പൊതുവേദിയില്‍ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്നവര്‍ അധികാരത്തിനായി ജാതീയത വളര്‍ത്തുന്നു: വി.മുരളീധരന്‍

Saturday 18 April 2015 10:01 pm IST

കരുനാഗപ്പള്ളി: പൊതുവേദികളില്‍ ജാതിവ്യവസ്ഥയെ വിമര്‍ശിക്കുന്നവര്‍ അധികാരം നിലനിര്‍ത്തുവാന്‍ പരസ്യമായി തന്നെ ജാതീയതയെ വളര്‍ത്തുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. പന്മനയില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 91-ാം മഹാസമാധി വാര്‍ഷികവും ആശ്രമസ്ഥാപകനായ കുമ്പളത്തു ശങ്കുപിള്ളയുടെ 46-ാമത് ചരമവാര്‍ഷികവും ആചരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തലം മുതല്‍ ഉന്നതതലം വരെ ജാതി തിരിച്ചുള്ള പ്രവര്‍ത്തനമാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതിചിന്ത സനാതന ധര്‍മ്മത്തിന്റെ ഭാഗമായിരുന്നില്ല. ജാതിവ്യവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു തുടങ്ങിയ നവോത്ഥാന നായകന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് നമ്മുടേത്. അപഥസഞ്ചാരികളെ നേര്‍വഴിക്ക് നയിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെന്ന് മേനി പറയുന്നവര്‍ അത് പ്രവര്‍ത്തനത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം തന്നെ കഴിവുള്ള വ്യക്തിയായിരുന്നു ഉരുക്കു മനുഷ്യനായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലെന്നും കേരളത്തിന്റെ പട്ടേലായിരുന്നു കുമ്പളത്ത് ശങ്കുപിള്ളയെന്നും എംപി അനുസ്മരിച്ചു. കേന്ദ്രമന്ത്രി നജ്മ ഹെപ്ത്തുള്ളയുടെ അസാന്നിധ്യത്തില്‍ അവരുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.യൂസഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മാധവ് രചിച്ച് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന നീലകണ്ഠതീര്‍ത്ഥപാദര്‍ എന്ന കൃതി വി.മുരളീധരന്‍ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് നല്‍കി പ്രകാശനകര്‍മ്മം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.കൃഷ്ണകുമാര്‍, ചവറ ബ്ലോക്ക് പ്രസിഡന്റ് ചവറ ഹരീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ബീനാരമേഷ്, ബിജെപി ജില്ലാപ്രസിഡന്റ് എം. സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്ടമുടി വേണുഗോപാല്‍ സ്വാഗതവും എം.സി. ഗോവിന്ദന്‍കുട്ടി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന സെമിനാറില്‍ സ്വാമി പ്രണവാനന്ദതീര്‍ത്ഥപാദര്‍ മോഡറേറ്ററായിരുന്നു. സാമൂഹ്യ നവോത്ഥാനത്തില്‍ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ പങ്ക് എന്ന വിഷയത്തില്‍ ശാസ്താംകോട്ട രാമചന്ദ്രന്‍ പ്രബന്ധാവതരണം നടത്തി. രണ്ടാം ദിവസമായ ഇന്ന് രാവിലെ സ്വാമി ഉദിത് ചൈതന്യ ഭഗവത്ഗീത ജീവിതവിജയത്തിന് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് ഭക്തിഗാനസുധ. മഹാസമാധി ദിനമായ തിങ്കളാഴ്ച രാവിലെ അഞ്ച് മുതല്‍ വിദ്യാധിരാജ സമാരാധന, ആറിന് സോപാനസംഗീതം, ഏഴിന് ഭദ്രദീപ പ്രകാശനവും പ്രഭാഷണവും കരിമ്പിന്‍പുഴ ആശ്രമം മഠാധിപതി സ്വാമി ശങ്കരാനന്ദ. എട്ടിന് ഗീതാര്‍ച്ചന. 11ന് മഹാസമാധിസമ്മേളനം. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കും. ചരിത്രകാരന്‍ പ്രൊഫ.എം.ജി. ശശിഭൂഷണ്‍ ആമുഖപ്രഭാഷണം നടത്തും. സംസ്ഥാന വനിതാകമ്മീഷന്‍ അംഗം ജെ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ചെന്നൈ വിദ്യാധിരാജ ധര്‍മ്മസഭാ സെക്രട്ടറി കെ.വാസുക്കുട്ടന്‍ എന്നിവര്‍ വിദ്യാധിരാജ സ്മരണാജ്ഞലി നടത്തും. എ.ആര്‍.ഗിരീഷ്‌കുമാര്‍ സ്വാഗതവും പന്മന മഞ്‌ജേഷ് നന്ദിയും പറയും. വൈകിട്ട് 5.30ന് കുമാരി ആദിത്യയുടെ പ്രഭാഷണം.വിഷയം-ഭാരതീയ സംസ്‌കാരവും സനാതനധര്‍മ്മവും. രാത്രി 7.30ന് മേജര്‍സെറ്റ് കഥകളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.