രാമപാദങ്ങളില്‍

Saturday 18 April 2015 8:08 pm IST

അച്ഛന്റെ ദേഹത്യാഗം കേട്ടപ്പോള്‍ അജനുണ്ടായ ദു:ഖം അതിരുവിട്ടതായിരുന്നു. അദ്ദേഹം ഏറെനേരം കണ്ണുനീര്‍ വാര്‍ത്തു. അച്ഛനു വേണ്ടിയുളള അഗ്നിസംസ്‌കാരമില്ലാത്ത അന്ത്യകര്‍മ്മത്തെ സന്യാസികളോടൊപ്പം നിറവേറ്റി. സര്‍വ്വസംഗം ത്യജിച്ച് ധ്യാനയോഗത്തിലായിരുന്ന ആളെ ദഹനം ചെയ്യാറില്ല. അവര്‍ക്കായി പിണ്ഡോദകക്രിയയും വേണ്ട. പ്രണവ മന്ത്രം മാത്രം ചൊല്ലി ഗൃഹം കുഴിച്ച് അതില്‍ നിക്ഷേപിച്ച് മൂടുകയാണ് വേണ്ടതെന്നാണ് വിധി. പരമപദം പ്രാപിച്ച പിതാവിനെക്കുറിച്ച് ചിന്തിച്ച് വ്യസനിക്കുന്നത് ശരിയല്ലെന്നും മറ്റും തത്ത്വമറിയുന്നവര്‍ ഉപദേശിച്ചതനുസരിച്ച് അജന്‍ രാജ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങി. അതോടെ രാജ്യത്തെങ്ങും സമൃദ്ധിയും സന്തോഷവും കളിയാടി. അജന് ശത്രുവായി ഒരാള്‍പോലും ഇല്ലെന്ന അവസ്ഥ കൈവന്നു. അങ്ങനെ സന്തോഷപൂര്‍വ്വം രാജ്യഭരണം നടത്തിക്കഴിയുന്ന കാലത്ത് ഇന്ദുമതി  ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു. അങ്ങനെ രഘു അധ്യയനം, യജ്ഞം, പുത്രോല്‍പ്പാദനം എന്നിവകൊണ്ട് ഋഷിമാര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവര്‍ക്കുളള കടങ്ങള്‍ വീട്ടി ഋണമുക്തനായി തീര്‍ന്നു. നാളുകള്‍ കടന്നുപോയി ഒരിക്കല്‍ അജനും ഇന്ദുമതിയും ഉദ്യാനത്തില്‍ ഉലാത്തിക്കൊണ്ടിരിക്കെ നാരദ മഹര്‍ഷി ആകാശത്തിലൂടെ കടന്നു പോകാനിടയായി നാരദന്റെ കയ്യിലുണ്ടായിരുന്ന വീണയില്‍ ഒരു പൂമാല ചാര്‍ത്തിയിട്ടുണ്ടായിരുന്നു. ആ മാല കാറ്റില്‍ പറന്ന് ഇന്ദുമതിയുടെ മാറില്‍ പതിച്ചു. തല്‍ക്ഷണം ശരീരം തളര്‍ന്ന് അവള്‍ വീഴുകയും ചെയ്തു. സമീപത്ത് നിന്നിരുന്ന അജനാകട്ടെ ഇതുകണ്ട് മോഹാന്ധനായി നിലം പതിച്ചു. പരിചാരകന്മാര്‍ നിലവിളിക്കാന്‍ തുടങ്ങി. ചില ശീതോപചാരങ്ങള്‍ക്ക് ശേഷം രാജാവ് ആലസ്യത്തില്‍ നിന്നും വിട്ടുണര്‍ന്നു. എന്നാല്‍ ഇന്ദുമതിയാകട്ടെ ആ നിലയില്‍ നിന്നും ഉണര്‍ന്നതേയില്ല. ശുശ്രൂഷകള്‍ക്കും ചികിത്സകള്‍ക്കും ആയുസ്സില്‍ ബാക്കിയുണ്ടെങ്കില്‍ മാത്രമാണല്ലോ ഫലം ലഭിക്കുന്നത്. രാജാവ് സ്വാഭാവികവും ജന്മസിദ്ധവുമായ തന്റെ ധൈര്യം ചോര്‍ന്നുപോയി തൊണ്ടയിടറുമാറ് വിലപിച്ചു കൊണ്ട് കണ്ണുനീര്‍ വാര്‍ത്തു. ജഡവസ്തുവായ ഇരുമ്പ് പോലും ചുട്ടു പഴുക്കുമ്പോള്‍ മൃദുത്വം കൈവരിക്കുന്നു. പിന്നെ മനുഷ്യാവസ്ഥയെ പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ? അദ്ദേഹം സ്ഥലകാലബോധഹീനനായി പലതും പറഞ്ഞ് കരയാന്‍ തുടങ്ങി. പൂവുകള്‍ പോലും ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ ആയുസ്സകറ്റാന്‍ മതിയാവുെമങ്കില്‍ ഹിംസിക്കാന്‍ ഒരുമ്പെടുന്ന വിധിക്ക് ഏതു വസ്തുവാണ് ഉപകരണമല്ലാത്തത്. അല്ലെങ്കിലും പ്രജാന്തകന്‍ മൃദുവായ വസ്തുക്കളെ കൊണ്ടുതന്നെയാണ് ഹിംസിക്കാന്‍ ഒരുമ്പെടുന്നത്. മഞ്ഞു പെയ്ത് നശിക്കുന്ന താമര തന്നെ ഇതിന് ഉത്തമമായ ഉദാഹരണമാണ്. അദ്ദേഹം ആ മാലയെടുത്ത് തന്റെ മാറത്തണച്ചു നോക്കി താന്‍ മരിക്കുന്നില്ലെന്ന് കണ്ട് വീണ്ടും വിലപിക്കാന്‍ തുടങ്ങി. ഈ മാലക്ക് ജീവനൊടുക്കാനുള്ള  ശക്തിയുണ്ടെങ്കില്‍ ഇത് എന്റെ മാറത്തണച്ചിട്ടും എന്റെ ജീവനെടുക്കാത്തതെന്തുകൊണ്ടാണ്. ഈശ്വരേച്ഛയാല്‍ ചിലപ്പോള്‍ വിഷം അമൃതും അമൃത് വിഷവുമായി മാറിയെന്നുവരാം. പ്രിയയോടൊപ്പം ഞാനും ബോധം നശിച്ചു വീണതാണല്ലോ. അപ്പോള്‍ അവളോടൊപ്പം പോയ ഞാന്‍ അവളെ വിട്ട് എന്തിനാണ് തിരിച്ചുപോന്നത്. നാം ഒരുമിച്ചിരുന്ന് ചിരിച്ചുല്ലസിച്ചു കൊണ്ടിരുന്നപ്പോള്‍ നിന്റെ മുഖത്ത് പൊടിഞ്ഞ വിയര്‍പ്പുതുളളികള്‍പോലും വറ്റി പോകാതെ നിന്റെ മുഖത്ത് നിലനില്‍ക്കുന്നു. ശരീരത്തില്‍ വിയര്‍പ്പ് വറ്റാന്‍ വേണ്ടസമയം പോലും വേണ്ട അതിലെ ജീവന്‍ പോകുവാനെങ്കില്‍ ഈ ജീവിതം എത്ര തുച്ഛമാണ്. ഞാന്‍ മനസ്സു കൊണ്ടു പോലും നിനക്ക് അപ്രിയം ചെയ്യുകയുണ്ടായിട്ടില്ല. പിന്നെ എന്തിനാണ് നീ എന്നെ ഉപേക്ഷിച്ചു പോയത്. എനിക്ക് ഉളളില്‍ തട്ടിയ അനുരാഗം എന്നും നിന്നോട് മാത്രമേ ഉണ്ടായിട്ടുളളൂ. കാറ്റത്ത് നിന്റെ കുറുനിരകള്‍ ഇളകുന്നതു കാണുമ്പോള്‍ എന്റെ മനസ്സില്‍ നീ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്ന് തോന്നിപ്പോകുന്നു. മൃദുവായ പുത്തന്‍ വിരിപ്പില്‍ കിടന്നാല്‍ക്കൂടി നോവെടുക്കുന്ന നിന്റെ ശരീരത്തെ ഞാന്‍ എങ്ങനെ ചിതയില്‍ കയറ്റും. ഇന്നെനിക്ക് സന്തോഷം അസ്തമിച്ചു സുഖം പോയി, പാട്ടു നിലച്ചു; ഋതു ഉത്സവഹീനമായി, ആഭരണങ്ങള്‍ കൊണ്ടുളള പ്രയോജനം തീര്‍ന്നു. കിടക്ക ശൂന്യമായി. അതിഥി പൂജാദിയില്‍ കുടുംബിനിയും, കാര്യാലോചനയില്‍ മന്ത്രിയും, സുഖാനുഭവങ്ങളില്‍ സഖിയും നൃത്ത ഗീതാദികളില്‍ ശിഷ്യയും നീ മാത്രമായിരുന്നു. കരുണ നോക്കാതെ നിന്നെ അപഹരിച്ച മൃത്യു എന്നില്‍ നിന്നും എല്ലാം അപഹരിച്ചു. വേണ്ടത്ര ഐശ്വര്യമുണ്ടെങ്കിലും നീ ഇല്ലാതായതുകൊണ്ട് അജന് ഇനി ഇത്രത്തോളമുളള സുഖമേ ഉളളൂ എന്ന് നിശ്ചയിച്ചോളൂ, മറ്റു പ്രലോഭനങ്ങളൊന്നും ആകര്‍ഷിക്കപ്പെട്ടിട്ടില്ലാത്ത എനിയ്ക്ക് എല്ലാ വിഷയാനുഭൂതികളും നിന്നെ ആശ്രയിച്ചുമാത്രമായിരുന്നു. ഇന്ദുമതിയുടെ ശരീരത്തെ മടിയില്‍ കിടത്തി ഇപ്രകാരം വിലപിച്ചുകൊണ്ടിരുന്ന രാജാവിന്റെ മടിയില്‍ നിന്നും ഉറ്റവര്‍ ആ സുന്ദരിയെ പണിപ്പെട്ടു മാറ്റിയെടുത്തു. എല്ലാമറിഞ്ഞിട്ടും ആ സുന്ദരിയുടെ ഉടല്‍ കൈവിടാന്‍ അദ്ദേഹം തയ്യാറായില്ല. അകില്‍, ചന്ദനം മുതലായവ അടക്കി തയ്യാറാക്കിയ  ചിതയില്‍ മരണകാരണമായ ആ ദിവ്യമാല്യത്തെത്തന്നെ ശവാലങ്കാരമാക്കിയിട്ട് ആ സൗഭാഗ്യവതിയുടെ ശവസംസ്‌കാരത്തെ സജ്ജനങ്ങള്‍ ആവുന്നത്ര സുഭഗമായി നടത്തി. രാജാവിയിട്ടും ദു:ഖം മൂലം പ്രമദയോടൊപ്പം മരിച്ചുപോയി എന്നൊരു അപഖ്യാതി വരുമല്ലോ എന്നു കരുതിയതു മൂലം അദ്ദേഹം ദേവിയോടൊപ്പം തന്റെ ശരീരം അഗ്നിക്കിരയാക്കിയില്ല. ഇന്ദുമതി തനിക്ക് ദേവിയാണെങ്കിലും ലോകര്‍ അവളെ തന്റെ ഇന്ദ്രിയ സുഖ സാധനം (പ്രമദ)മാത്രമായിട്ടെ കാണുകയുളളൂ. സ്‌നേഹം കൊണ്ടാണെന്നല്ല ധൈര്യക്ഷയ രൂപമായ ശോകം കൊണ്ടാണ് ദേഹത്യാഗം ചെയ്തതെന്നേ നാട്ടുകാര്‍ വിചാരിക്കുകയുളളൂ. മാത്രമല്ല സ്വന്തം സുഖം നോക്കാതെ ധൈര്യപൂര്‍വ്വം എന്തും സഹിച്ച് പ്രജാസുഖവിധാതാവായിരിക്കാന്‍ ചുമതലപ്പെട്ടവനാണെന്ന ചിന്തയും അദ്ദേഹത്തെ ശരീരം വെടിയുന്നതില്‍നിന്നും പിന്തിരിപ്പിച്ചു . .. തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.