കൊച്ചി: ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം 18നു നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ 9.30നു ആരംഭിക്കുന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷനാകും.
കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ രജതജൂബിലി വര്‍ഷത്തിലാണ് ഹയര്‍സെക്കന്‍ഡറി തുല്യത നടത്തുന്നത്. ഇതിന്റെ ഭാഗമായി 2015 ഏപ്രില്‍ മുതല്‍ 2016 ഏപ്രില്‍ 18 വരെ അക്ഷരവര്ഷമായി ആചരിക്കും. വിവിധ ജില്ലകളിലായി 25 പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിലേക്ക് 25000പേര് അപേക്ഷിച്ചു. കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ കോഴ്സുകളാണുള്ളത്. അധ്യാപക പരിശീലനം ഏപ്രില്‍ അവസാന വാരവും പഠനക്ലാസുകള്‍ മെയ് ഒന്നാംവാരവും ആരംഭിക്കുമെന്നും അറിയിച്ചു.
സ്കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയവര്ക്കുവേണ്ടി ആരംഭിച്ച തുല്യതാ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസത്തിനു തുല്യമായ സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. നാല്, ഏഴ് തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തുല്യതാ ബോര്‍ഡു വഴിയും പത്താംതര തുല്യതാ സര്‍ട്ടിഫിക്കറ്റ് പൊതുവിദ്യഭ്യാസ വകുപ്പ് പരീക്ഷാഭവന് വഴിയുമാണ് നല്‍കും.
രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ജോയ്സ് ജോര്‍ജ്, എംഎല്‍എമാരായ ബെന്നി ബഹ്നാന്, വി.ഡി. സതീശന്, ഡൊമിനിക് പ്രസന്റേഷന്, അന്‍വര്‍ സാദത്ത്, ജോസ് തെറ്റയില്‍, സാജു പോള്‍, ടി.യു. കുരുവിള, ജോസഫ് വാഴയ്ക്കന്, വി.പി. സജീന്ദ്രന് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സംസ്ഥാന സാക്ഷരതാ മിഷന് നല്കുന്ന ആദരവിനു മേയര്‍ ടോണി ചമ്മിണി മറുപടി പ്രസംഗം നടത്തും.
സംസ്ഥാന സാക്ഷരതാ മിഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് സലിം കുരുവമ്പലം, ഡയറക്റ്റര്‍ എം. സുജയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഫാ. ഫെര്‍ഡിനാന്റ് കായാവില്‍, കെ.എം. റഷീദ്, ജോയിന്റ് ഡയറക്റ്റര്‍ പ്രൊഫ. ആര്. ശശികുമാര്‍, അസിസ്റ്റന്റ് ഡയറക്റ്റര്‍മാരായ കെ. അയ്യപ്പന് നായര്‍, യു. റഷീദ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം അഡ്വ. എ.എ. റസാഖ്, ജില്ലാ കോര്‍ഡിനേറ്റര്‍ കെ. വി. രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: