ഭൂമിയെ നയിക്കാനുള്ള നമ്മുടെ ഉൗഴമായി

Sunday 19 April 2015 10:07 pm IST

ഒരു ലക്കും ലഗാനുമില്ലാതെ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതില്‍ മനംനൊന്ത് 'ഭൂമിക്കായി ഒരു ദിവസം' എന്ന കാഴ്ചപ്പാടില്‍ 1970 ല്‍ അമേരിക്കയിലെ വിസ്‌ക്കോണ്‍സില്‍ സെനറ്റര്‍ ഗേലോര്‍ഡ് നെല്‍സണ്‍ ഏപ്രില്‍ മാസം 22 ന് ആരംഭിച്ചതാണ് ഭൗമദിനാചരണം. 1990 ലാണ് ഐക്യരാഷ്ട്രസംഘടന ഭൗമദിനാചരണം ആരംഭിച്ചത്. അതിനായി തെരഞ്ഞെടുത്തതും ഏപ്രില്‍ 22 തന്നെ. 2015 ലെ ലോകഭൗമദിനാചരണം 45-ാം വര്‍ഷത്തേക്ക് കടക്കുകയാണ്. ഇന്ന് 192 രാജ്യങ്ങളില്‍ ഭൗമദിനാചരണം നടക്കുന്നുണ്ട്. 'നയിക്കാനായി നമ്മുടെ ഊഴ'മായി എന്നതാണ് ഈവര്‍ഷത്തെ ഭൗമദിനാചരണത്തിന്റെ ആപ്തവാക്യം. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, മാലിന്യം കുന്നുകൂടല്‍, ഭക്ഷ്യസുരക്ഷാപ്രശ്‌നം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി എണ്ണമറ്റ പ്രശ്‌നങ്ങള്‍ ഭൂമിയെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ സുസ്ഥിരമല്ലാത്ത വികസനതന്ത്രങ്ങളും കച്ചവടതാല്‍പര്യങ്ങളും ആഗോളീകരണനയങ്ങളും മറ്റും ആവിഷ്‌കരിച്ചതോടെ ഭൂമിയെന്ന ജീവന്‍ നിലവിലുള്ള ഏകഗ്രഹം നാശത്തിന്റെ വക്കിയെത്തിനില്‍ക്കുകയാണ്. ഭൂമിയിലെ എല്ലാ മേഖലയിലേക്കുമുള്ള മനുഷ്യന്റെ കടന്നുകയറ്റം ഭൂമിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംവരുത്തിയിരിക്കുന്നു. ജൈവവൈവിധ്യനാശത്തിലേക്ക് നയിച്ച വനനശീകരണം, കുന്നിടിക്കല്‍, മലിനീകരണം, അനിയന്ത്രിതമായ പ്രകൃതിവിഭവചൂഷണം, പ്രകൃതിയുടെ രൂപമാറ്റം വരുത്തല്‍ തുടങ്ങിയവ ഭൂമിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിരിക്കുന്നു. ഭൂമിയുടെ സ്വയംനിയന്ത്രണ കഴിവിനുതന്നെ വ്യതിയാനം സംഭവിച്ചിരിക്കുന്നു. പ്രകൃതിയിലുണ്ടാകുന്ന ദുരിതങ്ങള്‍ നീക്കംചെയ്യാനും സന്തുലിതാവസ്ഥ വീണ്ടെടുക്കുവാനും ഭൂമിക്ക് കഴിവുണ്ടെന്നിരിക്കെ ഭൂമിയില്‍ മനുഷ്യന്‍നിമിത്തം ഉണ്ടാക്കുന്ന മാറ്റങ്ങളെ സന്തുലിതമാക്കുവാന്‍ ഭൂമിക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. മഹാത്മാഗാന്ധി പറഞ്ഞതുപോലെ 'ഭൂവിഭവങ്ങള്‍ എല്ലാവര്‍ക്കും ആവശ്യത്തിനുണ്ട്. എന്നാല്‍ ഒന്നും മനുഷ്യന്റെ ദുരാഗ്രഹത്തിനും ധുര്‍ത്തിനും ഇല്ല' എന്നത് ഓര്‍ക്കാതെ പ്രവര്‍ത്തിച്ചതാണ് ഭൂമി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായി ഭവിച്ചിട്ടുള്ളത്. ഭൂമിയിലെ എണ്ണമറ്റ ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്‍ എന്ന് ഭാരതീയസങ്കല്‍പ്പം പറയുമ്പോള്‍ ഭൂമിയിലുള്ളതെല്ലാം മനുഷ്യനുള്ളതാണ് എന്ന് പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഭാരതത്തിലെത്തിയ അസംഖ്യം മതവിഭാഗങ്ങള്‍ക്കും ഭാരതീയവീക്ഷണത്തെയോ സാംസ്‌കാരികമൂല്യങ്ങളെയോ ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയതാണ് ഭാരതത്തിലുണ്ടായ പ്രകൃതിവിഭവകൊള്ളക്കുള്ള പ്രധാന കാരണം. ഭാരതീയര്‍ ഭൂമിയെ മാതാവായി കാണുന്നു. നാമെല്ലാം ഭൂമീമാതാവിന്റെ മക്കളാണ്. ഭൂമീദേവി നമ്മെ എന്നും സംരക്ഷിക്കും എന്ന് ഭാരതീയസംസ്‌കാരം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഏതാനും പതിറ്റാണ്ടുകള്‍ക്കുമുമ്പുവരെ പ്രകൃതിയെ നശിപ്പിക്കുന്നത് വലിയ കുറ്റമായി നാം കണ്ടിരുന്നു. നമുക്ക് നിയന്ത്രിക്കാനാകാത്തതെല്ലാം നമുക്ക് ദൈവങ്ങളാണ്. അത് മലയായാലും ഇടിമിന്നലായാലും കടലായാലും അഗ്‌നിയായാലും കൊടുങ്കാറ്റായാലും അങ്ങനെതന്നെ. മനുഷ്യന്‍ ഇതരജീവജാലങ്ങള്‍ക്ക് നീതിനല്‍കണം. മറ്റു ജീവജാലങ്ങളുടെ അവകാശങ്ങള്‍ ഹനിക്കരുത്. പ്രകൃതിയില്‍നിന്നും ആവശ്യത്തിനുള്ളത് മാത്രമേ എടുക്കാവൂ. ധനസമ്പാദനത്തിന് നമ്മുടെ സംസ്‌കാരത്തില്‍ വലിയ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിനാണ് ഭാരതീയമൂല്യങ്ങള്‍ വിലകല്‍പ്പിച്ചിരുന്നത്. ഇന്നത്തെപ്പോലെ അപരന്റെ സ്വത്തുക്കളും വരുംതലമുറയുടെ അവകാശങ്ങളും സ്വത്തുക്കളും കവര്‍ന്നെടുത്ത് മേനികാണിക്കുന്നവര്‍ക്ക് ഭാരതീയസംസ്‌കാരത്തില്‍ ഇടംനല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് മണ്ണും വെള്ളവും മറ്റ് പ്രകൃതിവിഭവങ്ങളും കവര്‍ന്നെടുത്ത് പണം സമ്പാദിച്ചവര്‍ അധികാരകേന്ദ്രങ്ങളെ വിലക്കുവാങ്ങി സാധാരണക്കാരെ വിഡ്ഢികളാക്കി പ്രമാണിത്തം നടിച്ച് ഭരണം നടത്തുന്ന സംസ്‌കാരശൂന്യതയിലേക്ക് നാം മൂക്കുകുത്തിക്കഴിഞ്ഞു. ഭാരതീയ സാംസ്‌കാരികമൂല്യങ്ങള്‍ വീണ്ടെടുത്താല്‍ മാത്രമേ ഭൂമിയെ മാതാവായി കാണുന്ന