ഭരണ സംവിധാനം: കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡ്

Thursday 16 April 2015 9:49 pm IST

തിരുവനന്തപുരം: അധികാര വികേന്ദ്രീകരണത്തിനും പഞ്ചായത്തീരാജ് ശാക്തീകരണത്തിനുമുള്ള ദേശീയ അവാര്‍ഡ് കേരളത്തിന്. 2014-15 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഈ മാസം 24ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് മന്ത്രി ഡോ.എം.കെ. മുനീര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. സിക്കിം രണ്ടാം സ്ഥാനവും കര്‍ണാടക മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷം കേരളം രണ്ടാം സ്ഥാനത്തായിരുന്നു. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിനെയാണ് വിലയിരുത്തല്‍ നടപടികള്‍ക്കായി കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം ചുമതലപ്പെടുത്തിയിരുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, സംസ്ഥാനസര്‍ക്കാറിന്റെ പിന്തുണ, അധികാരം താഴേ തലത്തില്‍ നിലനില്‍ക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍, ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍, അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗം, പദ്ധതികള്‍, ഉദ്യോഗസ്ഥരുടെ നിയമനം, സോഫ്റ്റ് വെയര്‍ സപ്പോര്‍ട്ട്, സുതാര്യമായ തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കിലെ, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, പഞ്ചായത്ത് ഡയറക്ടറേറ്റ്, ലോകബാങ്ക്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനമാണ് നേട്ടത്തിന് സഹായിച്ചതെന്ന് മന്ത്രി ഡോ.എം.കെ. മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറു തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തീരാജ് സശാക്തീകരണ്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലാ പഞ്ചായത്ത് (30 ലക്ഷം), ഇടുക്കി, വെളിയനാട് ബ്ലോക്ക് പഞ്ചായത്തുകള്‍ (20 ലക്ഷം), നാദാപുരം, മരങ്ങാട്ടുപള്ളി, കവിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ (15 ലക്ഷം) എന്നിങ്ങനെയാണ് പുരസ്‌കാരം. ഏറ്റവും മികച്ച ഗ്രാമസഭാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഗ്രാമപഞ്ചായത്തിനുള്ള രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം എറണാകുളം ജില്ലയിലെ മണീട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 10 ലക്ഷം രൂപ പഞ്ചായത്തിന് ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.