കന്യാകുമാരിയിലെ വിഷു

Tuesday 14 April 2015 9:58 pm IST

കന്യാകുമാരി ജില്ലയില്‍ ഇന്ന് വിഷുവുണ്ടോ എന്ന് എനിക്കറിയില്ല. 1956 നവംബര്‍ ഒന്നിന് കേരളത്തിന്റെ നെല്ലറയായിരുന്ന ആ ജില്ല, തനതു സംസ്‌കാരം പൂത്തുകുമിഞ്ഞുനിന്ന ആ ചില്ല രാഷ്ട്രീയക്കാര്‍ വെട്ടിമുറിച്ച് തമിഴ്‌നാടിന് കൊടുത്തു. സവിശേഷമായ അനേകം ആചാരാനുഷ്ഠാനങ്ങളുടെ പൊന്‍കണിക്കൊന്നകള്‍ക്ക് വേരറ്റു. ഇന്നും ചിലേടത്ത് ഒളിച്ചും പതുങ്ങിയും ആത്മാഭിമാനം നഷ്ടപ്പെട്ടും ചില കൊന്നകള്‍ പൂക്കുന്നുണ്ടാവാം. പക്ഷേ, വിഷുവില്ല. രണ്ടുലക്ഷത്തോളം മലയാളികള്‍ ഉണ്ടാവാം. പക്ഷേ, മലയാളമില്ല. തമിഴ്‌നാട് തമിഴന്-തമിഴല്ലാതെ മറ്റൊരു ഭാഷ അവിടെ ഉച്ചരിക്കാനുള്ള സ്വാതന്ത്ര്യമില്ല. ഭാഷാന്യൂനപക്ഷാവകാശം അവിടെ വെറും മിഥ്യ. ഭാഷയുടെ കാര്യത്തില്‍ തമിഴന്‍ അഭിമാനിയാണ്. നിര്‍ബന്ധബുദ്ധിയാണ്. കേരളംപോലെ നാണവും മാനവും കെട്ട ഒരവസ്ഥ അവിടെയില്ല. ഇവിടെയോ? മാതൃഭാഷയായ മലയാളം മാത്രം ഉച്ചരിക്കാന്‍ പാടില്ല. ഉച്ചരിച്ചാല്‍ തല മൊട്ടയടിക്കും. അവന്റെ മുഖത്ത് കരിമ്പുള്ളിയും ചെമ്പുള്ളിയും കുത്തി കഴുതപ്പുറത്തേറ്റി നാടുകടത്തും. പുലി വരുന്നേ പുലി വരുന്നേ എന്നുപണ്ടൊരു കാലിച്ചെക്കന്‍ വിളിച്ചുകൂവിയതുപോലെ ഭരണഭാഷ മലയാളമാക്കുന്നേ മലയാളമാക്കുന്നേ എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം വിളിച്ചുകൂവുന്ന ഭരണക്കുറുക്കന്മാര്‍ മലയാളത്തെ ഇതിനകം തന്നെ മരണഭാഷയാക്കിക്കഴിഞ്ഞു!തമിഴന്‍ കുളിയ്ക്കില്ലത്രേ! പക്ഷേ അവനു ഭാഷാഭിമാനമുണ്ട്. പെറ്റമ്മയെക്കണ്ടാല്‍ തിരിച്ചറിയാനുള്ള സംസ്‌കാരമുണ്ട്. നമ്മള്‍ മൂന്നുനേരം കുളിക്കും. സ്വന്തം അമ്മയെ കണ്ടാലറിയില്ല! തമിഴകത്ത് പെട്ടുപോയതുകൊണ്ട് അവിടുത്തെ മലയാളിയായ എനിക്കും വിഷുവില്ല.ബാല്യത്തിലെ നേരിയ ചില ഓര്‍മകള്‍ മാത്രം. മുതിര്‍ന്നവര്‍ കുട്ടികളായ ഞങ്ങള്‍ക്ക് ചെറിയ കൈനീട്ടം തരുമായിരുന്നു. കണിയൊരുക്കലും കാണിക്കലുമൊന്നും ഉണ്ടായിരുന്നില്ല. കൈനീട്ടമൊക്കെ താല്‍ക്കാലിക മധുരങ്ങളായി നാവില്‍ അലിഞ്ഞുതീരുകയോ ഊതിവീര്‍പ്പിച്ച വര്‍ണബലൂണുകളായി പൊട്ടിയൊടുങ്ങുകയോ ചെയ്യുമായിരുന്നു. ഏതാണ്ട് അറുപതുവര്‍ഷം മുമ്പത്തെ കാര്യമാണ് ഇപ്പറയുന്നത്. ഇക്കാലത്ത് 'വിഷു' എന്ന് മലയാളത്തില്‍ തെറ്റില്ലാതെ എഴുതാനറിയുന്ന ഒരു പുതിയ തലമുറ അവിടെയുണ്ടോ എന്നുപോലും സംശയം. വിഷുവിന്റെ പ്രഭാതം എന്നില്‍ ഉദിക്കുന്നത് ഞാന്‍ കേരളത്തില്‍ ചേക്കേറിയതിനുശേഷമാണ് എന്നുപറയാം-1972 നുശേഷം. നാടിന്റെ ആചാരങ്ങള്‍, പഴമകള്‍, ശൈലികള്‍, നാടന്‍ പാട്ടുകള്‍, പഴഞ്ചൊല്ലുകള്‍, ഭാഷാ സൗന്ദര്യം തുടങ്ങി എത്രയെത്ര സൗഭാഗ്യങ്ങളാല്‍ സ്വാധീനക്കപ്പെട്ടാലാണ് ഒരു കവിയുടെ മനസ്സിലും ആദ്യമായി ഒരു കണിക്കൊന്ന പൂക്കുക! എല്ലാം ആരാധനയോടെ, കൗതുകത്തോടെ, ആവേശത്തോടെ ഉള്‍ക്കൊള്ളുവാനും അവയുടെ സംസ്‌കാരത്തില്‍ അലിഞ്ഞുചേരുവാനും കഴിഞ്ഞു എന്നതാണ് എന്റെ ചാരിതാര്‍ത്ഥ്യം. പിന്നെ, അവസരമുണ്ടായപ്പോഴൊക്കെ വിഷുവിനെക്കുറിച്ച് എഴുതി ഞാന്‍ കടം വീട്ടുകയായിരുന്നു.21 വര്‍ഷം ആകാശവാണിയില്‍ ആയിരുന്നതുകൊണ്ട് പ്രക്ഷേപണത്തിനുവേണ്ടി എത്രയോ ഗാനങ്ങളും സംഗീതശില്‍പ്പങ്ങളും ചിത്രീകരണങ്ങളുമൊക്കെ എഴുതി.ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നതുപോലെ, അധിനിവേശമതങ്ങള്‍ നിഗൂഢമായും തന്ത്രപൂര്‍വമായും നമ്മുടെ ആചാരങ്ങളെ വിഴുങ്ങിത്തുടങ്ങുകയാണ്. ലോക മഹാസംസ്‌കാരങ്ങളെത്തന്നെ ഉന്മൂലനംചെയ്ത് എല്ലാം കയ്യേറിയ അവര്‍ക്ക് ഈ കൊച്ചുകേരളത്തിന്റെ ഓമനത്തനിമ ആനവായില്‍ വെറും അമ്പഴങ്ങ. ഇപ്പോള്‍ത്തന്നെ നമ്മുടെ വിഷുവിന് മതേതരത്വഭാരംകൊണ്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാതായിരിക്കുന്നു. അത് ഈസ്റ്റര്‍-വിഷു എന്നായിരിക്കുന്നു. ഓണം റംസാന്‍-ഓണം ക്രമേണ ആയിരിക്കുന്നു. ക്രമേണ അതും ഇല്ലാതാകും. നമ്മളാകട്ടെ സഹജമായ നിര്‍വികാരതയിലും നിസ്സംഗതയിലും നിദ്രാലസ്യത്തിലും മുഴുകി 'പോനാല്‍ പോകട്ടും പോടാ...' എന്ന മനോഭാവത്തില്‍ തുടരുകയും ചെയ്യുന്നു. വളരെ തന്ത്രപൂര്‍വം നമ്മുടെ ആസ്തികളെല്ലാം ഹൈജാക്കു ചെയ്യപ്പെട്ടുപോകുമ്പോഴും നമ്മള്‍ പുലര്‍ത്തുന്ന മറ്റാര്‍ക്കുമില്ലാത്ത ഇത്തരം മതേതര നിസ്സംഗതകള്‍ എത്രമാത്രം ആത്മഹത്യാപരമാണ് എന്ന് വരുംതലമുറ അറിയാനിരിക്കുന്നതേയുള്ളൂ. എങ്കിലും അവശേഷിക്കുന്ന വിഷുപ്പക്ഷികള്‍ ലോകാവസാനംവരെ വായ്‌തോരാതെ പാടട്ടെ. തുല്യം തുല്യം നില്‍ക്കുന്ന സുഖദുഃഖങ്ങള്‍ക്ക്, രാപകലുകള്‍ക്ക്, ഹൃദയപൂര്‍വം സ്വാഗതമോതട്ടെ. എല്ലാം സമൃദ്ധമാവട്ടെ. സ്വപ്‌നങ്ങള്‍ പത്താമുദയങ്ങളില്‍ വിതയ്ക്കപ്പെടുകയും പതിനായിരം ജന്മങ്ങളില്‍ നൂറുമേനി വിളയുകയും ചെയ്യട്ടെ. വരുംതലമുറകള്‍ക്ക് സമൃദ്ധിയുടെ വിഷുക്കണികാണാന്‍ ഒരുക്കിവച്ച ഒരു പൊന്നരുളിയാകട്ടെ വിശ്വപ്രകൃതി!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.