എസ്എസ്എല്‍സി ഫലം മാറിമറിയും

Wednesday 22 April 2015 1:24 am IST

തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിലുണ്ടായ വ്യാപക പിഴവുകള്‍ പരിഹരിച്ച് വീണ്ടും സമ്പൂര്‍ണ്ണ പ്രഖ്യാപനം നടത്തുമ്പോള്‍ കണക്കുകള്‍ മാറിമറിയും. വിജയശതമാനത്തില്‍പോലും കാര്യമായ മാറ്റംവരുമെന്നാണ് സൂചന. വിദ്യാര്‍ഥികളുടെ ഭാവിവച്ച് പന്താടുന്ന തരത്തില്‍ അപാകതകള്‍ വന്നിട്ടും അതിനെ നിസാരവത്ക്കരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സോഫ്ട്‌വെയറിലെ തകരാറാണ് ഫലപ്രഖ്യാപനത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയതെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറയുന്നു. തെറ്റുകള്‍ രണ്ടുദിവസത്തിനുള്ളില്‍ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജീവനക്കാരുടെ പിഴവാണെന്നു ഡയറക്ടര്‍ വിശദീകരിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ അമിതാവേശമാണ് ഫലപ്രഖ്യാപനത്തെ ഇത്ര പ്രതിസന്ധിയിലാക്കിയത്. ഫലം സംബന്ധിച്ച് ഇന്നലെയും മന്ത്രി പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായ കണക്കുകള്‍ ഐടി@സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. 100 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ച സ്‌കൂളുകള്‍ 1501 എന്നായിരുന്നു മന്ത്രി അറിയിച്ചത്. പക്ഷേ, ഐടി സ്‌കൂളിന്റെ സൈറ്റില്‍ ഇത് 1555 എന്നു രേഖപ്പെടുത്തി. ഈ ഫലം ഉച്ചയോടെയാണ് വെബ്‌സൈറ്റില്‍ കണ്ടത്. ഒരുമണിക്കൂറിനുള്ളില്‍ ആ കണക്കുകള്‍ അധികൃതര്‍ പിന്‍വലിക്കുകയും ചെയ്തു. വേഗത്തില്‍ ഫലം പ്രഖ്യാപിച്ച് കൈയടിനേടാന്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുകയായിരുന്നു. അപാകതകള്‍ പരിഹരിക്കുന്നതിനായി പരീക്ഷയുടെ മാര്‍ക്കുകള്‍ 54 ക്യാമ്പുകളില്‍ നിന്ന് പരീക്ഷാഭവന്‍ നേരിട്ട് ശേഖരിച്ചുവരികയാണ്. ഇതുലഭിക്കുന്ന മുറയ്ക്ക് പിഴവുകള്‍ തിരുത്തി ഫലം പൂര്‍ണമായി പ്രസിദ്ധീകരിക്കും. ഇന്നലെ ഡിപിഐയും പരീക്ഷാ സെക്രട്ടറിയും ചര്‍ച്ച നടത്തിയശേഷമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. മുഴുവന്‍ ഫലവും വരുന്നതോടെ വിജയശതമാനത്തില്‍ മാറ്റമുണ്ടാവും. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും മാറ്റംവരും. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടേയും എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരുടേയും വിവരങ്ങളാണ് ഇന്നലെ ഐടി@സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കം ഫലപ്രഖ്യാപനത്തെ ബാധിച്ചതായി സൂചനകളുണ്ട്. പുതുതായി എത്തിയ പരീക്ഷാ സെക്രട്ടറിക്കെതിരേ ചില ചരടുവലികള്‍ നടന്നതായും ഇതിന്റെ പ്രതിഫലനമാണ് ഫലപ്രഖ്യാപനത്തില്‍ ഉണ്ടായതെന്നും അധ്യാപക സംഘടനകള്‍ തന്നെ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. ഫലം സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാം കഴിഞ്ഞവര്‍ഷത്തേതുപോലെ തന്നെ വെബ്‌സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയതായി പരീക്ഷാഭവന്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പരീക്ഷാ സെക്രട്ടറിയെ ബലിയാടാക്കി പ്രശ്‌നം നിസാരവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തം. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ധൃതിപിടിച്ച് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചതാണ് വ്യാപകമായ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പിഴവ് ഒരുദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് ഉറപ്പുപറഞ്ഞെങ്കിലും ഇപ്പോഴും റിസള്‍ട്ടിന് നേരേയും ആര്‍പിഎല്‍ (ഫലം പിന്നീട് പ്രഖ്യാപിക്കും) എന്നെഴുതിയിട്ടുണ്ട്. കൂടാതെ പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്കുകള്‍ ചേര്‍ത്തിട്ടില്ലെന്ന ഗുരുതരമായ വീഴ്ചയുണ്ടായതും ഏറെ ഗൗരവമുള്ള പ്രശ്‌നമാണ്. അതേസമയം, ഫലപ്രഖ്യാപനത്തിലെ പിഴവിന് കാരണം സോഫ്റ്റ്‌വെയറിലെ തകരാറല്ലെന്ന് പരീക്ഷാഭവനും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും അറിയിച്ചു. മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് ഫലം ശേഖരിക്കുന്നതില്‍ ഉണ്ടായ പിഴവാണ് അപാകതകള്‍ക്കിടയാക്കിയത്. പരീക്ഷാഭവനില്‍ ഇത്തരം ജോലികളിലേര്‍പ്പെട്ടിരുന്നത് പരിചയമില്ലാത്ത ജീവനക്കാരാണ്. അതിനാല്‍, കാര്യങ്ങള്‍ കൃത്യമായി ചെയ്യാനായില്ല. തിരക്കിട്ട് ഫലപ്രഖ്യാപനം നടത്തിയതും തെറ്റുകള്‍ കടന്നുകൂടാനിടയാക്കിയെന്നും പരീക്ഷാഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.