മലപ്പുറം: കെ.എം.മാണിയെ എംപവേര്‍ഡ് കമ്മറ്റി ചെയര്‍മാനാക്കിയതില്‍ കോടിയേരി നടത്തുന്നത് കള്ളപ്രചരണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. മലപ്പുറത്ത് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരിലെ ഏറ്റവും സീനിയറായ ധനകാര്യമന്ത്രിയെയാണ് സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാര്യസമിതിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നത.് ഈ സാഹചര്യത്തില്‍ കെ.എം. മാണിയെ സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ചെയര്‍മാനാക്കിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വസ്തുതയും കീഴ്വഴക്കവും അറിഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
കേന്ദ്ര അരിവിഹിതം കുറയാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുമാണ്. പാവപ്പെട്ട ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അനുവദിച്ച 110000 ടണ്‍ അരി കേന്ദ്രത്തില്‍ നിന്നും ഏറ്റെടുക്കുകയും അതിന്റെ പകുതി പോലും വിതരണം ചെയ്യാതെ ഉയര്‍ന്ന വിലക്ക് വിറ്റ് കാശുണ്ടാക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ് കേരളത്തിന് അരി വിഹിതം കുറയാന്‍ കാരണം. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് ശേഷം എല്ലാ റേഷന്‍കടകളിലും ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനുള്ള നടപടി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.നാരായണന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ സി.വാസുദേവന്‍മാസ്റ്റര്‍, കെ. ജനചന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: