പ്ലസ് വണ്‍ ഏകജാലകം: ഓണ്‍ലൈന്‍ അപേക്ഷ മെയ് ആറു മുതല്‍

Monday 20 April 2015 9:19 pm IST

തിരുവനന്തപുരം: ഈവര്‍ഷത്തെ പ്ലസ്‌വണ്‍ ഏകജാലകപ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ മെയ് 6 മുതല്‍ 20വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഇത്തവണ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ കാലതാമസമില്ലാതെ നടത്താനാവശ്യമായ ക്രമീകരണങ്ങളൊരുക്കിയതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്്ദുറബ്ബ് അറിയിച്ചു. പുതിയ ബാച്ചുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞവര്‍ഷം പ്രവേശന നടപടികള്‍ വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ മൂന്നിന് ട്രയല്‍ അലോട്ട്്‌മെന്റ് പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം ജൂണ്‍ 11നായിരുന്നു ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 10ന് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ട് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി ജൂലൈ ഒന്നിന് പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കും. മുന്‍വര്‍ഷം ക്ലാസുകള്‍ ആരംഭിച്ചത് ജൂലൈ 14നായിരുന്നു. മുഖ്യ അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി ജൂലൈ 31ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. മെയ് 20നുള്ളില്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും വെരിഫിക്കേഷനായി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താംതരം പഠിച്ചിരുന്ന ഹൈസ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അപേക്ഷാ സമര്‍പ്പണത്തിനായി ഉപയോഗിക്കാം. രണ്ടുഘട്ടങ്ങളിലായിട്ടാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശന നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടം സ്‌പോര്‍ട്‌സില്‍ മികവുനേടിയ വിദ്യാര്‍ഥികള്‍ അവരുടെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രണ്ടാംഘട്ടം പ്ലസ്‌വണ്‍ പ്രവേശനത്തിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷ സ്‌കൂള്‍/കോഴ്‌സ് ഓപ്ഷനായി ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഏകജാലകസംവിധാനത്തിന്റെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റിന് മുമ്പായി രണ്ടു പ്രത്യേക അലോട്ട്‌മെന്റുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായി നടത്തും. ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ മെയ് ആറുമുതല്‍ ജൂണ്‍ നാലുവരെയും രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ അഞ്ച് മുതല്‍ പത്തുവരെയുമാണ്. ഒന്നാം സ്‌പോര്‍ട്‌സ് അലോട്ട്‌മെന്റ് ജൂണ്‍ 15നും അവസാന അലോട്ട്്‌മെന്റ് ജൂണ്‍ 18നും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.