അമ്പലവയല്‍ പീഡനം: ആഭ്യന്തര വകുപ്പ് പരാജയമെന്ന് കൊടിക്കുന്നില്‍

Saturday 11 April 2015 10:00 pm IST

തിരുവനന്തപുരം: അമ്പലവയല്‍ പീഡനം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് ശരിയായ വിധമല്ല. വയനാട്ടിലെ അമ്പലവയലിലെ ആദിവാസിപെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കൊടിക്കുന്നില്‍. അമ്പലവയല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം. ആദിവാസിസ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നതിനെതിരെ കര്‍ശനനടപടി സ്വീകരിക്കണം. അവിടെ പുറത്തുവരാത്ത പീഡനങ്ങള്‍ ഇനിയും എത്രയോ ഉണ്ട്. കളക്ടറും എസ്പിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതതല യോഗം വിളിച്ച് സര്‍ക്കാര്‍ ഇതിന് അവസാനമുണ്ടാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് മാത്രം അവകാശപ്പെട്ടതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കറായിരുന്ന കോണ്‍ഗ്രസിലെ എന്‍. ശക്തന്‍ സ്പീക്കറായത്. അതിനാല്‍ തന്നെ ശക്തന്‍ വഹിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും. യുഡിഎഫിലെ ഘടകകക്ഷികള്‍ എല്ലായ്‌പ്പോഴും പല ആവശ്യങ്ങളും ഉന്നയിക്കും. അതുപോലെയാണ് ആര്‍എസ്പിയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ചോദിച്ചിരിക്കുന്നത്. എല്‍ഡിഎഫ് വിട്ടുവന്ന ആര്‍എസ്പിക്ക് യുഡിഎഫിലും സര്‍ക്കാരിലും മാന്യസ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് കെപിസിസിയും യുഡിഎഫുമാണ്. സിപിഎമ്മിലെ കെ.കെ. രാഗേഷിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ പങ്കുവഹിച്ചതിന് ലഭിച്ച റിവാര്‍ഡാണ്. തന്നെ ചതിച്ചത് യുഡിഎഫുകാരാണെന്ന ധനമന്ത്രി കെ.എം. മാണിയുടെ പ്രസ്താവന ഗൗരവകരമാണ്. യുഡിഎഫില്‍ അദ്ദേഹത്തിനുണ്ടായ ദുരനുഭവം എന്താണെന്ന് തുറന്നുപറയണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. ഇപിഎഫ് കുറഞ്ഞ പെന്‍ഷന്‍ തുക 1000 ആക്കി വര്‍ധിപ്പിച്ച നടപടി കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ തുടരണമെന്നും എംപി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.