രാഹുല്‍ പോയിട്ട് ആറാഴ്ച; ഇപ്പോള്‍ നേതാക്കള്‍ക്കും സംശയം

Friday 10 April 2015 11:54 pm IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അജ്ഞാത കേന്ദ്രത്തിലേക്ക് അവധിയില്‍ പോയിട്ട് ആറാഴ്ചയായി. ആദ്യം രാഹുലിന്റെ അവധിയെ ന്യായീകരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇപ്പോ സംശയം- കുട്ടിനേതാവ് ഇനി മടങ്ങിവരുമോ? വന്നാലും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമോ? ഇനി ഏറ്റെടുത്താലും പാര്‍ട്ടിയെ രക്ഷിക്കാനാകുമോ? എന്തിനാണ് ഈ ദുരൂഹതകളും അനിശ്ചിതത്വങ്ങളും? ആകെ ആശയക്കുഴപ്പത്തിലായ നേതാക്കള്‍ ഇപ്പോള്‍ പരസ്പരം അടക്കം പറച്ചിലിലാണ്. രാഹുലെന്നല്ല, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേകിച്ച് നെഹൃ കുടുംബത്തിന് സ്തുതിപാടി ശീലിച്ച മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ സമ്മതിക്കുന്നു, രാഹുലിന്റെ അവധി അസമയത്തായിപ്പോയെന്ന്. പാര്‍ട്ടി നേതാവ് ദിഗ്‌വിജയ് സിങ് പറയുന്നു, ''അവധിയെടുക്കാന്‍ പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും ചട്ടമുണ്ട്, പക്ഷേ ഇത് അനവസരത്തിലായി. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നടക്കവേ, ഭൂവിനിയോഗ ബില്‍ ചര്‍ച്ചചെയ്യവേ, അവധിയില്‍ പോയത് ആശയക്കുഴപ്പമുണ്ടാക്കി.'' ഏപ്രില്‍ 19-ന് മുമ്പ് രാഹുല്‍ മടങ്ങിവരുമെന്നുറപ്പു പറയാന്‍ ഇപ്പോഴും സിങ് തയ്യാറാകുന്നെങ്കിലും അതിന് മുമ്പത്തെ ഉറപ്പില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുലിന്റെ അവധിയെ എനിക്ക് ഒരുതരത്തിലും ന്യായീകരിക്കാന്‍ ആവുന്നില്ല, മുന്‍ യുപിഎ മന്ത്രിയും തലമൂത്തയാളുമായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ''രാഹുലിന്റെ അവധിയോ അജ്ഞാതവാസമോ സംബന്ധിച്ച് ന്യായം പറയാനല്ല ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്,'' അദ്ദേഹം ക്ഷുഭിതനായി പ്രതികരിച്ചു. സോണിയയില്‍നിന്ന് പാര്‍ട്ടി നേതൃത്വം രാഹുല്‍ ഏറ്റെടുക്കണമെന്നും പാര്‍ട്ടിയെ നയിക്കണമെന്നും ആവശ്യപ്പെടുന്ന ഒട്ടേറെ നേതാക്കള്‍ ഉണ്ടായിരുന്നു. അവരൊന്നും ഇപ്പോള്‍ ആ വാദം ഉയര്‍ത്തുന്നില്ല. അവര്‍ക്കും സംശയമാണ്, രാഹുല്‍ വരുമോ, വന്നാല്‍ത്തന്നെ പാര്‍ട്ടിയെ നയിക്കാനാവുമോ. ആറാമത്തെ ആഴ്ചയിലേക്കു കടക്കുമ്പോള്‍ രാഹുലിന്റെ അജ്ഞാതവാസം കാര്‍ട്ടൂണ്‍ കോമഡികള്‍ക്കു പോലും വിഷയമാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.