സംസ്ഥാനത്തെങ്ങും കനത്ത മഴ; മിന്നലേറ്റ് നാല് മരണം

Wednesday 22 April 2015 1:35 am IST

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും അതിശക്തമായ മഴ. തലസ്ഥാനത്ത് മഴയില്‍ വന്‍നാശനഷ്ടം. ഇടി മിന്നലേറ്റ് തിരുവനന്തപുരത്ത് മൂന്നുപേരും കോട്ടയം രാമപുരത്ത് ഒരാളും മരിച്ചു. പൂവാര്‍ പുതിയതുറ ഉരിയരിക്കുന്നില്‍ മൈക്കിള്‍ അടിമ(60), ചെക്കിട്ടവിളാകത്ത് വീട്ടില്‍ ഫ്രെഡി (54), കുന്നുകുഴി സ്വദേശി ജഗല്‍ പുരുഷോത്തമന്‍(56), രാമപുരം പിഴക് ശാലോരത്തില്‍ ഔസേപ്പിന്റെ മകന്‍ ബെന്നി(42) എന്നിവരാണ് മരിച്ചത്. തലസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. മരങ്ങള്‍ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. റോഡുകള്‍ തോടുകളായി. ഗതാഗതം സ്തംഭിച്ചു. ഉച്ച തിരിഞ്ഞ് രണ്ടരയോടെ ആരംഭിച്ച മഴ പലസ്ഥലങ്ങളിലും രാത്രിയിലും തുടര്‍ന്നു. തിരുവനന്തപുരത്ത് നഗരത്തിലേയും സമീപത്തേയും മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായതോടെ ഗതാഗതവും താറുമാറായി. നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. രണ്ടുദിവസത്തേക്ക് മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പൊന്‍മുടി ഉള്‍പ്പടെയുള്ള മലയോര മേഖലകളിലെ വിനോദ സഞ്ചാരം നിരോധിച്ചു. ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് മഴയ്ക്ക് കാരണം. വരുംദിവസങ്ങളില്‍ വൈകുന്നേരം ഇത്തരത്തിലുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.