കാലടി : ആദിശങ്കരകുലദേവക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഞ്ച് ദിവസത്തെ അക്ഷയതൃതീയ കനകധാരായജ്ഞം 19 മുതല്‍ 23 വരെ നടക്കും.
ശ്രീ ശങ്കരാചാര്യര്‍ ഉപനയനവേളയില്‍ ഭിക്ഷക്കായി ദരിദ്രമായ ഒരു ഇല്ലത്ത് ചെല്ലുകയും അവിടെ ആകെ ഉണ്ടായിരുന്ന കുറച്ച് ഉണക്കനെല്ലിക്കകള് നിറഞ്ഞ മനസ്സോടെ വൃദ്ധയായ അന്തര്‍ജ്ജനം നല്‍കുകയും ചെയ്തു.
വൃദ്ധയായ ഈ അന്തര്‍ജ്ജനത്തിന് അഷ്ട ഐശ്വര്യങ്ങളും നല്കണമേ എന്ന് കനകധാര സ്തോത്രം ചൊല്ലി ലക്ഷ്മീദേവിയോട് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹവര്‍ഷമായി സ്വര്‍ണ്ണനെല്ലിക്കകള്‍ പെയ്തു എന്നുമാണ് ഐതിഹ്യം. ഈ മന സ്വര്‍ണ്ണത്തുമന എന്ന പേരില്‍ സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി ഇന്നും നിലനില്ക്കുന്നു. ഈ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് കനകധാരായജ്ഞം.
19ന് രാവിലെ മഹാഗണപതിഹോമം തുടര്‍ന്ന് യന്ത്രങ്ങളും നെല്ലിക്കകളും പുറ്റുമണ്‍ നാല്പ്പാമരകഷായപുണ്യാഹ ശുദ്ധിക്രിയകള്‍ക്ക് ശേഷം കനകധാരാ യജ്ഞത്തിന് തുടക്കമാകും. 32 ബ്രാഹ്മണശ്രേഷ്ഠര്‍, പതിനായിരത്തിയെട്ട് ഉരു കനകധാരാസ്തോത്രം ജപിക്കുന്നു. യന്ത്രവിധികള്ക്കനുസൃതമായി തയ്യാറാക്കുന്ന കനകധാര മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി, നെല്ലിക്കകളും യജ്ഞമണ്ഡപത്തില്‍ ലക്ഷ്മീനാരായണവിഗ്രഹങ്ങള്ക്ക് മുമ്പില്‍ പ്രതിഷ്ഠിക്കുന്നു.
കനകധാരാസ്തോത്രം ചൊല്ലി സ്വര്‍ണ്ണനെല്ലിക്കകള്‍ പെയ്തതിനാല്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് ഏറ്റവും നല്ല ദിവസമായ അക്ഷയതൃതീയദിനമായ 21ന് രാവിലെ അനുഗ്രഹപുണ്യം നിറഞ്ഞുനില്ക്കുന്ന അന്തരീക്ഷത്തില്‍ കനകലക്ഷ്മിയുടെ വിഗ്രഹത്തില്‍ സ്വര്ണ്ണനെല്ലിക്കകൊണ്ട് കനകാഭിഷേകം നടത്തിയശേഷം സ്വര്‍ണ്ണം, വെള്ളി നെല്ലിക്കകളും മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കും.
ദിവസവും വൈകുന്നേരം ആറിന് ലക്ഷ്മീനാരായണ വിഗ്രഹങ്ങള്‍ പൂര്‍ണ്ണാനദിയില്‍ അഭിഷേകം നടത്തും. ശങ്കാരചാര്യരുടെ നിത്യസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ നമസ്ക്കാര മണ്ഡപത്തില്‍ തൃശൂര്‍ ബ്രഹ്മസ്വംമഠത്തിലെ വേദപണ്ഡിതരുടെ വേദമുറജപവും 19ന് നടക്കും. വൈകുന്നേരം ഏഴിന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫ. വസന്തയുടെ പ്രഭാഷണം.
ശ്രീശങ്കരജയന്തിദിനമായ 23ന് വൈകുന്നേരം 6.30ന് സവിശേഷമായ മാതൃവന്ദനം ചടങ്ങ് യജ്ഞത്തോടൊപ്പം നടക്കും. ശ്രീ ശങ്കരാചാര്യരുടെ മാതൃപഞ്ചകം ചൊല്ലി ഫലമൂലാദികളും വസ്ത്രവും നല്കി ശങ്കരാചാര്യരുടെ 32 വര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കി 32 അമ്മമാരെ ആദരിക്കുന്നു. ക്ഷേത്രം തന്ത്രി കിടങ്ങാശ്ശേരി രാമന് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ ആവണപറമ്പ് പ്രദീപ് നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരിയാണ്. മാതൃവന്ദനചടങ്ങില് 50 വയസ്സുകഴിഞ്ഞ അമ്മമാര്‍ക്ക് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും കനകധാരായജ്ഞത്തിനും 9895632658, 9388862321 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: