ദല്‍ഹിയില്‍ 198 കോടിയുടെ അംബേദ്കര്‍ സ്മാരകം; നരേന്ദ്ര മോദി തറക്കല്ലിടും

Monday 13 April 2015 7:36 pm IST

ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ടായി കേന്ദ്ര സര്‍ക്കാരുകള്‍ക്കൊന്നും കഴിയാഞ്ഞ കാര്യം എട്ടുമാസം മാത്രം പിന്നിട്ട മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നു. ദലിത വിഭാഗത്തില്‍നിന്നുയര്‍ന്നുവന്ന ഭാരതനേതാവ് ഡോ. അംബേദ്കറുടെ സ്മാരകമായി ദല്‍ഹിയില്‍ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാനുള്ള വന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകാതെ നിര്‍വഹിക്കും. മിക്കവാറും ഏപ്രില്‍ 20-ന് ഈ മഹദ്കര്‍മ്മം നടന്നേക്കുമെന്നാണ് അറിയുന്നത്. ന്യൂദല്‍ഹി ജന്‍പഥിലെ ല്യൂട്ടന്‍സ് ബംഗ്ലാവിരിക്കുന്ന പ്രദേശത്താണ് നിര്‍മ്മാണം നടത്തുക. ഈ മഹാനിര്‍മ്മാണത്തിന് 198 കോടി ചെലവിടാനാണ് സര്‍ക്കാര്‍ പദ്ധതി. അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്റര്‍, മ്യൂസിയം, ലൈബ്രറി എന്നിവയടങ്ങുന്നതാണ് സ്മാരകം. ഈ സ്മാരകത്തിന്റെ കഥ ഏറെ നീണ്ടതാണ്. ജാതികൊണ്ട് രാഷ്ട്രീയം കളിച്ച വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ അംബേദ്കര്‍ ജന്മശതാബ്ദി ആഘോഷിച്ച 1990-ലാണ് പദ്ധതിക്കു തീരുമാനമെടുത്തത്. വി.പി. സിങ്ങുപോയി, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ദേവെ ഗൗഡയും ഐ. കെ. ഗുജ്‌റാളും പ്രധാനമന്ത്രിയായെങ്കിലും പദ്ധതിക്കു വേണ്ടി ഒന്നും ചെയ്തില്ല. ഈ സര്‍ക്കാരുകളിലും പില്‍ക്കാലത്ത് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളിലും വന്‍സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷ പാര്‍ട്ടികളും അംബേദ്കര്‍ സ്മാരകത്തിനു വേണ്ടി ചെറുവിരല്‍പോലും അനക്കിയില്ല. ആ സ്മാരക പ്രഖ്യാപനമാണ് മോദിസര്‍ക്കാര്‍ ഇപ്പോള്‍ സമാരംഭിക്കാന്‍ പോകുന്നത്. ഇനിയുമുണ്ട് മുന്‍കാലത്തെ കേന്ദ്ര സര്‍ക്കാരുകളും അംബേദ്കര്‍ പ്രേമം പ്രസംഗിക്കുന്ന വിവിധ പാര്‍ട്ടികളും കൈക്കൊണ്ട വികൃതികള്‍. വി.പി. സിങ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റി അംബേദ്കര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കണമെന്നു തീരുമാനിച്ചിരുന്നു. 1992-ല്‍ പ്രധാനമന്ത്രിയായിരിക്കെ പി. വി. നരസിംഹ റാവു സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ അത്തരമൊരു സമിതിയുണ്ടാക്കി. എന്നാല്‍ മുന്നോ നാലോ യോഗങ്ങള്‍ ചേര്‍ന്നതല്ലാതെ ഒന്നും ചെയ്തില്ല. പിന്നീട് 2011-ല്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പു മുന്‍നിര്‍ത്തി ഈ സ്മാരകത്തെക്കുറിച്ച് ഓര്‍ത്തു. അംബേദ്കറെ നേതാവായി പ്രഖ്യാപിച്ചിട്ടുള്ള ബിഎസ്പിയെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ് അടവായിരുന്നു അത്. അതിന്റെ ഭാഗമായി 2011-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അംബേദ്കര്‍ സ്മാരക കാര്യങ്ങള്‍ക്കു സമിതിയുണ്ടാക്കി മന്ത്രി മുകുള്‍ വാസ്‌നിക്കിനെ അതിനു ചുമതലപ്പെടുത്തി. പക്ഷേ ദല്‍ഹി-യുപി തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അക്കാര്യം മറന്നു. മോദി സര്‍ക്കാര്‍ വന്നപ്പോള്‍ പദ്ധതി പൊടിതട്ടിയെടുത്തു. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രാലയം 2014 ആഗസ്റ്റില്‍ നഗരവികസന വകുപ്പിനോട് അനുമതി ചോദിച്ചു. അവരതു വിദഗ്ദ്ധ സമിതിയുടെ അഭിപ്രായമറിയാന്‍ വിട്ടു. ഒക്‌ടോബറില്‍ അവര്‍ അനുമതി നല്‍കി പരിസ്ഥിതി വകുപ്പിനയച്ചു. അങ്ങനെ പദ്ധതിക്ക് എല്ലാ അനുമതിയും ലഭിച്ചു. ഭരണ സംവിധാനത്തിലെ അതിവേഗ നടപടികള്‍ അങ്ങനെ നടന്നു. കഴിഞ്ഞയാഴ്ച മുംബൈയില്‍ അംബേദ്കര്‍ സ്മാരകത്തിനു ഭൂമി അനുവദിക്കാന്‍ കൈക്കൊണ്ട നടപടിപോലെ ഝടുതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയാണ്. തറക്കല്ലിടല്‍ വമ്പിച്ച പരിപാടിയാക്കാനാണ് ആലോചന. സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ബിജെപിയും അംബേദ്കര്‍ ജയന്തി അതിവിപുലമായി, രാജ്യവ്യാപകമായി, ആഘോഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അംബേദ്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പും നാണയവും ഇറക്കണമെന്ന് ബിജെപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.