ആന കുത്തിമറിച്ചിട്ട തെങ്ങ് തലയില്‍വീണു പാപ്പാന്‍ മരിച്ചു

Thursday 16 April 2015 2:23 pm IST

ആലപ്പാട്: ഉത്സവശേഷം സമീപത്തെ പറമ്പില്‍ തളച്ച ആന കുത്തിമറിച്ചിട്ട തെങ്ങിന്റെ അടിയില്‍പ്പെട്ടു പാപ്പാന്‍ മരിച്ചു. പെരിങ്ങോട്ടുകര മുസ്‌ലീം പള്ളിക്കടുത്തു പണാറത്തറ രാഘവന്‍ മകന്‍ മണികണ്ഠനാ(31)ണു മരിച്ചത്. പുലര്‍ച്ചയോടെയാണു സംഭവം. ആമ്പല്ലൂരിലെ പനംകുളത്ത് മോഹനന്‍ എന്ന ആനയാണു പരാക്രമം കാട്ടി കൊമ്പുകൊണ്ടു തെങ്ങു മറിച്ചിട്ടത്. ആലപ്പാട് കൊടപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ബുധനാഴ്ച നടന്ന വിഷുപ്പൂരം എഴുന്നള്ളിപ്പിനാണ് ആനയെ കൊണ്ടുവന്നത്. എഴുന്നള്ളിപ്പ് കഴിഞ്ഞപ്പോള്‍ ആനയെ സമീപത്തെ വളപ്പില്‍ തളച്ചു. പൂരത്തോടനുബന്ധിച്ചു രാത്രിയിലെ നാടകവും കഴിഞ്ഞ ശേഷമാണു പാപ്പാന്മാര്‍ ഉറങ്ങാന്‍ കിടന്നത്. അര്‍ധരാത്രിയോടെ ആന പരാക്രമം കാട്ടിയിരുന്നുവെന്നും പാപ്പാന്മാര്‍ ഉണര്‍ന്ന് ആനയുടെ അരികിലെത്തിയെന്നും പറയുന്നു. ഇതിനിടെ അരിശം പൂണ്ട ആന തെങ്ങു കുത്തിമറിച്ചിടുകയായിരുന്നു. വീണ തെങ്ങിന്റെ പട്ടയും മറ്റും തലയിലടിച്ചു ഗുരുതരാവസ്ഥയിലായ മണികണ്ഠനെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്തിക്കാട് പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.