പാക് ബോട്ടില്‍ നിന്ന് പിടിച്ചത് 600 കോടിയുടെ ഹെറോയിന്‍

Wednesday 22 April 2015 2:03 am IST

പോര്‍ബന്തര്‍: ഗുജറാത്തിനു സമീപം കോസ്റ്റ് ഗാര്‍ഡും നാവികസേനയും ചേര്‍ന്ന് പിടിച്ച പാക് ബോട്ടില്‍ നിന്ന് കണ്ടെടുത്തത് വിപണിയില്‍ അറുനൂറുകോടി വരുന്ന മയക്കുമരുന്ന്. 232 പാക്കറ്റ് ഹെറോയിനാണ് പിടിച്ചെടുത്തത്. എട്ട് മയക്കുമരുന്ന് കള്ളക്കടത്തുകാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ നടന്ന സംയുക്ത നീക്കത്തിലാണ് പാക് ബോട്ട് പിടിച്ചത് . അജ്ഞാത ബോട്ട് കണ്ടതായി സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് നാവികസേനയുടെ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും കടലില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാക് ബോട്ട് കണ്ടെത്തി തടയാനായത്. ബോട്ടിലുണ്ടായിരുന്ന എട്ടുപേരും പാക്കിസ്ഥാനികളാണ്. ബോട്ട് പോര്‍ബന്തര്‍ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. 232 പായ്ക്കറ്റ് ഹെറോയിന്‍, സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയാണ് പിടിച്ചത്. ഗ്‌ളോബല്‍ പൊസിഷനിംഗ് സംവിധാനം( ജിപിഎസ്) ഉള്ള ബോട്ടായിരുന്നു. മൂന്നു കപ്പലുകളും ഡോര്‍ണിയര്‍, ഐഐ 38 വിമാനങ്ങള്‍, പി 81 വിമാനം തുടങ്ങിയവര്‍ തെരച്ചിലില്‍ പങ്കെടുത്തു. കോസ്റ്റ് ഗാര്‍ഡിന്റെ സംഗ്രാം എന്ന കപ്പലാണ് പാക് ബോട്ട് തടഞ്ഞത്. നേവിയുടെ ഐഎന്‍എസ് കൊണ്ടൂല്‍ പിന്തുണയേകി. മൂന്നുമാസം മുന്‍പാണ് സ്‌ഫോടകവസ്തുക്കളുമായി എത്തിയ പാക് ബോട്ട് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞതും തുടര്‍ന്ന് ബോട്ടിലുള്ളവര്‍ ബോംബുകള്‍ പൊട്ടിച്ച് ബോട്ട് തകര്‍ത്തതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.