സരസ്വതി നദി കണ്ടെത്താന്‍ വീണ്ടും ശ്രമം തുടങ്ങി

Friday 10 April 2015 10:24 pm IST

ന്യൂദല്‍ഹി: വേദകാലത്തെ പുണ്യനദിയായ സരസ്വതി കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രപുരാവസ്തു വകുപ്പ് വീണ്ടും ആരംഭിച്ചു. യുപിഎ സര്‍ക്കാര്‍ 2004ല്‍ നിര്‍ത്തിവെച്ച പദ്ധതിയാണ് പുനരാരംഭിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഗംഗാനഗര്‍ ജില്ലയിലെ ബിന്‍ജോറില്‍ ഉദ്ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 2002ല്‍ വാജ്‌പേയി സര്‍ക്കാരാണ് പുരാതന പുണ്യനദിയായ സരസ്വതി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പുരാവസ്തു വകുപ്പിന്റെ പദ്ധതി നിര്‍ത്തിവെയ്പ്പിച്ചു. ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് ദൃശ്യങ്ങളും ഒഎന്‍ജിസിയും സരസ്വതി നദി ഭൂമിക്കടിയിലൂടെ ഒഴുകിയെന്നതിന്റെ തെളിവുകള്‍ നല്‍കിയ പശ്ചാത്തലത്തിലാണ് വീണ്ടും പദ്ധതി ആരംഭിച്ചത്. സരസ്വതി നദി ഒഴുകിയിരുന്ന പാതയിലൂടെ പുതിയ ജലപാത നിര്‍മ്മിക്കുന്നതിനായി ഹരിയാന സര്‍ക്കാര്‍ അടുത്തിടെ ആദി ബദ്രി ഹെറിറ്റേജ് ബോര്‍ഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വേദകാലഘട്ടത്തില്‍ സരസ്വതി നദി ഒഴുകിയ പാതയിലൂടെ എ.ഡിയില്‍ ഒഴുകിയ ഖഗര്‍-ഹകറാ നദിതടത്തില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 1970കളില്‍ ഇവിടെ നേരത്തെ പുരാവസ്തു വകുപ്പ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഹാരപ്പന്‍ നദീതട സംസ്‌ക്കാരവുമായി ബന്ധപ്പെട്ടു സരസ്വതി- ഖഗര്‍ നദീതടത്തില്‍ ഈവര്‍ഷം ആദ്യം ഉദ്ഖനന പ്രവൃത്തികള്‍ നടത്തിയിരുന്നു. 2002ല്‍ ദൗത്യം ഏറ്റെടുത്ത അതേ സംഘത്തെ തന്നെ സരസ്വതി നദി കണ്ടെത്താനുള്ള ചുമതല വീണ്ടും ഏല്‍പ്പിച്ചതായി കേന്ദ്രപുരാവസ്തു വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബി.ആര്‍ മണി അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പു ചുമതല നോഡല്‍ ഓഫീസറെ ഏല്‍പ്പിച്ചു കഴിഞ്ഞതായി കേന്ദ്രസാസംക്കാരിക വകുപ്പ് അറിയിച്ചിട്ടുണ്ട്. വാജ്‌പേയി ഭരണകാലത്തെ സാസ്‌ക്കാരിക മന്ത്രിയായിരുന്ന ജഗ്മോഹന്‍ നിയോഗിച്ച സംഘത്തില്‍ ഐഎസ്ആര്‍ഒയിലെ ബല്‍ദേവ് സഹായ്, പുരാവസ്തു ശാസ്ത്രജ്ഞന്‍ എസ്.കെ രാമന്‍, കേന്ദ്രഭൂഗര്‍ഭ ജലഅതോറിറ്റിയിലെ ഡി.കെ ഛദ്ദ എന്നിവരുണ്ടായിരുന്നു. ഇവരെത്തന്നെ ദൗത്യം ഏല്‍പ്പിച്ചതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.