ഭീകരര്‍ കൊല്ലപ്പെട്ട സംഭവം: എസ്‌ഐടി അന്വേഷിക്കും

Monday 13 April 2015 7:40 pm IST

ഹൈദരാബാദ്: കോടതിയിലേക്ക് കൊണ്ടുപോകുവഴി അഞ്ച് ഭീകരന്മാര്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയമിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവമുണ്ടായത്. അഞ്ച് ഐഎസ്‌ഐ ഭീകരരെ വിചാരണയ്ക്ക് കോടതിയിലേക്ക് കൊണ്ടുപോകുംവഴി പോലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ചുഭീകരരും കൊല്ലപ്പെട്ടിരുന്നു. ചില സംഘടനകള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതിനെതുടര്‍ന്നാണ് വിശദമായി അന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടത്. ഹൈദരാബാദ് സ്വദേശികളായ ഭീകരന്മാരായ വിഖ്വര്‍ അഹമ്മദ്, സെയ്ദ് അംജദ് അലി, മുഹമ്മദ് സക്കീര്‍, അഹമ്മദാബാദില്‍ നിന്നുള്ള മുഹമ്മദ് ഹനീഫ് എലിയാസ്, ഉത്തര്‍പ്രദേശുകാരനായ ഇസര്‍ഖാന്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കോടതിയിലേക്ക് കൊണ്ടുപോകുംവഴി പ്രാഥമിക ആവശ്യത്തിനായി വാന്‍ നിര്‍ത്താന്‍ വിഖ്വര്‍ അഹമ്മദ് ആവശ്യപ്പെട്ടു. വാന്‍ തിരിക്കുന്നതിനിടയില്‍ ഒരു കോണ്‍സ്റ്റബിളിന്റെ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. മറ്റ് നാലുപേരും പോലീസിന്റെ തോക്ക് തട്ടിയെടുക്കുവാനുള്ള ശ്രമിച്ചപ്പോള്‍ സ്വയരക്ഷക്ക് പോലീസ് വെടിവെക്കുകയായിരുന്നു. ഹൈദരാബാദിലും അഹമ്മദാബാദിലും പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇവര്‍. ചില മുസ്ലിം സംഘടനകളാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. ജയിലില്‍ കിടക്കുന്ന മുസ്ലിം കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.