അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ തന്നെ

Friday 10 April 2015 11:44 pm IST

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കൊച്ചിയിലെ മൈതാനം സംബന്ധിച്ച് ഫിഫ ജിസിഡിഎ-എഐഎഫ്എഫ് ത്രികക്ഷി കരാറായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനന്ദോദറും ജിസിഡിഎ സെക്രട്ടറി ആര്‍. ലാലുവുമാണ് ധാരണയില്‍ ഒപ്പിട്ടത്. ജിസിഡിഎ ആസ്ഥാനത്തുനടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി, മന്ത്രിമാരായ കെ. ബാബു, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, ലൂഡി ലൂയീസ്, ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളായ അനന്തരാമന്‍, ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയ ഗെയിംസ് മികച്ച നിലയില്‍ സംഘടിപ്പിച്ചതുപോലെ ലോകകപ്പ് മല്‍സരവും നന്നായി നടത്താന്‍ നമുക്കു സാധിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്റെ ഉടസ്ഥരായ ജിസിഡിഎ ചെയ്യണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 2013 സെപ്തംബറില്‍ തന്നെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് എഐഎഫ്എഫിനും ഫിഫയ്ക്കും ഗാരണ്ടി നല്‍കിയിരുന്നു. സുരക്ഷ സംവിധാനം, വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍, മുതലായ എല്ലാ സംവിധാനങ്ങളും ജിസിഡിഎയാണ് ഒരുക്കേണ്ടത്. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫയ്ക്കായിരിക്കും. കളിക്ക് ആറു മാസം മുമ്പ് 2017 ഏപ്രില്‍ മാസത്തില്‍ മൈതാനം ഫിഫയ്ക്ക് വിട്ടുകൊടുക്കണം. ഈ കാലയളവില്‍ പരസ്യം ഉള്‍പ്പടെയുള്ള ഒരു പ്രചരണവും മൈതാനിയിലോ ഈ സമുച്ചയത്തിലോ പാടില്ല. ഇക്കാര്യം മൈതാനം ദീര്‍ഘകാലമായി പാട്ടത്തിനെടുത്തിട്ടുള്ള കെസിഎയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഫുട്‌ബോള്‍ വികസനത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. കളി നടക്കുന്ന ദിവസവും അതിനു മുമ്പുള്ള ദിവസവും സ്‌റ്റേഡിയം സമുച്ചയത്തിലെ കടകള്‍ ഉള്‍പ്പടെയുള്ളവ സുരക്ഷാകാരണങ്ങളാല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അണ്ടര്‍ 17 ലോകകപ്പ് മല്‍സരവേദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്നതിന് രാജ്യാത്താദ്യമായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കുന്നത് കേരളത്തിലാണെന്ന് സുനന്ദോദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുഹമ്മദ് ഹനീഷിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. മൈതാനത്തിന്റെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് ജിസിഡിഎ ആകെ 42 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവയ്ക്ക് ബജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സ്‌റ്റേഡിയത്തിനകത്ത് വരുത്തേണ്ട മറ്റു സൗകര്യങ്ങള്‍ക്കായി മറ്റൊരു 20 കോടി രൂപയും ചെലവാകും. മൂന്നുമാസം മുമ്പ് ജിസിഡിഎയില്‍ മുഖ്യമന്ത്രിയുടെ തന്നെ സാന്നിധ്യത്തില്‍ ഇതുമായി ബന്ധപ്പെട്ട ആലോചന നടത്തിയിരുന്നു. ജെഎന്‍ഐ സ്‌റ്റേഡിയം രണ്ടു തവണ ഫിഫ പ്രതിനിധികള്‍ സന്ദര്‍ശിച്ച് സൗകര്യം വിലയിരുത്തുകയും ചെയ്തിരുന്നു. ജിസിഡിഎ ഫിഫ കരാര്‍ നടപ്പായാല്‍ മാത്രമേ മൈതാനം സംബന്ധിച്ച് ഫിഫയുടെ പ്രഖ്യാപനം ഉണ്ടാവുകയുള്ളു. ലോകനിലവാരത്തിലേക്ക് മൈതാനത്തെ ഉര്‍ത്തുന്നതിനൊപ്പം അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും കൊച്ചി വേദിയായേക്കും. അടുത്തവര്‍ഷം ഡിസംബറിനകം ടൂര്‍ണമെന്റ് പൂര്‍ത്തിയാകുമെന്നതിനാല്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തടസമാകില്ലെന്ന് സുനന്ദോദര്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.