ബിജെപി നേതാവിനെ വീടുകയറി അക്രമിച്ചു

Saturday 11 April 2015 6:35 pm IST

ചെങ്ങന്നൂര്‍: ബിജെപി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റിനെ ബൈക്കിലെത്തിയ മൂന്ന് അംഗസംഘം വീട് കയറി അക്രമിച്ചു. ബിജെപി മുളക്കുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മുളക്കുഴ, അരീക്കര, ശ്യാമാലയത്തില്‍ കൊച്ചുകൃഷ്ണപിളള (63)യെയാണ് സംഘം ക്രൂരമായി അക്രമിച്ചത്. ഏപ്രില്‍ ഒമ്പതിന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാരും, സമീപവാസികളും ഓടിയെത്തുമ്പോഴേക്കും അക്രമിസംഘം ബൈക്കില്‍ കയറി രക്ഷപെടുകയും ചെയ്തു. കൊച്ചുകൃഷ്ണപിള്ളയുടെ തലയ്ക്കും, ഇടത്തേകാലിനും, കണ്ണിനും, മൂക്കിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചെങ്ങന്നൂര്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുളക്കുഴയിലെ അരീക്കരയില്‍ കഴിഞ്ഞ കുറേ നാളുകളായി സാമൂഹ്യവിരുദ്ധര്‍ ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചിരുന്നു. ഇതിനെതിരെ കൊച്ചുകൃഷ്ണപിള്ള ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാകാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടന്നു. യോഗം ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രവീണ്‍ മുളക്കുഴ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ ചെറിയനാട് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.