വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

Tuesday 14 April 2015 7:17 pm IST

ആലപ്പുഴ: ഐശ്വര്യത്തിന്റെയും നന്മയുടെയും പൊന്‍കണി ദര്‍ശനത്തിന് നാടൊരുങ്ങി. ഗതകാല സ്മരണകളുണര്‍ത്തി വിഷു വീണ്ടും വിരുന്നെത്തുന്നു. വിളവെടുപ്പിന്റെ ഉത്സവത്തെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ വിഷക്കണി ദര്‍ശനത്തിത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ ക്ഷേത്രങ്ങളില്‍ നാളെ പുലര്‍ച്ചെ മുതല്‍ കൈനീട്ട വിതരണം ആരംഭിക്കും. കണി കണ്ടു കുടുംബത്തിലെ കാരണവരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും കൈനീട്ടം വാങ്ങുന്നത് ഒരു വര്‍ഷമാകെ ഐശ്വര്യപൂര്‍ണമാക്കുമെന്നാണ് സങ്കല്‍പം. വിഷുവിപണിയും സജീവമായി. വിഷുക്കണി ഒരുക്കാന്‍ നാടന്‍ വെള്ളരിക്കാണ് പ്രിയമേറെ. കരപ്പുറത്തെ വെള്ളരി കര്‍ഷകര്‍ വിളവെടുപ്പ് ഉത്സവത്തിലാണ്. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, പള്ളിപ്പുറം എന്നിവിടങ്ങളിലെ വെള്ളരി കൃഷിയിടങ്ങളില്‍ വിഷുക്കച്ചവടം മുന്നില്‍ക്കണ്ടുള്ള വിളവെടുപ്പ് സജിവമായിരുന്നു. മകരക്കൊയ്ത്തിനുശേഷം വയലുകളില്‍ ഇടവിളയായി നൂറോളം കര്‍ഷകരാണ് വെള്ളരിക്കൃഷി നടത്തിയത്. വിഷുവിന് വിളവെടുപ്പ് ലക്ഷ്യമിട്ടായിരുന്നു കൃഷി. വേനല്‍മഴ ലഭിച്ചതിനാല്‍ മിക്കവര്‍ക്കും നല്ല വിളവ് ലഭിച്ചു. വിഷു പ്രമാണിച്ച് ആവശ്യക്കാര്‍ എത്തിയപ്പോള്‍ വെള്ളരിവിപണി ഉണര്‍ന്നു. ഒരു കിലോ വെള്ളരിക്ക് 10 രൂപയില്‍നിന്ന് 30 രൂപയായി. വിഷുവിന് ശേഷം വെള്ളരിക്ക് വില കുറയും. അതിനാല്‍ വിഷുവിനുതന്നെ വിളവെടുപ്പ് പൂര്‍ത്തിയാക്കാനാണ് കര്‍ഷകര്‍ പരിശ്രമിക്കുന്നത്. പൊതുവിപണിയിലും പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ തിരക്കനുഭവപ്പെട്ടു തുടങ്ങി. കണിയൊരുക്കുന്നതിന് ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ വാങ്ങാനും ആളേറെയാണ്. പടക്കവിപണിയിലും മത്താപ്പൂവും നിലാത്തിരിയും കമ്പിത്തിരിയും കുരവപ്പൂവും പാളിപ്പടക്കവും ഓലപ്പടക്കവുമെല്ലാം വാങ്ങാന്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 500, 700 രൂപ വീതം നല്‍കിയാല്‍ പടക്കങ്ങളുടെ കിറ്റുകളും ലഭിക്കും. എങ്കിലും ഏരിയല്‍സ് എന്നറിയപ്പെടുന്ന ഷോട്ട് പടക്കങ്ങളാണു വിഷു വിപണിയില്‍ രാജാവ്. 12 മുതല്‍ 240 വരെയുള്ള ഷോട്ടുകളുടെ പായ്ക്കറ്റിനു 200 മുതല്‍ 3,500 വരെ രൂപയാണു നിരക്ക്. പായ്ക്കറ്റിനു 40 മുതല്‍ 70 വരെ രൂപയുള്ള കിറ്റ്കാറ്റ് എന്നറിയപ്പെടുന്ന ആകാശത്തു പൂക്കളം തീര്‍ത്തു പൊട്ടുന്ന പടക്കം ഏറെ പ്രിയങ്കരമായി. ചൈനീസ് പടക്കങ്ങള്‍ വിപണി കീഴടക്കികഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.