ഗുരുവായൂര്‍ വിഷു

Tuesday 14 April 2015 9:34 pm IST

സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു ആഘോഷത്തിന്റെ ഏറ്റവും പ്രത്യേകത വിഷുക്കണി ദര്‍ശനം തന്നെയാണ്. വിഷുപ്പുലരിയില്‍ ഉണ്ണിക്കണ്ണനെ കണികണ്ടുണര്‍ന്നാല്‍ ആ വര്‍ഷം മുഴുവന്‍ ശ്രേഷ്ഠമായിരിക്കുമെന്നാണ് വിശ്വാസം. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കി കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ വെച്ച് പുലര്‍ച്ചെ കണികാണും. എന്നാല്‍  ഗുരുപവനപുരിയിലെത്തി സാക്ഷാല്‍ ഉണ്ണികൃഷ്ണനെ കണികാണുകയെന്നത് ജീവിത പുണ്യമാണ്. വിഷുത്തലേന്ന് വൈകീട്ട് തന്നെ ഭഗവാന് കണികാണുന്നതിനുള്ള കണിയൊരുക്കും. ശ്രീലകത്തെ മുഖമണ്ഡപത്തില്‍ കീഴ്ശാന്തിമാരാണ് ഒരുക്കങ്ങള്‍ നടത്തുക. വലിയ ഓട്ടുരുളിയില്‍ അരി, വെള്ളരി, വാല്‍ക്കണ്ണാടി, നാണയം, ഗ്രന്ഥം, സ്വര്‍ണ്ണം, വസ്ത്രം, ചക്ക, മാങ്ങ, വിഷുവിന്റെ മാത്രം പ്രത്യേകതയായ കൊന്നപ്പൂവ് എന്നിവയാണ് തയ്യാറാക്കി വെക്കുക. വിഷുദിനത്തില്‍ പുലര്‍ച്ചെ രണ്ടരയ്ക്കാണ് കണ്ണന് നിറസമൃദ്ധിയുടെ കണി മേല്‍ശാന്തി കാണിക്കുക. പുതിയ മേല്‍ശാന്തിയായി ചുമതലയേറ്റ മൂര്‍ക്കന്നൂര്‍ ഹരി നമ്പൂതിരിക്കാണ് ഇത്തവണ ഭഗവാന് മുന്നില്‍ കണിയൊരുക്കി കാഴ്ച്ചവെയ്ക്കാനുള്ള ഭാഗ്യം. കണ്ണനെ കാണിച്ച് കഴിഞ്ഞാല്‍ ശ്രീലകത്തെ മുഖമണ്ഡപത്തില്‍ നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, നെയ്‌വിളക്ക് എന്നിവകൊണ്ട് പ്രത്യേകം അലങ്കരിച്ച ഭഗവാന്റെ സ്വര്‍ണ്ണതിടമ്പിന് മുന്നില്‍ ഒരുക്കിയ കണി ഭക്തര്‍ക്ക് കാണാനായി വെയ്ക്കും. ആ സമയം പതിനായിരക്കണക്കിന് ഭക്തരാണ് കൃഷ്ണസന്നിധിയിലെത്തി കണികാണുക. രാവിലെ മൂന്നാനകളുടെ അകമ്പടിയോടെ കാഴ്ചശീവേലിയും ഉണ്ടാകും. വിഷു ദിനത്തില്‍ ഭഗവദ് ദര്‍ശനത്തിനായി തലേദിവസംതന്നെ ഗുരുപവനപുരി നിറഞ്ഞ് കവിയും. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളായ ഏകാദശി, ഉത്സവം, അഷ്ടമിരോഹിണി എന്നിവ പോലെ തന്നെ ഏറെ പ്രാധാന്യവും തിരക്കും അനുഭവപ്പെടുന്നതാണ് വിഷുക്കണി ദര്‍ശനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.