കടബാധ്യത: ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

Friday 4 November 2011 9:16 pm IST

പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ സീതാമൗണ്ട്‌ ഇലവുകുന്നേല്‍ അശോകന്‍(45) ആണ്‌ വിഷം കഴിച്ച്‌ മരിച്ചത്‌. വ്യാഴ്ച രാവിലെ വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായ അശോകനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 10.30 ന്‌ മരണമടയുകയായിരുന്നു.
പത്ത്‌ സെന്റ്‌ സ്ഥലം മാത്രമായിരുന്നു ഇയള്‍ക്ക്‌ സ്വന്തമായി ഉണ്ടായിരുന്നത്‌. കൃഷിഭൂമി പാട്ടത്തിനെടുത്ത്‌ വാഴ ഇഞ്ചി തുടങ്ങിയ കൃഷികള്‍ ചെയ്തുവരുകയായിരുന്നു. കാര്‍ഷിക ആവശ്യത്തിനായി സാശ്രയ സംഘം, കുടുംബശ്രീ യൂണിറ്റ്‌ തുടങ്ങിയവയില്‍ നിന്നടക്കം ഒന്നേകാല്‍ ലക്ഷം രൂപ വായ്പയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം വിളവിറക്കിയ ഇഞ്ചി വിറ്റ്‌ കടംവീട്ടാമെന്ന പ്രതീക്ഷയിലായിരുന്നു അശോകന്‍. ഇഞ്ചിക്ക്‌ വന്‍ വിലതകര്‍ച്ചയുണ്ടായതോടെ കടംവീട്ടാനാകാതെ വിഷമത്തിലായി. ഇതിനിടെ വാഴയുടെ വിലയിടിവും കൂടിയായപ്പോള്‍ ഇയാള്‍ വിഷം കഴിക്കുകയായിരുന്നെന്ന്‌ കുടുംബാഗങ്ങള്‍ പറഞ്ഞു.
അശോകന്റെ ഭാര്യാ മാതാവ്‌ തങ്കമണി ഏതാനും വര്‍ഷം മുന്‍പ്‌ കടബാധ്യതയെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യ ഓമന, മക്കള്‍: അനൂപ്‌, അഞ്ജു. കഴിഞ്ഞ ബുധനാഴ്ച മാനന്തവാടി വെള്ളമുണ്ട മൊതക്കര മഞ്ജുഷാലയത്തില്‍ സി.പി ശശി(60) കടബാധ്യതയെതുടര്‍ന്ന്‌ ആത്മഹത്യ ചെയ്തുരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.