നിയമനം, കോഴ്‌സ്: ഹയര്‍ സെക്കണ്ടറിയില്‍ അഴിമതി അരങ്ങുതകര്‍ക്കുന്നു

Friday 10 April 2015 10:38 pm IST

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ അഴിമതിയുടെ അരങ്ങുതകര്‍ക്കുന്നു. പുതുതായി അനുവദിച്ച പ്ലസ്ടു കോഴ്‌സുകളുടെ കോമ്പിനേഷനില്‍ മാറ്റംവരുത്തിയാണ് ലക്ഷങ്ങളുടെ അഴിമതി നടക്കുന്നത്. ബാച്ചുകള്‍ക്ക് ഇന്ന വിഷയമാണെന്ന് നിശ്ചയിച്ചാണ് കോളേജുകള്‍ക്ക് പ്ലസ്ടു കോഴ്‌സ് അനുവദിച്ചത്. സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് എന്നീ വിഷയങ്ങളുടെ കോമ്പിനേഷനുകളായിട്ടായിരുന്നു ബാച്ചുകള്‍. ഇതില്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി കോമ്പിനേഷന്‍ മാറ്റുകയാണ് 40 അപേക്ഷകളാണ് ഇതിനായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ ലഭിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ ശുപാര്‍ശയോടെ ഉള്ളതാണ് ഇത് ഭൂരിപക്ഷവും. 10ലക്ഷം രൂപവരെ കൈക്കൂലി നല്‍കിയാണ് സ്‌കൂള്‍ മാനേജുമെന്റ് കോമ്പിനേഷന്‍ മാറ്റല്‍ സാധ്യമാക്കുന്നത്. ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനാല്‍ കാര്യമായ തടസ്സമില്ലാതെ മാനേജുമെന്റ് കാര്യം സാധിച്ചെടുക്കുന്നതായിട്ടാണ് ആരോപണം. കോമ്പിനേഷന്‍ മാറ്റി പുതിയവ അനുവദിച്ചാല്‍ മാനേജര്‍മാര്‍ക്ക് അത് സാമ്പത്തികലാഭം ഉണ്ടാക്കാന്‍ അവസരം നല്‍കും. ചില വിഷയങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനാകും. ധനവകുപ്പിന്റെ കര്‍ശന നിബന്ധനകള്‍ അവഗണിച്ച് ഹയര്‍സെക്കണ്ടറി വകുപ്പില്‍ അഞ്ച് ജീവനക്കാരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്തിയത് വിവാദമായതിന്റെ തൊട്ടുപുറകെയാണ് കോമ്പിനേഷന്‍ മാറ്റി നല്‍കല്‍ പദ്ധതിയിലൂടെ ലക്ഷങ്ങളുടെ അഴിമതി നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് പകരം മറ്റ് കോമ്പിനേഷനുകള്‍ ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ ലഭിച്ചിരുന്നെങ്കിലും അതൊന്നും അംഗീകരിച്ചിരുന്നില്ല. ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിലേക്ക് ഡെപ്യൂട്ടേഷനില്‍ എത്തി റിട്ടയര്‍ ചെയ്ത ഒരാളെ ഡയറക്ടറുടെ പി.എ ആക്കി നിയമിച്ചത് വിവാദമായിരുന്നു. പി.എസ്.സി റാങ്ക് പട്ടികയില്‍ നിരവധി ആളുകള്‍ വെളിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള പുറംവാതില്‍ നിയമനങ്ങളും അഴിമതിയും. പ്ലസ്ടു സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ലഭിക്കേണ്ട പ്രോമോഷന്‍ നല്‍കാതെ പുതിയ നിയമനം നടത്താനുള്ള മാനേജുമെന്റിന്റെ നീക്കത്തിനും ഡയറക്ടര്‍ അനുമതി നല്‍കുകയാണ്. പ്ലസ്ടു അനുവദിച്ച ഹൈസ്‌കുളുകളില്‍ ഒഴിവു വന്നാല്‍ 25 ശതമാനം നിലവിലുള്ള ഹൈസ്‌കൂള്‍ അധ്യാപകരില്‍ അര്‍ഹതയുള്ളവര്‍ക്ക് നല്‍കണമെന്നാണ് നിയമം. മാനേജുമെന്റ് ഇതിന് തയ്യാറാകുന്നില്ല. പുതിയ നിയമനത്തിന് ലഭിച്ചേക്കാവുന്ന ലക്ഷങ്ങളാണ് കാരണം. 25 മുതല്‍ 50ലക്ഷം വരെയാണ് പുതിയ നിയമനത്തിന് ലഭിക്കുക. അര്‍ഹതപ്പെട്ട ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രമോഷനോടെ നിയമനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഡയറക്ടര്‍ പ്രത്യേക ഉത്തരവുകാണിച്ച് മാനേജുമെന്റ് നിര്‍ദ്ദേശം നപ്പിലാക്കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.