പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

Thursday 16 April 2015 10:32 pm IST

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച
കേസിലെ പ്രതി ഷിബിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍

തൃശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെയും രക്ഷിക്കാന്‍ ശ്രമിച്ച അഞ്ചുപേരേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ചേര്‍പ്പ് ചേനം സ്വദേശി പുതുപ്പുള്ളില്‍ ഷിബിന്‍(21) അറസ്റ്റില്‍. ഷിബിനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് പിതാവ് സുരേന്ദ്രനെയും പോലീസ് അറസ്റ്റു ചെയ്തു. പഴനിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. അരിമ്പൂര്‍ കുന്നത്തങ്ങാടി തച്ചംപിള്ളി കരിപ്പാറ സുനില്‍കുമാറിന്റെ മകള്‍ അലിഗ്ര(21)യെയാണ് കുന്നത്തങ്ങാടി കോവില്‍ റോഡില്‍ വെച്ച് ഷിബിന്‍ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഷിബിനും കുടുംബവും ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഷിബിന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിടിച്ച് കൊലപ്പെടുത്തും മുമ്പ് ഷിബിന്‍ പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. കാറിനകത്ത് കത്തിയും ടവലില്‍ പൊതിഞ്ഞ നിലയില്‍ ചില്ലുകളും സൂക്ഷിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഷിബിന്‍ പോലീസിനോട് പറഞ്ഞു. പഴനിയിലേക്ക് കുടുംബസമേതം രക്ഷപ്പെട്ട് അവിടെ നിന്നും ഖത്തറിലേക്ക് കടക്കാനായിരുന്നു ഷിബിന്റെ പരിപാടി. ഇതിനിടെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ഇവരെ പിടികൂടിയത്.

ചൊവ്വാഴ്ചയാണ് യുവതിയെയും രക്ഷിക്കാനെത്തിയ വീട്ടമ്മമാരടക്കം അഞ്ചു പേരെയും കാറിടിച്ചു കൊലപ്പെടുത്താന്‍ ഷിബിന്‍ ശ്രമിച്ചത്. കാറിടിച്ചുവീണ അലിഗ്രയുടെ നിലവിളികേട്ട് അയല്‍പക്കത്തുണ്ടായിരുന്ന വീട്ടമ്മമാരടക്കമുള്ളവര്‍ ഓടിയെത്തി. അപ്പോഴേക്കും കാര്‍ മുമ്പോട്ട് ഓടിച്ചു പോയിരുന്നു. അലിഗ്രയെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ അമിതവേഗത്തില്‍ തിരിച്ചെത്തി റോഡില്‍ നിന്ന എല്ലാവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഷിബിന്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഷിബിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഷിബിനെതിരെ ഒരു വര്‍ഷം മുമ്പ് അലിഗ്രയുടെ അമ്മ അന്തിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഷിബിനെ പോലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. ഇതിന് ശേഷവും ഇയാള്‍ ശല്യം തുടര്‍ന്നു. ഒരു തവണ യുവതിയുടെ വീടിന് മുന്നില്‍ വന്ന് നാടന്‍ ബോംബ് പൊട്ടിക്കുകയും ചെയ്തു. ഷിബിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന കളത്തിപ്പറമ്പില്‍ മാധവന്റെ ഭാര്യ പത്മിനി(60), അരിമ്പൂര്‍ കണ്ണാറ വീട്ടില്‍ വിജയപ്രകാശിന്റെ മകള്‍ അമൃത(20) എന്നിവരുടെ നില ഗുരുതരമാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. വിജയപ്രകാശിന്റെ ഭാര്യ ശ്യാമളയ്ക്ക് ബോധം വന്നിട്ടുണ്ട്. ഷിബിനെ സംഭവം നടന്ന അരിമ്പൂരില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. ഇയാള്‍ക്കെതിരെ വന്‍ ജനരോഷമാണ് ഉണ്ടായത്. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.