ബിജു രമേശിന്റെ മൊഴി പുറത്ത്; മന്ത്രി ബാബുവിന് 10 കോടി നല്‍കി

Wednesday 22 April 2015 10:45 pm IST

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് അംഗങ്ങള്‍ക്ക് കോഴ നല്‍കിയതായി ബാറുടമ ബിജു രമേശ്. ബിജു കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്തായി. മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബിജു രമേശിന്റെ ആരോപണങ്ങള്‍. എക്‌സൈസ് മന്ത്രി കെ. ബാബുവിന് 10 കോടി രൂപ നല്‍കിയെന്ന വെളിപ്പെടുത്തലാണ് ഇതില്‍ പ്രധാനം. ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍നിന്ന് 23 ലക്ഷമായി കുറച്ചത് ഇതിനെത്തുടര്‍ന്നാണെന്നും രഹസ്യമൊഴിയില്‍ പറയുന്നു. അതേസമയം, രഹസ്യമൊഴി വിജിലന്‍സ് അന്വേഷണസംഘത്തിന് കോടതി കൈമാറിയിട്ടില്ല. കഴിഞ്ഞമാസം 30ന് വിജിലന്‍സിന്റെ പ്രത്യേക കോടതിയില്‍ ബിജു നല്‍കിയ 30 പേജുള്ള രഹസ്യമൊഴിയാണ് പുറത്തുവന്നത്. ബാറുടമ കൃഷ്ണദാസ് മുഖാന്തിരമായിരുന്നു കെ. ബാബു 10 കോടി കോഴവാങ്ങിയത്. ഇതിനുപുറമെ ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിനും ബാബു കോടികള്‍ കൈപ്പറ്റി. ഹൈക്കോടതിയിലെ ബാര്‍കേസ് അട്ടിമറിക്കാനും ശ്രമിച്ചു. ബാറുകാര്‍ക്ക് അനുകൂലവിധിയുണ്ടായാല്‍ അപ്പീല്‍ പോകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് മാണിക്കെതിരായ കേസില്‍ ബാറുടമകള്‍ മൊഴിമാറ്റിയതെന്നും ബിജു രമേശ് ആരോപിക്കുന്നു. മന്ത്രിക്ക് നല്‍കാനായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ച 10 കോടി ചില ഭാരവാഹികളാണ് പല സ്ഥലങ്ങളിലെത്തിച്ചത്. എന്നാല്‍ എവിടെ എപ്പോള്‍ പണം എത്തിച്ചുവെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നില്ല. ഇടനിലക്കാരനായ അബ്കാരി ബിനോയ് വഴി വൈന്‍, ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കാന്‍ ബാബു 15 ലക്ഷം മുതല്‍ 20 ലക്ഷംവരെ വാങ്ങി. മാണി ബാറുടമകളോട് അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ കൈമാറിയെന്നും ബിജു രഹസ്യമൊഴിയില്‍ ആവര്‍ത്തിച്ചു. 50 ലക്ഷം രൂപ പാലായിലെ വീട്ടില്‍വച്ചും 35 ലക്ഷം രൂപ തിരുവനന്തപുരത്ത് ഔദ്യോഗിക വാഹനത്തില്‍ വച്ചുമാണ് നല്‍കിയത്. മാണിക്കു കോഴ നല്‍കിയെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞതായും മൊഴിയിലുണ്ട്. ബാര്‍ ഉടമകളുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. മന്ത്രി വി.എസ്. ശിവകുമാറിനും ബാറുടമകള്‍ കോഴ നല്‍കി. മാണി ഒരുകോടി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ കൂടാതെ പണംനല്‍കിയതായി കെ. ബാബുവഴി മുഖ്യമന്ത്രിയെയും ധരിപ്പിച്ചതായും മൊഴിലുണ്ട്. ജോസ് കെ.മാണിയും പി.ജെ. ജോസഫും വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ബാറുടമകള്‍ പറയുന്ന ശബ്ദരേഖയും ബിജു കോടതിയില്‍ നല്‍കിയിട്ടുണ്ട്. മൊഴിപ്പകര്‍പ്പ് കോടതിയില്‍നിന്നും വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ശബ്ദരേഖയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കിനായി അപേക്ഷ നല്‍കിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.