മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്: സുരക്ഷ കര്‍ശനമാക്കി

Tuesday 14 April 2015 12:04 pm IST

മുംബൈ: ലഷ്‌കറെ ത്വെയിബ ഭീകരര്‍ മുംബൈ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നു രഹസ്യാന്വേഷണ വിഭാഗം മുംബൈ പോലീസിനു കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും കര്‍ശന സുരക്ഷയൊരുക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഷ്‌കര്‍ ഇ ത്വെയിബ രാജ്യത്താകമാനം ആക്രമണത്തിനു പദ്ധതിയിടുന്നുണ്ടന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഭീകരര്‍ കടല്‍മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായാണ് പോലീസ് സംശയം പ്രകടിപ്പിച്ചത്. രണ്ടു മാസത്തിനകം ആക്രമണം നടത്താനാണു തീവ്രവാദികളുടെ പദ്ധതി. മുബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായ സാഹചര്യത്തിലാണു തീവ്രവാദി സംഘടനകള്‍ ആക്രമണത്തിനു പദ്ധതിയിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2008ല്‍ മുംബൈയിലെ രണ്ടു ആഡംബര ഹോട്ടലുകള്‍, റയില്‍വേ സ്‌റ്റേഷന്‍, ജൂതത്തെരുവ് എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഭീകരര്‍ കടല്‍ മാര്‍ഗമാണ് ഇന്ത്യയിലെത്തിയത്. അതേത്തുടര്‍ന്ന് തീരദേശ സുരക്ഷ ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.