള്ളാനും കാരണം. സമാധാനവും പുരോഗതിയും ഉള്ള ലോകം,അതാണ് നമ്മുടെയെല്ലാം ആഗ്രഹം. ഇതില്‍ ഓരോ രാജ്യത്തിനും അവരവരുടേതായ ശബ്ദമുണ്ട്. ഒരോ ജനതയ്ക്കും അസ്തിത്വമുണ്ട്. ഒരേ തോട്ടത്തില്‍ വിരിഞ്ഞ പൂക്കളാണ് എല്ലാവരും. ഒരോ മനുഷ്യനും അന്തസുള്ള ജീവിതമുണ്ട്. ഓരോ കുരുന്നിനും അവസരങ്ങളുള്ള ഒരു ഭാവിയുമുണ്ട്. ഈ ലക്ഷ്യത്തിലേക്ക് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനസ്‌കോ. ഭാരതത്തിലെ വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൡലും ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം സംരക്ഷിക്കുന്നതിലും യുനസ്‌കോ നല്‍കിയ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. സഹവര്‍ത്തിത്വത്തിന്റെ അനാദിയായ സംസ്‌ക്കാരമുള്ള, പുരാതന ഭൂമിയില്‍ നവീനമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്തവരാണ് ഞങ്ങള്‍.അസാധാരണമായ വൈവിധ്യമുള്ള സമൂഹമാണ് ഞങ്ങള്‍.പൗരന്മാരുടെ ഒരുമയാണ് ഞങ്ങളുടെ ശക്തി. ദുര്‍ബലര്‍ക്ക് അധികാരം നല്‍കുന്നതിലൂടെയാണ് ഞങ്ങള്‍ പുരോഗമിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് അധികാരമേറ്റ നാള്‍ മുതല്‍ ഇതാണ് ഞങ്ങളുടെ തത്വം. തണുത്തുറഞ്ഞ കണക്കുകള്‍ വച്ചല്ല, മനുഷ്യമുഖങ്ങളിലെ പ്രതീക്ഷയും വിശ്വാസത്തിളക്കവും വച്ചാണ് ഞങ്ങള്‍ ഞങ്ങളുടെ പുരോഗതി അളക്കുന്നത്. ഓരോ പൗരന്റെയും അവകാശങ്ങളും സ്വാതന്ത്ര്യവും ഞങ്ങള്‍ സംരക്ഷിക്കും. വിശ്വാസവും സംസ്‌ക്കാരവും എന്തുമാകട്ടെ ഒരോ പൗരനും ഞങ്ങള്‍ തുല്യസ്ഥാനം നല്‍കും. ഞങ്ങളുടെ പാരമ്പര്യത്തില്‍ വിദ്യാഭ്യാസത്തിന് പ്രത്യേക സ്ഥാനമാണ് ഉണ്ടായിരുന്നത്.കൊടുക്കുന്നതിലൂടെ വളരുന്ന സമ്പത്താണ് വിദ്യ. അതാണ് ഏറ്റവും വലിയ സ്വത്ത്, വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം. വിദൂര ഗ്രാമങ്ങളില്‍ വരെയുള്ളവര്‍ക്ക് നൈപുണ്യം നല്‍കാന്‍ വലിയൊരു പദ്ധതി ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.പെണ്‍കുട്ടികളെ ഭയത്തില്‍ നിന്ന് മുക്തരാക്കാനും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പദ്ധതി തുടങ്ങി.വികസനവും വിദ്യാഭ്യാസവും സേവനങ്ങളും എങ്ങും എത്തിക്കാന്‍ ഞങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തുടങ്ങി. എല്ലാ പൗരന്മാരെയും കൂട്ടിയോജിപ്പിക്കാനും സുതാര്യമായ ഭരണം കാഴ്ച വയ്ക്കാനും ഇത് ഉപകരിക്കും. 600,000 ഗ്രാമങ്ങളെ കൂട്ടിയിണക്കാന്‍ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുമുണ്ട്. ഒരോരുത്തര്‍ക്കും കിടപ്പാടം, ഒരോ വീട്ടിലും വൈദ്യുതി, ശുചിത്വം,ശുദ്ധജലം, അതിനാണ് ഞങ്ങളുടെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ശുദ്ധമായ നദികള്‍, വായു അതാണ് ഇതിന്റെ അര്‍ഥം. അതിന് നയങ്ങളും വിഭവവും മാത്രം പോര.ശാസ്ത്രത്തിന്റെ സഹായവും വേണം. ഭാരതത്തിന്‍േറതടക്കം ലോക സംസ്‌ക്കാരങ്ങള്‍ പരിരക്ഷിക്കാനുള്ള യുനസ്‌കോയുടെ നടപടികള്‍ പ്രചോദനകരമാണ്.ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ സംസ്‌ക്കാരം മനുഷ്യരാശിയുടെ സ്വത്താണ്. അത് ഭാവിതലമുറയ്ക്കായി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും. അതിന് ഒരു പദ്ധതി ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലും സംസ്‌ക്കാരം ഇന്ന് സംഘര്‍ഷത്തിന്റെ ഉറവിടമാണ്. ഒരു മൗസ് കഌക്ക് മതി ആശയവിനിമയത്തിന്റെ വിശാലതയിലേക്ക്. വിവരങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. പക്ഷെ എബോള വൈറസ് ഭീഷണി ഉയര്‍ന്നപ്പോള്‍, കൊടുങ്കാറ്റ് സര്‍വ്വനാശം വിതച്ചപ്പോള്‍ നാം മനസിലാക്കി നാമെത്ര ദുര്‍ബലരാണെന്ന്. ഏഴു പതിറ്റാണ്ടിനിടെ ലോകം അവിശ്വസനീയമായ പുരോഗതി കൈവരിച്ചു. ഈ പുരോഗതി വെല്ലവിളികളെ നേരിടാന്‍ നമ്മെ പ്രചോദിപ്പിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യുനസ്‌കോയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.സംസ്‌ക്കാരം ജനങ്ങളെ ഒന്നിപ്പിക്കണം. ശുദ്ധമായ ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ആഗോളതലത്തില്‍ ശ്രമം വേണം.പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കണം. മോദി പറഞ്ഞു. പാരീസില്‍, ഭാരതത്തിലെ വലിയ തത്വചിന്തകനും സന്യാസിയുമായ ശ്രീ അരവിന്ദന്റെ പ്രതിമയില്‍ ഞാന്‍ പ്രണാമം അര്‍പ്പിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.