വയസ്സന്‍ പാര്‍ട്ടിയില്‍ യുവാക്കളില്ലാതാകുന്നെന്ന് സിപിഎം

Monday 13 April 2015 10:26 pm IST

വിശാഖപട്ടണം: സിപിഎമ്മിന് വയസ്സാകുന്നെന്നും പാര്‍ട്ടിയില്‍ യുവാക്കളില്ലാതെയാകുന്നെന്നും സ്വയം വിലയിരുത്തി തയ്യാറാക്കിയ സംഘടനാ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് വിശാഖപട്ടണത്ത് തുടക്കം. രാവിലെ 10.30ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നു തവണ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തികച്ച പ്രകാശ് കാരാട്ടിനു പകരം പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച പാര്‍ട്ടിയിലെ ഭിന്നതകളും പാര്‍ട്ടി കോണ്‍ഗ്രസിനെ ശ്രദ്ധേയമാക്കുന്നു. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ സിപിഎമ്മിന്റെ ബഹുജന അടിത്തറ തകര്‍ന്നതായും തെറ്റുതിരുത്തല്‍ പ്രക്രിയ ഫലപ്രദമായി നിര്‍വഹിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ പാര്‍ട്ടിയില്‍ മദ്യപാനികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതടക്കമുള്ള കുറ്റപ്പെടുത്തലുകളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേതാക്കളില്‍ പലരും ഊഹക്കച്ചവടം, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പണം പലിശയ്ക്ക് നല്‍കുന്നലും മറ്റുമാണ് വലിയൊരു വിഭാഗം നേതാക്കള്‍ക്കും താല്‍പ്പര്യം. പുരോഗമന മൂല്യങ്ങള്‍ നേതാക്കളില്‍ നിന്നും അപ്രത്യക്ഷമായി വരികയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കേരളത്തിലെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളില്‍ പകുതിപ്പേരും 46 വയസ്സിനു മുകളില്‍ പ്രായമുള്ള നേതാക്കളായിരുന്നു. യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളായ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നിവയിലെ അംഗങ്ങളുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി. പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ വെറും വഴിപാടു മാത്രമായി മാറി. നേതാക്കളെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഇന്ന് പ്രകാശ് കാരാട്ട് പാര്‍ട്ടി കോണ്‍ഗ്രസിലെ 749 പ്രതിനിധികള്‍ക്ക് മുന്നില്‍ വായിക്കും. ഇന്നലെ ഉച്ചയ്ക്ക് ശേഷം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയോഗവും വിശാഖപട്ടണത്ത് ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പരസ്യമായി ശാസിച്ച വിഷയം പാര്‍ട്ടിയുടെ സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഇന്നലെ ഉച്ചയോടെ വിശാഖപട്ടണത്തിലെത്തിയ വിഎസ്, പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നും കേന്ദ്രകമ്മറ്റിയില്‍ തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും വിഎസ് പറഞ്ഞു. അതിനിടെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് സിപിഎമ്മില്‍ വലിയ ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. സീതാറാം യെച്ചൂരിയും എസ്.രാമചന്ദ്രന്‍പിള്ളയും തമ്മിലുള്ള മത്സരം പ്രതിനിധികളിലേക്കും എത്തിയിട്ടുണ്ട്. കേരള ഘടകം പൂര്‍ണ്ണമായും എസ്ആര്‍പിയെ പിന്തുണയ്ക്കുമ്പോള്‍ ബംഗാള്‍,ദല്‍ഹി, ആന്ധ്രാ തുടങ്ങിയ സംസ്ഥാന ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കാണ്. എന്നാല്‍ നിലവിലെ പാര്‍ട്ടി നയങ്ങളില്‍ നിന്നും യെച്ചൂരി ജനറല്‍ സെക്രട്ടറിയായാല്‍ വ്യതിയാനം ഉണ്ടാകുമെന്ന സംശയമാണ് യെച്ചൂരിയെ മാറ്റിനിര്‍ത്തുന്നതിനായി ശ്രമങ്ങള്‍ സജീവമാകാന്‍ കാരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.