വിഷുപ്പക്ഷി വന്നില്ലല്ലോ!

Tuesday 14 April 2015 9:11 pm IST

''അമ്മമ്മേ, സ്‌കൂളെല്ലാം പൂട്ടി, ഇനിയും വിഷുപ്പക്ഷി വന്നില്ലല്ലോ?''- കൊച്ചുഗായത്രി ചോദിക്കുന്നു. ആ കുഞ്ഞിക്കണ്ണുകളിലെ ജിജ്ഞാസ ഞാന്‍ കൗതുകത്തോടെ നോക്കിനിന്നു. ''വാസ്തവം! ഇനിയും വിഷുപ്പക്ഷി വന്നില്ല.'' ഗായത്രി വീണ്ടും ചോദിക്കുന്നു: ''അപ്പൊ, ഇപ്രാവശ്യം വിഷു വരില്ലേ? അമ്മൂമ്മേ?'' ഞാന്‍: ''വരും. തീര്‍ച്ചയായും വിഷു വരും. കാലം ഒരിക്കലും മാറിപ്പോകില്ല. കാലചക്രത്തിന്റെ തിരിച്ചിലില്‍ സൂര്യന്‍ മീനംരാശിയില്‍നിന്നും മേടം രാശിയിലേക്ക് വരാതിരിക്കില്ല. അന്ന് രാത്രിയും പകലും തുല്യമായിരിക്കും. സൂര്യന്‍ നമ്മുടെ തലയ്ക്ക് മുകളിലൂടെ തെക്കോട്ടും വടക്കോട്ടും മാറാതെ നേരെ കിഴക്കുപടിഞ്ഞാറായിട്ടായിരിക്കും സഞ്ചരിക്കുന്നത്. ഗായത്രി: ''എന്നിട്ടും ഇപ്രാവശ്യം കണിക്കൊന്ന നേരത്തെ പൂത്തല്ലോ?'' അടുത്ത തലമുറയുടെ ഈ ചോദ്യത്തിന് എന്തുത്തരം പറയണമെന്നറിയാതെ ഞാന്‍ ഒന്നു പകച്ചു. ഗായത്രിയുടെ അമ്മക്ക് സംശയം: ''ഈ ആഘോഷൊക്കെ പഴയ ആള്‍ക്കാര് ഓരോ വിഡ്ഢിത്തം ചെയ്തിരുന്നതല്ലെ?'' ഗായത്രിയുടെ അച്ഛനും അതിനെ അനുകൂലിക്കുന്നു:- അച്ഛന്‍: ''കൃഷി ഉപജീവനമായിരുന്ന ആ നാളുകളില്‍ അവര്‍ക്ക്  ഇതെല്ലാം ഒരു ആവശ്യമായിരുന്നിരിക്കാം. പക്ഷെ ഇപ്പോള്‍ ഇതെല്ലാം ബിഗ് ബസാറില്‍ കിറ്റായി കിട്ടുന്നുണ്ട്.'' ഞാന്‍: ''പോയ തലമുറയെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന ഇന്നത്തെ തലമുറയുടെ അഹങ്കാരമല്ലെ വാസ്തവത്തില്‍ ഈ ദുരവസ്ഥക്ക് കാരണം? ഇന്നും മാവില്‍ മാങ്ങയും പ്ലാവില്‍ ചക്കയും ഒക്കെത്തന്നെയാണ് ഉണ്ടാകുന്നത്. പോയ കാലങ്ങളില്‍ സമൃദ്ധിയെ ആയിരുന്നു കണികണ്ടുണര്‍ന്നിരുന്നത്. ഒരുവര്‍ഷത്തേക്കു വേണ്ട സാധനങ്ങളും ധാന്യങ്ങളും ഫലങ്ങളും സൂക്ഷിച്ചുവെക്കുമായിരുന്നു. ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ കിട്ടുന്നത് അന്യസംസ്ഥാനങ്ങളിലെ കാരുണ്യമാണ്. കേരളം ധാന്യവിളകള്‍ക്കു പകരം നാണ്യവിളകള്‍ക്കു പിന്നാെല പോയി. അന്ന് വേനല്‍പ്പള്ളങ്ങളില്‍ (മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍) മത്തനും കുമ്പളവും വെള്ളരിയും നട്ടു. വേനല്‍ച്ചൂടില്‍ വറ്റാറായ കുളങ്ങളില്‍നിന്നും ചേറും മണലും കോരി തെങ്ങിന്‍ചുവട്ടില്‍ ഇട്ടിരുന്നു. തെങ്ങുകള്‍ ഉണങ്ങാതിരിക്കാന്‍ ഒപ്പം ഭൂമിയും! നീരുറവകളില്‍നിന്നും വെള്ളം കോരി പാടത്തു നട്ട പച്ചക്കറികള്‍ക്ക് നനച്ചു. ഒരിക്കലും വറ്റാതെ, എടുക്കുംതോറും വന്നുകൊണ്ടിരുന്ന നീരുറവകള്‍! അന്ന് സൂര്യാഘാതങ്ങളില്ലായിരുന്നു. കാരണം, വൃക്ഷങ്ങള്‍ തങ്ങളുടെ ചില്ലകളാല്‍ ഭൂമിക്ക് കുടപിടിച്ചുകൊടുത്തിരുന്നു. ഇന്നത്തെപ്പോലെ ജലത്തിനായി നെട്ടോട്ടമോടേണ്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് പക്ഷികള്‍ മഴമേഘങ്ങളോടു വിളിച്ചുപറഞ്ഞു- ''കിഴക്ക്‌ക്കേ വാ... കിഴക്ക്‌ക്കേ വാ.... എന്ന്.  തപസ്വികളായ ഋഷികളാണ് പക്ഷികളുടെ രൂപത്തില്‍വന്ന് കാലത്തിന്റെ വരവ് വിളിച്ചറിയിച്ചിരുന്നതെന്നാണ് അന്ന് അമ്മൂമ്മ പറഞ്ഞുകേട്ടിട്ടുള്ളത്. ഋതുക്കളില്‍ അതിമനോഹരമാണ് വസന്തം. അതിലും മനോഹരമാണ് പ്രത്യേകിച്ച് കുന്നിന്‍മുകളില്‍ സൂര്യന്റെ പ്രഭയോടു മത്‌സരിക്കുന്ന കണിക്കൊന്നപൂക്കളും. ഓട്ടുരുളിയില്‍ നല്ല ഉണക്കലരി പരത്തി അതില്‍ കണിവെള്ളരി വെച്ച്, പട്ടുഞൊറിഞ്ഞൊടുപ്പിച്ച് വാല്‍ക്കണ്ണാടിയും ചക്കയും മാങ്ങയും കശുമാങ്ങയും കൂടെ വെള്ളിനാണയങ്ങളും നിരത്തി കണിക്കൊന്നകളാല്‍ അലങ്കരിച്ച ശ്രീകൃഷ്ണവിഗ്രഹവും വെയ്ക്കുന്നു! വിഷുവിന്റന്നാണ് പാടത്ത് ആദ്യം വിത്തിറക്കുന്നത്. പണിചെയ്തിരുന്നവര്‍ കുളിച്ചുവന്ന് കൈക്കോട്ടും പണിയായുധങ്ങളും കഴുകി പൂജിച്ച് ഈ കണി പടിയ്ക്കലെ പാടത്തുവെച്ച്  പൂജിക്കുന്നു. ഉടമസ്ഥര്‍ ആദ്യം ഒരു ചാല്‍ (ഉഴവുചാല്‍) സ്വയം പൂട്ടി വിത്തിടും. പിന്നീട് മറ്റ് പണിയാളരും പൂട്ടി വിത്തിറക്കും. ആ പണിചെയ്യുന്നവര്‍ക്ക് 'വിഷുക്കൈനീട്ടം' കൊടുത്ത് അടുത്ത മകരക്കൊയ്ത്തുവരേക്കുള്ള (അലിഖിത) കരാറായി ഉറപ്പിക്കുന്നു. പിന്നീട് വിഷുക്കഞ്ഞിയും മാങ്ങച്ചമ്മന്തിയും! കൃഷി ചെയ്തുകിട്ടിയ പയറും മൊച്ചക്കൊട്ടയും (പുളിയവര) മത്തങ്ങയും ചക്കയും എല്ലാം ചേര്‍ന്നു നല്ലൊരു പുഴുക്കും. ഉണക്കലരിയില്‍ തേങ്ങ ചിരവിയിട്ട് നല്ല കൊഴുകൊഴുത്ത കഞ്ഞിയും! നമുക്കു വേണ്ടതു തരുന്ന പ്രകൃതിയെ ആ വിഭവങ്ങള്‍കൊണ്ടുതന്നെ പൂജിക്കുന്നു- നല്ല നാളേക്കുവേണ്ടി! പരസ്പരം കൊടുത്തും വാങ്ങിയും ആരോടും പരിഭവമില്ലാതെ തമ്മില്‍ത്തമ്മില്‍ സ്‌നേഹിച്ചിരുന്ന ആ നല്ലകാലത്തിന്റെ ഓര്‍മ്മക്കായി ഇന്നും വിഷു വരുന്നു. ഇപ്പോള്‍ കൊന്നപ്പൂക്കള്‍ നമ്മളെ ഇതെല്ലാം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്താനായിരിക്കണം നേരത്തെതന്നെ പൂക്കുന്നത്! ഗായത്രി പറയുന്നു: ''നമുക്കും വിഷുക്കണിവെച്ച് പ്രാര്‍ത്ഥിക്കാം അല്ലെ? അന്നത്തെപ്പോലെ എല്ലാവരും സ്‌നേഹത്തോടേം സന്തോഷത്തോടേം ഇരിക്കാന്‍! അപ്പോള്‍ വിഷുപ്പക്ഷീം വരുമായിരിക്കും അല്ലെ?'' അതു കേട്ടിട്ടോ എന്തോ അന്നത്തെ മുറ്റത്തെ മയില്‍പ്പീലി മാവിന്റെ കൊമ്പത്തിരുന്ന് അന്നു പാടിയ വിഷുപ്പക്ഷിയുടെ ശബ്ദം ഈ കല്ലടിക്കോടന്‍ മലയുടെ മുകളില്‍നിന്നും ഞാന്‍ കേള്‍ക്കുന്നു. ''വിത്തും കൈക്കോട്ടും....! അതുകേട്ടിട്ടോ എന്തോ കൊച്ചുഗായത്രിയും സന്തോഷത്തോടെ മറ്റൊരു കണിക്കൊന്ന പോലെ ചിരിച്ചുകൊണ്ട് പറയുന്നു:- ''അമ്മമ്മേ! വിഷുപ്പക്ഷി പാടുന്നുണ്ട്. അതാ വിത്തും കൈക്കോട്ടും.'' എന്തോ ഓര്‍ത്തിട്ടെന്നപോലെ അവള്‍ പെട്ടെന്ന് വിളറിയോ? ഗായത്രി:- (തുടര്‍ച്ചയെന്നപോലെ) ''കള്ളന്‍ ചക്കേട്ടു എന്നു പറയുന്നില്ലല്ലോ അമ്മൂമ്മേ?'' അതുകേട്ട് ഞാന്‍ പറഞ്ഞു: ''കുഞ്ഞേ! ഇന്നു ചക്കക്കള്ളന്മാരില്ല. കാരണം ഇന്നത്ര ഭക്ഷണദാരിദ്ര്യമില്ല; പകരം മനസ്സിനാണ് ദാരിദ്ര്യം! ''എന്തുകിട്ടിയാലും തൃപ്തിയില്ലായ്മയാണ്'' എന്ന് ആ പക്ഷിയും തിരിച്ചറിഞ്ഞിരിക്കുന്നു. ഇരിക്കാന്‍ പറ്റിയ മരക്കൂട്ടങ്ങളില്ലാത്തതിനാലായിരിക്കാം ഇതുവരെ വിഷുപ്പക്ഷി വരാഞ്ഞത്! പുതിയ തലമുറയുടെ സങ്കടം കണ്ടിട്ടായിരിക്കാം അല്ലെങ്കില്‍ അവരോടുള്ള പ്രത്യാശയിലായിരിക്കാം- വിഷുപ്പക്ഷി വന്നല്ലോ! കൃഷിയുടെ പ്രാധാന്യം നമ്മളെ  ഓര്‍മ്മിപ്പിച്ചുകൊണ്ട് വിഷുപ്പക്ഷി പാടുന്നു... ''വിത്തും കൈക്കോട്ടും... വിത്തും കൈക്കോട്ടും...'' എന്നുമാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.