തലത്തിലേക്ക് വളരുകയുള്ളൂ. ഭൂമി പലര്‍ക്കും വില്‍പ്പനച്ചരക്കാണ്. മറ്റ് സാധനങ്ങള്‍ ക്രയവിക്രയം ചെയ്യുന്നതുപോലെ ക്രയവിക്രയം ചെയ്യാവുന്ന ഒരു വസ്തു. അതുകൊണ്ടുതന്നെ ഭക്ഷ്യസുരക്ഷ നശിച്ചാലും നെല്‍വയലുകള്‍ കരഭൂമിയാക്കുന്നതില്‍ നമുക്ക് ഒരു കുറ്റബോധവുമില്ല. കായലും കടലും പുഴയും കുന്നിടിച്ച് നികത്തി വില്‍പ്പനക്ക് വയ്ക്കുന്നതിലും നമുക്ക് ലവലേശം നഷ്ടബോധമോ വിഷമമോ ഇല്ല. അടുത്ത വീട്ടുകാരന്റെ കിണറ്റിലെ വെള്ളവും ഊറ്റിയെടുത്ത് വില്‍ക്കുന്നതിലും നമുക്ക് സങ്കോചമൊന്നുമില്ല. എല്ലാം കച്ചവടം; മൂലധനം ഇറക്കുന്നവനാണ് രാജാവ്. പണം എങ്ങനെ സമ്പാദിച്ചാലും പണമാണ് എല്ലാം. പണമുള്ളവന്‍ ദൈവമായി മാറിയ ഇക്കാലഘട്ടത്തിലാണ് നാം ഭൗമദിനാചരണം നടത്തുന്നത് എന്നോര്‍ക്കണം. മനുഷ്യന്റെ അധിനിവേശം നിമിത്തം സ്വന്തം ഇടങ്ങളില്‍നിന്നു കുടിയിറങ്ങേണ്ടിവന്നു ഭൂമിയിലെ മറ്റ് ജീവജാലങ്ങള്‍ക്ക്. 2009 ല്‍ ഡിസ്‌നി 'ഭൂമി'യെന്ന് നാമകരണംചെയ്ത ഒരു ചിത്രത്തില്‍ നാല് ജന്തുകുടുംബങ്ങള്‍ക്ക് നാടുവിട്ടുപോകേണ്ട അവസ്ഥയെക്കുറിച്ചാണ് കാണിക്കുന്നത്. 1970 ലെ ആദ്യത്തെ ഭൂമദിനാചരണവേളയില്‍ അമേരിക്കന്‍ തെരുവീഥികളില്‍ 20 ദശലക്ഷം ആളുകള്‍ ഒത്തുകൂടി പ്രകൃതിയെ നശിപ്പിച്ച വ്യവസായവിപ്ലവത്തെ എതിര്‍ത്ത് മുദ്രാവാക്യം മുഴക്കി. 2012 ലെ ഭൗമദിനാചരണത്തിന്റെ ഭാഗമായി ചൈനയില്‍ ഒരുലക്ഷം ആളുകള്‍ കാര്‍ബണ്‍ഡയോക്‌സൈഡ് കുറക്കുവാനായി കാറുകള്‍ ഉപേക്ഷിച്ച് ബൈക്കുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. 'എര്‍ത്ത്‌ഡെ നെറ്റ്വര്‍ക്ക്' എന്ന സംഘടന 2011 ല്‍ അഫ്ഗാനിസ്ഥാനില്‍ ഭൗമദിനാചരണത്തിന്റെ ഭാഗമായി 28 ദശലക്ഷം മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷം ഭൗമദിനത്തില്‍ വംശനാശഭീഷണി നേരിടുന്ന 100 ഓര്‍ക്കിഡ് ചെടികള്‍ നട്ട് സംരക്ഷിച്ചുവരുന്നു. ലോകം മുഴുവന്‍ ഭൂമിയെ സംരക്ഷിക്കുവാനുള്ള നയങ്ങളും നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിക്കുമ്പോള്‍ കേരളത്തില്‍ ഭൂമിയെ നശിപ്പിക്കുവാനുള്ള നയങ്ങളും ചട്ടങ്ങളും നിയമഭേദഗതികളുമാണ് നടന്നുവരുന്നത്. ഭൂമിയെ സുസ്ഥിരമായി നിലനിര്‍ത്തുവാനും സമൂഹത്തിന് ദോഷകരമായ ഭൂവിനിയോഗം നടക്കാതിരിക്കുവാനുംവേണ്ടി ആവിഷ്‌കരിച്ച