കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കി

Saturday 11 April 2015 10:48 pm IST

ന്യൂദല്‍ഹി: കര്‍ഷക ക്ഷേമ പദ്ധതിയുടെ ഭാഗമായി പ്രകൃതി ദുരന്തത്തില്‍ കൃഷിനാശമുണ്ടാകുന്നവര്‍ക്ക് നഷ്ട പരിഹാരത്തുക ഇരട്ടിയോളമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കറവപ്പശുവിനെ നഷ്ടമാകുന്ന കര്‍ഷകന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 30,000 രൂപ നഷ്ടപരിഹാരം ലഭിക്കും. ഇതുവരെ ഇത് 16,500 രൂപയായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൃഷിയിടങ്ങളില്‍ അടിയുന്ന എക്കല്‍ നീക്കാന്‍ ഹെക്ടറിന് ആശ്വാസമായി നല്‍കിയിരുന്ന 8,100 രൂപ 12,200 ആക്കി ഉയര്‍ത്തി. മണ്ണിടിച്ചില്‍ മൂലമോ മറ്റോ സമ്പൂര്‍ണ്ണമായി കൃഷിയിടം നശിച്ചാല്‍ നിലവില്‍ നല്‍കിയിരുന്ന ഹെക്ടറിന് കാല്‍ലക്ഷം രൂപയെന്ന തോത് 37,000 രൂപയാക്കി ഉയര്‍ത്തി. കര്‍ഷകര്‍ക്ക് വമ്പിച്ച ആശ്വാസമാണ് പുതിയ സംവിധാനത്തിലൂടെ ലഭ്യമാകാന്‍ പോകുന്നത്. കറവപ്പശു, എരുമ എന്നിവയുടെ നഷ്ടത്തിന് പരിഹാരമായി 30,000 രൂപ ലഭിക്കുമ്പോള്‍ ആടിന്റെ നഷ്ടം നികത്താന്‍ 3,000 രൂപ കിട്ടും. നിലവില്‍ ഇത് 1,650 ആണ്. ഭാരം ചുമക്കുന്ന മൃഗങ്ങളുടെ നഷ്ടപരിഹാരത്തുക 15,000 രൂപയില്‍ നിന്ന് കാല്‍ലക്ഷമാക്കി ഉയര്‍ത്തി. കിടാരികളുടെ നഷ്ടത്തിന് പരിഹാരത്തുക 10000-ല്‍നിന്ന് 16,000 ആക്കി. എക്കലടിഞ്ഞുള്ള കൃഷി നാശത്തിന് ഹെക്ടറിന് 8100 രൂപ ആയിരുന്ന നഷ്ടപരിഹാരത്തുക 12,200 ആക്കിയിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് നഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ക്ക് 33 ശതമാനം സബ്‌സിഡി ലഭിക്കാന്‍ അര്‍ഹതയുണ്ടാകുമെന്ന് പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നതും വിജ്ഞാപനമായി. മുമ്പ് 50 ശതമാനം വിളനാശം സംഭവിച്ചാലേ സബ്‌സിഡിക്ക് പരിഗണിക്കുമായിരുന്നുള്ളു. 2015 ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ചവര്‍ക്കും പുതുക്കിയ വ്യവസ്ഥകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകും. നേരത്തേ 2015 ഏപ്രില്‍ ഒന്നു മുതലായിരുന്നു ഇതിനു വ്യവസ്ഥ നിശ്ചയിച്ചിരുന്നത്. കാര്‍ഷിക വിളകള്‍ക്കും തോട്ടവിളകള്‍ക്കും ഹോര്‍ട്ടി കള്‍ച്ചര്‍ വിളകള്‍ക്കും സബ്‌സിഡി തുക ഹെക്ടറിന് 4500 രൂപയായിരുന്നത് 6800 ആക്കി. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലെ നഷ്ട വിളകള്‍ക്ക് സബ്‌സിഡി തുക 9000 രൂപയില്‍നിന്ന് 13500 ആക്കിയിട്ടുണ്ട്. നാശം വരാത്ത വിളകള്‍ക്കുള്ള സബ്‌സിഡി തുക ഹെക്ടറിന് 12,000 ആയിരുന്നത് 18,000 രൂപയാക്കി. സെറി കള്‍ച്ചര്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായാല്‍ സബ്‌സിഡി തുക നിലവിലുള്ള 3,200-ല്‍നിന്ന് 4,000 രൂപയും 4,800 രൂപ കിട്ടിയിരുന്നവര്‍ക്ക് 6,000 രൂപയും കിട്ടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.