ഡെര്‍ബിയില്‍ സിറ്റിക്കെതിരെ യുണൈറ്റഡിന് ജയം

Monday 13 April 2015 9:38 pm IST

ലണ്ടന്‍: മാഞ്ചസ്റ്റര്‍ നഗരത്തിന്റെ അധിപതി ആരാണ്?. യുണൈറ്റഡിന്റെ നിഴലില്‍ നിന്നു പുറത്തുചാടിയ മാഞ്ചസ്റ്റര്‍ സിറ്റി ആ പട്ടം കുറേക്കാലമായി തലയില്‍ ചൂടുകയായിരുന്നു. ഒടുവിലൊരു സൂപ്പര്‍ സണ്‍ഡേയില്‍ മാന്‍.യു ആ നഷ്ടകിരീടം വീണ്ടെടുത്തു. ലോകം ഉറ്റുനോക്കിയ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്കുമേല്‍ യുണൈറ്റഡിന് രണ്ടിനെതിരെ നാലു ഗോളിന്റെ ജയം. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ അഞ്ച് നാട്ടങ്കങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ചുവന്ന ചെകുത്താന്‍മാര്‍ പരാജയപ്പെടുത്തുന്നതും ഇതാദ്യം. ആഷ്‌ലി യങ് (14-ാം മിനിറ്റ്), മറൗനെ ഫെല്ലൈനി (27), യുവാന്‍ മാറ്റ (67), ക്രിസ് സ്മാളിങ് (73) എന്നിവര്‍ മാന്‍.യുവിനുവേണ്ടി വെടിപൊട്ടിച്ചപ്പോള്‍ സെര്‍ജിയോ അഗ്യൂറോ (8, 89) സിറ്റിയുടെ ആശ്വാസ ഗോളുകളുടെ ബ്രഹ്മനായി. ഓള്‍ഡ് ട്രാഫോര്‍ഡിലെ ഹൈടെക് കാല്‍പ്പന്ത് യുദ്ധത്തിന്റെ തുടക്കം സിറ്റിയുടെ ആധിപത്യത്തോടെയായിരുന്നു. എട്ടാം മിനിറ്റില്‍ അഗ്യൂറോ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. പിന്നെ കളിയുടെ ഗതിമാറിമറിഞ്ഞു. ആഷ്‌ലി യങ്ങും മൈക്കല്‍ കാരിക്കും മാന്‍.യുവിനുവേണ്ടി അറിഞ്ഞുപന്തുതട്ടി. ഫെല്ലൈനിയുടെ മസില്‍ പവറും സിറ്റിക്ക് വിലങ്ങുതടിതീര്‍ത്തു. അഗ്യൂറോയുടെ ഗോളിന്റെ ലഹരിയില്‍ സിറ്റി മറ്റൊരെണ്ണത്തിന് കിണഞ്ഞു ശ്രമിക്കവെയായിരുന്നു മാന്‍.യുവിന്റെ തിരിച്ചുവരവ്. ആന്‍ഡെര്‍ ഹെരേരയുടെ താഴ്ന്ന ക്രോസ് വലയിലെത്തിച്ച് യങ് ആ ജോലി ഭംഗിയാക്കി (1-1). അധികം വൈകാതെ യങ് വീണ്ടും തനിനിറം കാട്ടി. ഇടതു വിങ്ങുവഴി ഡാലെ ബ്ലൈന്‍ഡുമൊത്ത് മുന്നേറിയ യങ് മറിച്ച ക്രോസിന് ഫെല്ലൈനി പൂര്‍ണതയേകുമ്പോള്‍ സ്‌കോര്‍,2-1. രണ്ടാം പകുതിയിലും മാന്‍.യു മുന്‍തൂക്കം കാത്തു. വെയ്ന്‍ റൂണിയിലൂടെ വന്ന പന്ത് ഗോള്‍വര താണ്ടിച്ച് മാറ്റ അതിനെ നീതീകരിച്ചു (3-1). റൂണിയുടെ ഫ്രീ കിക്കില്‍ തലവെച്ച് സ്മാളിങ്ങും ഗോള്‍ ഷീറ്റിലെത്തി (4-1). അവസാനം ക്ലബ്ബിന്റെ കുപ്പായത്തില്‍ അഗ്യൂറോ നേടിയ 100-ാം ഗോള്‍ സിറ്റിയുടെ തോല്‍വിഭാരം ഒന്നുകൂടി കുറച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.