ഭൂവിനിയോഗനിയമം ഭേദഗതിചെയ്യാന്‍ യുഡിഎഫ് യോഗം മന്ത്രിസഭയോട് അവശ്യപ്പെട്ടുകഴിഞ്ഞു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 16ന് കൂടിയ മന്ത്രിസഭായോഗം നിയമഭേദഗതി നിര്‍ദ്ദേശിക്കുവാന്‍ റവന്യൂ മന്ത്രിയെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പാറഖനനം ഊര്‍ജ്ജിതമാക്കുവാന്‍ പാറമടകളെക്കുറിച്ച് പഠിക്കുവാന്‍ സമിതിയെ നിയോഗിച്ചുകഴിഞ്ഞു. പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമാകുമെന്ന് ഉറപ്പാക്കുവാനും റിയല്‍എസ്റ്റേറ്റ്, ഇതരവ്യവസായങ്ങള്‍ എന്നിവ പുഷ്ടിപ്രാപിപ്പിക്കുന്നതിനുംവേണ്ടി നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചുകഴിഞ്ഞു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ വനംകൊള്ളയ്ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലും വനംകയ്യേറ്റത്തിന് കടിഞ്ഞാണ്‍വരുമെന്ന് ഉറപ്പായതിനാലും ആ റിപ്പോര്‍ട്ട് തള്ളി. തീരദേശ സംരക്ഷണനിയമത്തില്‍ ഇളവ് വരുത്തി കെട്ടിടനിര്‍മ്മാണത്തിനും റിസോര്‍ട്ട്, ഫഌറ്റ് നിര്‍മ്മാണങ്ങള്‍ക്കും അനുമതിനല്‍കി. കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍ നോക്കുകുത്തിയാക്കി. കുന്നിടിക്കാനും മണ്ണെടുക്കാനുമുള്ള നിയമങ്ങള്‍ ഉദാരമാക്കി. ചെറുകിട ധാതുഖനനനിയമങ്ങള്‍ ചററ്റുകുട്ടയിലെറിഞ്ഞു. ജലമലിനീകരണം, വായുമലിനീകരണം, ശബ്ദമലിനീകരണം ചട്ടങ്ങളും നിയമങ്ങളും ലഘൂകരിച്ചു. വനംകൊള്ളയ്ക്ക് അവസരമൊരുക്കി. വന്യജീവിസംരക്ഷണം നാമമാത്രമാക്കി ഉത്തരവുകളിറക്കി. കാട്ടിലും നാട്ടിലും മരംമുരിക്കുവാനുള്ള ചട്ടങ്ങള്‍ ഉദാരമാക്കി. പദ്ധതികളുടെ പരിസ്ഥിതി ആഘാതപഠനം നടത്തുവാനുള്ള അതോറിറ്റിയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചു. ഇങ്ങനെയൊക്കെ പ്രകൃതിക്ക് ക്ഷതമേല്‍പ്പിച്ചതിനുശേഷവും മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതിന് 'വികസനം' പരിസ്ഥിതിക്ക് ഇണങ്ങിയതാണെന്നാണ്. ഭൂമിയിലെ എല്ലാ വസ്തുക്കളെയും വിറ്റുതുലയ്ക്കുവാന്‍ എമര്‍ജിങ് കേരളയും മൂലധന നിക്ഷേപസംരംഭകമേളയും നടത്തി ഭരണംനടത്തുന്നവരും ഇന്ന് ഭൗമദിനം ആചരിക്കുകയാണ്. ഊര്‍ജ്ജോത്പാദനത്തിന്റെപേരിലും മറ്റു വികസനപദ്ധതികളുടെപേരിലും ഭൂമിയെ കുഴിച്ചും ഇല്ലാതാക്കിയും രൂപമാറ്റംവരുത്തിയും ക്രമാതീതമായി മലിനീകരിച്ചും വികലമായ വികസനനയം രൂപീകരിച്ചും ഭൂമീദേവിയെ കൊല്ലാക്കൊല ചെയ്യുന്ന ഭരണമാണ് കേരളം നേരിടുന്നത്. സര്‍ക്കാര്‍ നയത്തിലാണ് മാറ്റം വരേണ്ടത്. വികസനത്തിന്റെപേരില്‍ ഭൂമിയിലെ ജീവിതം ദുസ്സഹമാക്കുന്ന നയവ്യതിയാനങ്ങള്‍ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ലോകം ഭൗമദിനം ആചരിക്കുന്നത് മരങ്ങള്‍നട്ടും നട്ടമരങ്ങള്‍ സംരക്ഷിച്ചുമാണ്. വീടുകളിലും ആഫീസുകളിലും ആശുപത്രികളിലും വ്യവസായ ശാലകളിലും സ്‌കൂളുകളിലും കോളേജുകളിലും മാതൃകാ പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും നിര്‍മ്മിച്ച് ഭൂമിയെ സംരക്ഷിക്കുന്നതില്‍ നമുക്ക് പങ്കാളികളാകാം. പക്ഷികള്‍ക്കായി കൂടൊരുക്കാം. മലിനീകരണത്തിനെതിരെ ബോധവല്‍ക്കരണ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാം. വസ്തുക്കളുടെ പുനഃചംക്രമണത്തിനും പുനരുപയോഗത്തിനും ഊന്നല്‍നല്‍കാം. നമ്മുടെ ചുറ്റുപാടുകള്‍ വൃത്തിയാക്കാം. ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ വരുംതലമുറയായ കുട്ടികളെ പങ്കാളികളാക്കാം. ജലവും വൈദ്യുതിയും പ്രകൃതിവിഭവങ്ങളും പാഴാക്കാതെ സസൂക്ഷ്മം ഉപയോഗിക്കുവാന്‍ നമുക്ക് പഠിക്കാം. ഭൂമിയെ സംരക്ഷിക്കുവാനുള്ള പരിപാടികള്‍ സ്വഭവനങ്ങളില്‍നിന്നും നമുക്ക് തുടങ്ങാം. നാം നമ്മുളട ഭൂമീമാതാവിനെ സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും ഭാവി അപകടത്തിലാണെന്നുള്ള ഓര്‍മ്മവേണം. പ്രകൃതിവിഭവങ്ങള്‍ കൊള്ളചെയ്യുവാന്‍ ഒത്താശചെയ്യുന്ന നിയമഭേദഗതികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറണം. കേരളത്തിന്റെ പ്രത്യേകതകള്‍ നിലനിര്‍ത്തുവാന്‍ നിയമപിന്‍ബലംവേണം. അത് ദുര്‍ബലപ്പെടുത്തരുത്. നമുക്ക് മുമ്പുണ്ടായിരുന്ന തലമുറകളും നിയമങ്ങളെല്ലാം മുറുകെപ്പിടിച്ചതുകൊണ്ടാണ് കേരളത്തിന്റെ സൗന്ദര്യം നാം കണ്ടതും അനുഭവിച്ചതും അതുകൊണ്ടുതന്നെ ഭൂമിയുടെ സംരക്ഷണത്തിന് ഭീഷണിയായേക്കാവുന്ന നിയമങ്ങളില്‍ വെള്ളംചേര്‍ക്കുന്ന സര്‍ക്കാര്‍നയം തിരുത്തിയാല്‍ മാത്രമെ സംസ്ഥാനത്തെ ഭൗമദിനാചാരണംകൊണ്ട് അര്‍ത്ഥമുണ്ടാകൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.