അക്ഷയ പദ്ധതി മുസ്ലിം ലീഗ് കൈയടക്കി

Friday 10 April 2015 11:55 pm IST

കോഴിക്കോട്: അക്ഷയ പദ്ധതിയില്‍ വഴിവിട്ട നിയമനങ്ങള്‍ വ്യാപകം. വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ് സ്വന്തക്കാരെ തിരുകിക്കയറ്റിയാണ് അക്ഷയ പദ്ധതിയെ ലീഗ് കൈയടക്കിയിരിക്കുന്നത്. ജില്ലാതല പ്രൊജക്ട് ഓഫീസുകളിലാണ് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് പിന്‍വാതില്‍ നിയമനം നടത്തുന്നത്. ജില്ലാ ചീഫ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കലക്ടറും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കോ-ഓര്‍ഡിനേറ്ററുമാണെങ്കിലും പദ്ധതി നിര്‍വഹണത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത് അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ആണ്. ഈ തസ്തികകളില്‍ വകുപ്പ് മാറ്റ നിയമനത്തിലൂടെയാണ് അയോഗ്യരായ ആളുകളെ തിരുകിക്കയറ്റുന്നത്. കോഴിക്കോട് ജില്ലയിലെ ഈ തസ്തികയിലേക്ക് നിയോഗിക്കപ്പെട്ടയാള്‍ക്ക് അടിസ്ഥാന യോഗ്യതകള്‍ പോലുമില്ല. ഗസറ്റഡ് തസ്തികയില്‍ 10 വര്‍ഷത്തെ സേവനം ഉണ്ടാവണമെന്ന നിബന്ധന കാറ്റില്‍പറത്തിയാണ് നിയമനം നടന്നത്. മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിയമനം നടന്നതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 70 ശതമാനം നിയമനങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് യൂണിയന്‍ കുറ്റപ്പെടുത്തുന്നത്. ഇത്തരം നിയമനങ്ങള്‍ക്കെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ്. നിരവധി ആരോപണങ്ങളാണ് അക്ഷയ പദ്ധതി നടത്തിപ്പിനെതിരെ ഉയരുന്നത്. സ്വകാര്യ പദ്ധതികള്‍ ഏറ്റെടുത്ത് അതില്‍ നിന്നും വന്‍ തുകകമ്മീഷന്‍ പറ്റുകയാണെന്നാണ് ഒരു പ്രധാന ആരോപണം. കാസര്‍കോട് എഡിസിക്കെതിരെ നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. അക്ഷയ പദ്ധതികളില്‍ നടന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അക്ഷയ സംരംഭകരുടെ സംഘടന ഐ ടി മന്ത്രി, ഐടി സെക്രട്ടറി, ഐടി മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളെ പാപ്പരാക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നാണ് സംരംഭകര്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുവദിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീം പ്രകാരമുള്ള ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. ഐടി മിഷനാണ് ഇത് അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടത്. എന്നാല്‍ ഇത് തടഞ്ഞുവെച്ചത് അക്ഷയ കേന്ദ്രങ്ങളുടെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.