വിഷുദിനത്തിലും തോരാത്ത കണ്ണീരുമായി നെല്‍ കര്‍ഷകര്‍

Tuesday 14 April 2015 10:15 pm IST

സ്വന്തം ലേഖകന്‍ കോട്ടയം: കേരളത്തിന്റെ കാര്‍ഷികോത്സവമായ വിഷുദിനത്തിലും തോരാത്ത കണ്ണീരുമായി അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. കുമരകം, ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, വെച്ചൂര്‍, കല്ലറ, തലയാഴം അടക്കമുള്ള പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകരുടെ നെല്ല് ഏറ്റെടുക്കാന്‍ ആളെത്താത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. ആഴ്ചകളായി കൊയ്ത്തുകഴിഞ്ഞ് പാടശേഖരങ്ങളില്‍ മൂടിയിട്ടിരിക്കുകയാണ് നെല്ല്. പതിനായിരക്കണക്കിന് ടണ്‍ നെല്ലാണ് പാടശേഖരങ്ങളില്‍ വിവിധ ഇടങ്ങളിലായി കര്‍ഷകര്‍ ശേഖരിച്ചിട്ടുള്ളത്. നെല്ലിന് തറവില നിശ്ചയിച്ച് സംവരണ ചുമതല സപ്ലൈകോയ്ക്കാണ് അവര്‍ ബ്ലോക്കുതിരിച്ച് സ്വകാര്യ മില്ലുകളെ നെല്ല് ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍ നെല്ല് ഏറ്റെടുക്കാന്‍ ചുമലതലപ്പെട്ട മില്ലുകാര്‍ സമയാസമയങ്ങളില്‍ നെല്ല് ഏറ്റെടുക്കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണെന്നാണ് കര്‍ഷകരുടെ പരാതി. അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ കൊയ്ത്ത് ആരംഭിച്ച സമയത്താണ് ഇക്കുറി വേനല്‍മഴയുമെത്തിയത്. കൊയ്ത്തുകഴിഞ്ഞ് പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ലിനടിയില്‍ ഇതോടെ വെള്ളം കയറി ഈര്‍പ്പമുണ്ടായി. നെല്ല് കിളിര്‍ക്കാനും തുടങ്ങി. നെല്ലിലെ ഈര്‍പ്പവും കിളിര്‍പ്പും കാരണം പറഞ്ഞ് കര്‍കരെ ചൂഷണം ചെയ്യാന്‍ മില്ലുടമകള്‍ ഉപയോഗിക്കുകയാണ്. കൊയ്തുകൂട്ടിയ സമയത്തുതന്നെ നെല്ല് സംഭരിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് നെല്ലു കിളിര്‍ത്ത് നഷ്ടമുണ്ടാകുമായിരുന്നില്ല. സാധാരണ ഉണങ്ങിയ നെല്ലെടുക്കുമ്പോള്‍ 100 കിലോ നെല്ല് തൂക്കിയാല്‍ രണ്ടു കിലോ കുറവു കാണിച്ചാണ് നെല്ല് സംഭരിച്ചിരുന്നത്. എന്നാല്‍ നെല്ലില്‍ ഈര്‍പ്പമുണ്ടായതോടെ രണ്ടുകിലോ കുറവെന്നത് നാലും അഞ്ചും കിലോയായി വര്‍ദ്ധിപ്പിക്കാനാണ് മില്ലുടമകള്‍ ശ്രമിക്കുന്നത്. ഇത്രയും ഭീമമായ കുറവ് അംഗീകരിച്ചില്ലെങ്കില്‍ നെല്ല് എടുക്കാനാവില്ലെന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷകരുടെ ഈ ദുരുതത്തിന് പരിഹാരം കാണേണ്ടതും തീരുമാനമെടുക്കേണ്ടതും പാഡി ഓഫീസര്‍മാരാണ്. എന്നാല്‍ മിക്ക ഓഫീസര്‍മാരും മില്ലുടമകളുമായി ചേര്‍ന്ന് ഈര്‍പ്പത്തിന്റെ പേരില്‍ അമിതമായ കുറവ് കര്‍ഷകരെക്കൊണ്ട് അംഗീകരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷിക്കായി നിലമൊരുക്കുന്നതുമുതല്‍ കൊയ്ത്തുവരെയുള്ള കൃഷിച്ചെലവിനായി ഭൂരിപക്ഷം കര്‍ഷകരും ബാങ്കുവായ്പയും മറ്റുമാണ് ആശ്രയിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞിട്ടും നെല്ല് വിറ്റുപോകാത്തതിനാല്‍ ഇവരിലേറെപ്പേരും കടക്കെണിയിലുമാണ്. ഈ കര്‍ഷകരുടെ കണ്ണുനീരിന് പരിഹാരം കാണാന്‍ ബാദ്ധ്യതപ്പെട്ട ഉദ്യോഗസ്ഥരും സര്‍ക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ കര്‍ഷകര്‍ക്കു പ്രതിഷേധമുണ്ട്. ഓരോ കൃഷിക്കാലം കഴിയുമ്പോഴും ചെറുകിട നാമാത്ര കര്‍ഷകര്‍ക്ക് പതിനായിക്കണക്കിന് രൂപയാണ് നഷ്ടം വരുന്നത്. ഹെക്ടറുകണക്കിന് കൃഷിചെയ്യുന്ന കര്‍ഷകരുടെ നഷ്ടം ഇതിലും ഏറെയാണ്. സര്‍ക്കാര്‍ തലത്തില്‍ നെല്ലുസംഭരണത്തിന് സൗകര്യമേര്‍പ്പെടുത്തിയെന്ന് പറയുമ്പോഴും കര്‍ഷകര്‍ക്ക് നഷ്ടം വരാതെ നെല്‍കൃഷി തുടര്‍ന്നു നടത്താനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.