പൊറ്റക്കുഴി നിവാസികള്‍ പേരണ്ടൂര്‍ റോഡ് ഉപരോധിച്ചു

Sunday 19 April 2015 10:24 am IST

കൊച്ചി: പേരണ്ടൂര്‍ റോഡിലൂടെ സ്വകാര്യ കമ്പനിക്ക് ഇലക്ട്രിക് കേബിള്‍ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡ്  റീടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊറ്റക്കുഴി കവല ഉപരോധിച്ചു. കലൂര്‍ സബ്‌സ്‌റ്റേഷനില്‍ നിന്നും ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററിലേയ്ക്ക് 110 കെ.വി. ഭൂഗര്‍ഭ ഇലക്ടിക് കേബിള്‍ സ്ഥാപിക്കുന്നതിനായാണ് റോഡിനു നടുവിലൂടെ കാന തീര്‍ത്തത്. കൊച്ചി മെട്രോയുടെ ഭാഗമായി കലൂര്‍ മുതല്‍ പൊറ്റക്കുഴി കവല വരെ ഡിഎംആര്‍സി ബലപ്പെടുത്തിയ റോഡാണിത്. ഫെബ്രുവരിയില്‍ രണ്ട് കോടി നാല്‍പത് ലക്ഷം രൂപ കോര്‍പ്പറേഷനില്‍ കെട്ടിവച്ചതിനുശേഷമാണ് കെഎസ്ഇബി റോഡിലൂടെ കേബിള്‍ സ്ഥാപിച്ചത്. 10 ദിവസത്തിനകം റോഡ് സഞ്ചാരയോഗ്യമാക്കുമെന്നാണ് മേയര്‍ സ്ഥലവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതെന്ന് കലൂര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ. മൂസ പറഞ്ഞു. എന്നാല്‍ രണ്ടുമാസം കഴിഞ്ഞിട്ടും കോര്‍പ്പറേഷന്‍  ടെണ്ടര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. കോര്‍പ്പറേഷനില്‍ അടച്ച തുക തിരികെ വാങ്ങി ഡിഎംആര്‍സിക്കുനല്‍കി റോഡ് നന്നാക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂണിറ്റ് സെക്രട്ടറി പി.ജെ. കുഞ്ഞുമോന്‍, ജനകീയ സമര സമിതി കണ്‍വീനര്‍ സാദിക്ക്, എന്‍.എം. കോയമോന്‍, ലിററില്‍ ഫഌവര്‍ റസിഡന്റ് അസോസിയോഷന്‍ പ്രസിഡന്റ് കെ.ടി. ആന്റണി, ഇ.എസ്. വിജയന്‍, ഫോസ്റ്റസ് വി.ടി. തുടങ്ങിയവര്‍ എന്നിവര്‍ നേത്യത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.