തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ സര്‍വകാല റെക്കോര്‍ഡ്. പരീക്ഷയെഴുതിയ 4,68,273 വിദ്യാര്‍ഥികളില്‍ 4,58,841 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 97.99 ശതമാനമാണ് വിജയം.
ഇതില്‍ 2,30,432 പേര് ആണ്‍കുട്ടികളും 2,28,409 പേര് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം വിജയം 95.47 ശതമാനമായിരുന്നു. ഇത്തവണ 2.52 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ റവന്യൂ ജില്ലയാണ് വിജയശതമാനത്തില്‍ മുന്നില്‍- 97.99 ശതമാനം. 93.42 ശതമാനം വിജയം നേടിയ പാലക്കാട് ജില്ലയാണ് പിന്നില്‍. വിദ്യാഭ്യാസജില്ലാ വിഭാഗത്തില്‍ വിജയശതമാനം കൂടുതല്‍ മൂവാറ്റുപുഴയും (99.30), കുറവ് മണ്ണാര്‍ക്കാടുമാണ്(92.50). 12,287 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. റവന്യൂ,വിദ്യാഭ്യാസ ജില്ലാതലങ്ങളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്- യഥാക്രമം 1,913, 613 വിദ്യാര്‍ഥികള്‍. 1,501 സ്കൂളുകളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യനേടി.
ഇതില്‍ 471 സര്‍ക്കാര്‍ സ്കൂളുകളും 657 എയ്ഡഡ് സ്കൂളുകളും 373 അണ് എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം 934 സ്കൂളുകളായിരുന്നു നൂറുമേനി വിജയം സ്വന്തമാക്കിയിരുന്നത്. ഇതില്‍ 281 സര്‍ക്കാര്‍ സ്കൂളുകളും 367 എയ്ഡഡ് സ്കൂളുകളും 286 അണ് എയ്ഡഡ് സ്കൂളുകളുമാണ് ഉള്‍പ്പെട്ടിരുന്നത്. പ്രൈവറ്റ് വിഭാഗത്തില്‍ 3,252 പേര് പരീക്ഷയെഴുതിയതില്‍ 41.91 ശതമാനം പേര് വിജയിച്ചു.
കഴിഞ്ഞവര്‍ഷം പ്രൈവറ്റായി പരീക്ഷയെഴുതിയ 62.81 ശതമാനം വിദ്യാര്‍ഥികളാണ് വിജയിച്ചത്. ഗള്‍ഫ് മേഖലയില്‍ 464 പേര് പരീക്ഷയെഴുതിയതില്‍ 461 പേര് വിജയിച്ചു- 99.30 ശതമാനമാണ് വിജയം. ലക്ഷദ്വീപില്‍ 79.40 ശതമാനമാണ് വിജയം. ഇവിടെ 1,128 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 896 പേരാണ് വിജയിച്ചത്. ടിഎച്ച്എസ്എല്‍സിയില്‍ 3,599 പേര് പരീക്ഷയെഴുതിയതില്‍ 3,550 പേര് ഉപരിപഠനത്തിന് യോഗ്യത നേടി- 98.64 ശതമാനമാണ് വിജയം. എസ്എസ്എല്‍സി ഹിയറിങ് ഇംപേര്‍ഡ് വിഭാഗത്തില്‍ 97.83 ശതമാനമാണ് വിജയം. 322 പേര് പരീക്ഷയെഴുതിയതില്‍ 315 പേര് ഉപരിപഠനത്തിന് യോഗ്യരായി.
ഈ വിഭാഗത്തില്‍ 24 സ്കൂളുകള്‍ക്കാണ് നൂറുശതമാനം വിജയം. ടി.എച്ച്.എസ്.എല്‍.സി. ഹിയറിങ് ഇംപേര്‍ഡ് വിഭാഗത്തില്‍ 16 പേര് പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
എഎച്ച്എസ്എല്‍സിയില്‍ 96 ശതമാനമാണ് വിജയം. 75 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 72 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. ഈവര്‍ഷം എസ്എസ്എല്‍സിയില്‍ 66,594 വിദ്യാര്‍ഥികള്‍ക്കും ടിഎച്ച്എസ്എല്‍സിയില്‍ 327 പേര്‍ക്കും എസ്എസ്എല്‍സി ഹിയറിങ് ഇംപേര്‍ഡില്‍ 250 പേര്‍ക്കും ടിഎച്ച്എസ്എല്‍സി (എച്ച്ഐ)യില്‍ 6 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. 2005 മുതല്‍ തുടര്‍ന്നുവരുന്നതുപോലെ ഇത്തവണയും മോഡറേഷന് നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: