പീഡിതയായ പെണ്‍കുട്ടിക്ക് പോലീസിന്റെ മാനസിക പീഡനം

Tuesday 21 April 2015 10:28 pm IST

മേലുകാവ് : മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയം നടിച്ച് കടനാട് സ്വദേശിയായ യുവാവ് കരിങ്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിന്മേല്‍ കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ മാനസിക പീഡനമെന്ന് പരാതി. 2013 ജൂണ്‍ മാസത്തിലാണ് മേലുകാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ലായെന്ന് കാണിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും, മാതാവും ആഭ്യന്തരമന്ത്രിയടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരായവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് മേലധികാരികള്‍ക്ക് സമര്‍പ്പിച്ചത്. സംഭവത്തില്‍ പ്രതിയായ യൂവാവിനുവേണ്ടി ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ ഉന്നതരായ രാഷ്ട്രീയക്കാര്‍ ഇടപ്പെട്ടിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടി ഈരാറ്റുപേട്ട കോടതിയില്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ മേലുകാവ് പോലീസിനോട് ആവശ്യപ്പെട്ടു. പരാതികള്‍ ഉയര്‍ന്നെങ്കിലും പെണ്‍കുട്ടിയെ വൈദ്യപരിശോധനകള്‍ക്ക് പോലീസ് വിധേയമാക്കിയില്ല. ഇത് പോലീസിന്റെ ഭാഗത്തെ വീഴ്ചയാണെന്നും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് ഗാര്‍ഹിക പീഢന നിയമമനുസരിച്ചാണെന്നും കാണിച്ച് പെണ്‍കുട്ടി കോടതിയില്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിയില്‍ കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തിങ്കളാഴ്ച രാവിലെ മേലുകാവ് പോലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ മൊഴി വനിതാ പോലീസിന്റെ സാന്നിദ്ധ്യം ഇല്ലാതെയാണ് രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് വൈദ്യപരിശോധനയ്‌ക്കെന്ന പേരില്‍ പാലാ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പോലീസ് ഉന്നത അധികാരികളുടെ ഇടപെടലുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനകള്‍ക്ക് വിധേയയാക്കാതെ പാലായില്‍ ഇറക്കിവിട്ടതായും ആരോപണം ഉയര്‍ന്നു. 2013 ല്‍ ജൂണ്‍ മാസത്തില്‍ പ്രതിയായ യുവാവ് പെണ്‍കുട്ടിയുടെ വീടിന് നേരെ അക്രമം നടത്തുകയും പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കുമെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാത്തത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ സംഭവത്തെക്കുറിച്ച് പോലീസിന്റെ രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.