ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

Thursday 16 April 2015 12:25 pm IST

തൃശൂര്‍: തൃശൂര്‍ നെല്ലങ്കരയില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബാക്രണം. ആക്രമണത്തില്‍ ബിജെപി നേതാവ് പൂക്കാടന്‍ കൊച്ചുമോന്‍ ഭാര്യ ഭാനുമതി (53) മകന്‍ ശ്രീജിത് (33) എന്നിവര്‍ക്ക് പരിക്കേറ്റു. യുവമോര്‍ച്ചയുടെ നെല്ലങ്കര യൂണിറ്റ് പ്രസിഡന്റാണ് ശ്രീജിത്. ഇന്നു പുലര്‍ച്ചെ ഒന്നേമുക്കാലിനും രണ്ടിനുമിടയിലാണ് സംഭവം. ബൈക്കിലെത്തിയ ഏഴംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. നെല്ലങ്കരയില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിക്കാല്‍ പിഴുതെടുത്ത് കൊണ്ടുവന്ന് വീടിന് മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം വീടിന്റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. അക്രമികള്‍ ആദ്യം ഭാനുമതിയമ്മയെ ആക്രമിച്ചു. ഭാനുമതിയമ്മയുടെ കഴുത്തിന് പിടിച്ചു തള്ളിയ അക്രമികള്‍ ശബ്ദം കേട്ട് മുകളില്‍ നിന്നിറങ്ങി വന്ന ശ്രീജിതിന് നേരെ നാടന്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് നാലുപേര്‍ ചേര്‍ന്ന് ശ്രീജിത്തിനെ പിടിക്കുകയും ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കും കാലിനും അടിക്കുകയുമായിരുന്നു. അടിയേറ്റ് ശ്രീജിത്തിന്റെ കാലൊടിഞ്ഞിട്ടുണ്ട്. ശ്രീജിത്തിനേയും ഭാനുമതിയേയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ ശബ്ദം കേട്ട് വീട്ടിലേക്ക് എത്തുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. നെല്ലങ്കര മേഖലയില്‍ പാടം നികത്തലുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളില്‍ ശ്രീജിത് ഇടപെട്ടിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഭൂമാഫിയയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഈ മേഖലയിലെ ഒരു കൗണ്‍സിലര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ വീട്ടുമുറ്റത്തു നിന്ന് പൊട്ടാത്ത നാടന്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡെത്തി ഇത് നിര്‍വീര്യമാക്കി. അടുത്തിടെയായി സംഘര്‍ഷ സാധ്യതയുള്ള ഈ മേഖല പോലീസ് നിരീക്ഷണത്തിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.