കൊച്ചി: ഗര്‍ഭാശയ കാന്‍സറിനൊപ്പം അണ്ഡാശയങ്ങള്‍ നീക്കാതെ വയറിലെ ത്വക്കിനടിയില്‍ സുരക്ഷിതമാക്കി വച്ച് രോഗിയുടെ സ്ത്രൈണത നഷ്ടപ്പെടുത്താതെ വിജയകരമായി ശസ്ത്രക്രിയ നടത്തി.
ഇതുമൂലം സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറുകള്‍ ഉണ്ടാകില്ലെന്നു മാത്രമല്ല, ശസ്ത്രക്രിയ നടത്തിയ വസ്തി പ്രദേശത്ത് റേഡിയോതെറാപ്പി വേണ്ടിവന്നാല്‍ അണ്ഡാശയത്തിന് കേടുണ്ടാകാതെ സംരക്ഷിക്കാനുമാകുമെന്ന് ശസ്ത്രക്രിയ നടത്തിയ കാന്‍സര്‍ സര്ജന് ഡോ. ചിത്രതാര ചൂണ്ടിക്കാട്ടി.
സ്ത്രീജന്യ കാന്സറുകളല്ലാതെ തന്നെ ഗര്‍ഭാശയം നീക്കം ചെയ്യേണ്ടി വരുന്ന ഒരുപാട് അവസ്ഥകളുണ്ട്. ഈ അവസരങ്ങളില്‍, അപകടകരമായ അണ്ഡാശയ കാന്‍സര്‍ ഇല്ലാത്ത 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകളില്‍ അണ്ഡാശയങ്ങള്‍ നീക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് ഡോ. ചിത്രതാര ചൂണ്ടിക്കാട്ടി. എന്നാല്‍ ഗര്‍ഭാശയ കാന്‍സര്‍ സര്‍ജറിയില്‍ അണ്ഡാശയങ്ങള്‍ കൂടി നീക്കം ചെയ്യുകയാണ് സാധാരണ പതിവ്.
പ്രാരംഭ ഘട്ടത്തിലെ കാന്‍സറുകളില്‍ അണ്ഡാശയം നിലനിര്‍ത്തുന്നതില്‍ വലിയ അപകടമില്ല എന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് വിലയേറിയ തുടര്‍ പരിശോധനകളും സൂക്ഷ്മനിരീക്ഷണവും ആവശ്യമാണ്. അണ്ഡാശയം തല്‍സ്ഥാനത്തു തന്നെ നിലനിര്‍ത്തുമ്പോള്‍ പിന്നീട് റേഡിയേഷന് വേണ്ടി വന്നാല്‍ തത്ഫലമായി അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായേക്കാം. മാത്രമല്ല റേഡിയേഷന് മൂലം അണ്ഡങ്ങളില്‍ ജനിതക വ്യതിയാനം ഉണ്ടാകാം.
അങ്ങനെയായാല്‍ ടെസ്റ്റ്യൂബ് ശിശുവിനു വേണ്ടി ഈ അണ്ഡങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാതെ വരും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി അണ്ഡാശയങ്ങളെ റേഡിയേഷന് കൊടുക്കുന്ന വസ്തി പ്രദേശത്തു നിന്നു മാറ്റി വയറിനകത്തു തന്നെ മേല്‍വയറ്റില്‍ സൂക്ഷിക്കുന്ന രീതി പ്രചാരത്തിലുണ്ട്. വയറില്‍ നിന്നും പുറത്തെടുത്ത് വയറിലെ ത്വക്കിനടിയില്‍ സൂക്ഷിക്കുന്ന ശസ്ത്രക്രിയാ രീതി ഇന്ത്യയില്‍ ആദ്യമാണെന്ന് അവര്‍ അവകാശപ്പെട്ടു.
അണ്ഡാശയത്തിലേക്കുള്ള രക്തധമനികള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഇവ വസ്തി പ്രദേശത്തു നിന്നു വയറിന്റെ മുകള്‍ ഭാഗത്ത് ത്വക്കിനടിയിലേക്കു മാറ്റി വയ്ക്കുന്നത് എന്നതിനാല്‍ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയില്‍ തുടരാന്‍ സഹായിക്കും. ഭാവിയില്‍ അണ്ഡാശയത്തില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടാവുകയോ മുഴകള്‍ രൂപപ്പെടുകയോ ചെയ്താല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റും. മാത്രമല്ല കാന്‍സര്‍ കോശങ്ങള്‍ വയറിനുള്ളിലേക്ക് വ്യാപിക്കാതിരിക്കുകയും ചെയ്യും. ഇവ നിശ്ചിത ഭാഗം മാത്രം മരവിപ്പിച്ച് വലിയ ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്യാനും സാധിക്കും. ആശുപത്രി വാസവും ആവശ്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: