കാലടി: ആദിശങ്കരകുലദേവക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഞ്ച് ദിവസത്തെ അക്ഷയതൃതീയ കനകധാരായജ്ഞത്തിന് ഇന്ന് തുടക്കം. 23 വരെയാണ് യജ്ഞം.
ഇന്ന് രാവിലെ മഹാഗണപതിഹോമം തുടര്‍ന്ന് യന്ത്രങ്ങളും നെല്ലിക്കകളും പുറ്റുമണ്‍ നാല്പ്പാമരകഷായപുണ്യാഹ ശുദ്ധിക്രിയകള്‍ക്ക് ശേഷം കനകധാരാ യജ്ഞത്തിന് തുടക്കമാകും. 32 ബ്രാഹ്മണശ്രേഷ്ഠര്‍, പതിനായിരത്തിയെട്ട് ഉരു കനകധാരാസ്തോത്രം ജപിക്കും.
കനകധാര മഹാലക്ഷ്മി യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വര്‍ണ്ണം, വെള്ളി, നെല്ലിക്കകളും യജ്ഞ മണ്ഡപത്തില്‍ ലക്ഷ്മീനാരായണവിഗ്രഹങ്ങള്ക്ക് മുമ്പില്‍ പ്രതിഷ്ഠിക്കുന്നു. 21ന് രാവിലെ കനകലക്ഷ്മീവിഗ്രഹത്തില് സ്വര്ണ്ണനെല്ലിക്കകൊണ്ട് അഭിഷേകം നടത്തും. തുടര്‍ന്ന് സ്വര്‍ണ്ണ, വെള്ളി നെല്ലിക്കകളും മഹാലക്ഷ്മി യന്ത്രങ്ങളും ഭക്തജനങ്ങള്‍ക്ക് നല്‍കും.
ദിവസവും വൈകിട്ട് 6ന് ലക്ഷ്മീനാരായണ വിഗ്രഹങ്ങള്‍ പൂര്‍ണ്ണാനദിയില്‍ അഭിഷേകം നടത്തും. നമസ്ക്കാര മണ്ഡപത്തില്‍ തൃശൂര്‍ ബ്രഹ്മസ്വംമഠത്തിലെ വേദപണ്ഡിതരുടെ വേദമുറജപവും ഇന്ന് നടക്കും.
ശ്രീശങ്കരജയന്തിദിനമായ 23ന് വൈകുന്നേരം 6.30ന് മാതൃവന്ദനം നടക്കും. ശ്രീ ശങ്കരാചാര്യരുടെ മാതൃപഞ്ചകം ചൊല്ലി ഫലമൂലാദികളും വസ്ത്രവും നല്കി ശങ്കരാചാര്യരുടെ 32 വര്‍ഷത്തെ ജീവിതത്തെ ആസ്പദമാക്കി 32 അമ്മമാരെ ആദരിക്കുന്നു. ക്ഷേത്രം തന്ത്രി കിടങ്ങാശ്ശേരി രാമന് നമ്പൂതിരിപ്പാട്, യജ്ഞാചാര്യന്‍ ആവണപറമ്പ് പ്രദീപ് നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരിയാണ്. മാതൃവന്ദനചടങ്ങില് 50 വയസ്സുകഴിഞ്ഞ അമ്മമാര്‍ക്ക് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും കനകധാരായജ്ഞത്തിനും 9895632658, 9388862321 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: